ഞായറാഴ്ച ദിനങ്ങളിൽ സപ്ളിമെന്റിൽ വരുന്ന വിവാഹപരസ്യങ്ങൾ ഇരിങ്ങാലക്കുടക്കാരൻ പ്രത്യേകിച്ചു ശ്രദ്ധിക്കാറുണ്ട്. വിവാഹ പരസ്യം മാത്രമല്ല പൊതുവേ ഒരക്ഷരം പോലും വായിക്കാതെ വിടാറില്ല എന്നതാണ് സത്യം. ഓൺലൈൻ ലോകത്തും അങ്ങനെ തന്നെ. അമ്മക്ക് വരനെയന്വേഷിച്ച് മകൾ ട്വീറ്റ് ചെയ്തതുപോലുള്ള വാർത്തകളൊക്കെ വിടാതെ വായിക്കും. പിന്നെ ഈ വിവാഹ പരസ്യങ്ങളോടെന്താണിത്ര പ്രിയമെന്ന് ചോദിച്ചാൽ അത്യാവശ്യം ചിരിക്കാനുള്ളതും ചിന്തിക്കാനുള്ളതുമായ വഹകൾ അതിലുണ്ടാകും എന്നതു തന്നെ. ഉദാഹരണത്തിന് ഒട്ടുമിക്ക പെൺകുട്ടികളും സുന്ദരികളും, സൽസ്വഭാവികളുമായിരിക്കും. എന്നാൽ ആൺകുട്ടികൾ പൊതുവേ തങ്ങൾ സുന്ദരന്മാരാണെന്നും നല്ല സ്വഭാവത്തിനുടമകളാണെന്നും തന്റേടത്തോടെ പറയുന്നത് ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല.
പിന്നെ പുരോഗമനവാദക്കാരേയും, ഫ്യൂഡൽ പ്രഭുക്കളെയും തുടങ്ങി പുരാതന തറവാടികളെ വരെ വിവാഹ പരസ്യങ്ങളിൽ കാണാം. സംഭവം നാട്ടിലുള്ള കൂലി പണിക്കാരനും, പ്ളംബർക്കും, ഇലക്ട്രിഷ്യനും, സെയിൽസ്മാനും, വർക്ക്ഷോപ്പ് പണിക്കാരനും, ഡ്രൈവർക്കും എന്തിന് ഗൾഫ്കാർക്കു വരെ ഇപ്പോൾ പഴയ പോലെ പെണ്ണ് കിട്ടാത്തതുകൊണ്ട് വിവാഹ പരസ്യ സപ്ളിമെന്റിന്റെ പേജ് ഇടക്ക് എണ്ണം കൂടുന്നുണ്ട് എന്നതൊരു യാഥാർത്ഥ്യമാണ്. സൂപ്പർമാർക്കറ്റുകളിൽ സ്ലേറ്റിൽ ചോക്കു കൊണ്ട് കാരറ്റ് 34, വഴുതന 28, അമര പയർ 36 എന്നൊക്കെയെഴുതുന്ന പോലാണ് ഇന്ന് വിവാഹ കമ്പോളം. ഓൺലൈൻ മാട്രിമോണി സൈറ്റുകളിൽ ചെന്നാൽ മേൽത്തരം പട്ടികകൾ കാണാം.പക്ഷേ നല്ലതൊന്ന് ഇഷ്ടപ്പെട്ട് വാങ്ങാമെന്ന് കരുതിയാലോ? മുകളിൽ പറഞ്ഞ പോലെ ഡ്രൈവർക്കും, പ്ളംമ്പർ ഇത്യാദി കാറ്റഗറികൾക്ക് അവിടേയും മാർക്കറ്റ് വാല്യൂ ഇല്ല എന്നതാണ് യാഥാർത്ഥ്യം.
നാല് ദിവസം മുമ്പ് ഒരു യുവനടിയുടെ അഭിമുഖം കണ്ടിരുന്നു. ഭവതിക്ക് ലിവിങ്ങ് ടുഗെതറിനാണ് താൽപര്യമത്രേ. അതെന്ത് കുന്തമാണെന്നന്വേഷിച്ചപ്പോഴാണ് സംസ്ഥാന വനിതാ കമ്മീഷൻ ഈ കുന്ത്രാണ്ടം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണെന്ന് മനസ്സിലായത്.കാരണം ആണും പെണ്ണും കുറച്ചു നാൾ ഒന്നിച്ചു ജീവിക്കും അത് മടുക്കുമ്പോൾ അടുത്ത ലിവിങ്ങ് ടുഗതർ.പക്ഷേ ഇതിനിടയിൽ കിട്ടുന്ന പണികളും സാമ്പത്തിക വ്യവഹാരങ്ങളും ചെല്ലുന്നത് കമ്മീഷന്റെയടുത്തേക്കാണ്.നിയമപരമായി വിവാഹം കഴിക്കാത്തതു കൊണ്ട് അതുണ്ടാക്കുന്ന പൊല്ലാപ്പുകൾ വേറെയും. അപ്പോഴും മേൽ പറഞ്ഞ പ്ളംമ്പർ, ഡ്രൈവർ ഇത്യാദി സഹോദരങ്ങളോട് ആരെങ്കിലും ലിവിങ്ങ് ടുഗതറിന് വരുമോ? വന്നാൽ നാട്ടുകാരതിനെ ലിവിങ്ങ് ടുഗതർ എന്ന് തന്നെയാണോ വിളിക്കുക എന്ന കാര്യത്തിൽ യാതൊരു ഉറപ്പും പറയാനാവില്ല.
രണ്ട് ദിവസം മുമ്പ് ഒരു ചെറുപ്പക്കാരൻ ഓട്ടോ ഡ്രൈവർ ഭർത്താവ് മരിച്ച് 7 വയസ്സുള്ള പെൺകുട്ടിയുള്ള ഒരു യുവതിയെ വിവാഹം കഴിച്ച വാർത്ത കാസർഗോഡ് കളക്ടർ അദ്ദേഹത്തിന്റെ ഫേസ്ബുക്കിലിട്ടിരുന്നു. കാസർഗോഡ് ജില്ലയിൽ മാത്രം ഏതാണ്ട് അര ലക്ഷത്തോളം യുവതികളെങ്കിലും വിധവകളായുണ്ട് എന്ന കണക്ക് ആശ്ചര്യത്തോടെയാണ് ഇരിങ്ങാലക്കുടക്കാരൻ വായിച്ചത്.2011ലെ കാനേഷുമാരി പ്രകാരം മ്മടെ തൃശൂര് ജില്ലയിലെ സ്ത്രീ പുരുഷാനുപാതം എന്ന് പറയുന്നത് 1000 പുരുഷന്മാർക്ക് 1109 സ്ത്രീകളെന്നാണ്.അതായത് വിദ്യാസമ്പന്നരും, സൽസ്വഭാവികളും, സുന്ദരികളുമായ യുവതികൾക്കിപ്പോൾ സെലക്ഷന് കൂടുതൽ അവസരമുണ്ടെന്ന് ചുരുക്കം.
25 നും 35 നു മിടയിൽ പുര നിറഞ്ഞു നിൽക്കുന്ന ആൺമക്കളെ കുറിച്ചോർത്ത് ആകുലപ്പെടുന്ന ഒരു പാട് മാതാപിതാക്കളെ ഇരിങ്ങാലക്കുടക്കാരന് പരിചയമുണ്ട്. കണ്ട കഞ്ചാവിനും തല്ലു കൊള്ളിക്കും വരെ പെണ്ണു കിട്ടുന്നുണ്ട് എന്നിട്ടും എന്റെ മകന് ... എന്ന നിസ്സംഗതയോടെയുള്ള നെടുവീർപ്പുകളും കേട്ടിരിക്കുന്നു. സമൂഹത്തിൽ പണവും പ്രതാപവും, ഉയർന്ന ജോലിയുമുള്ളവർ മാത്രം കല്യാണം കഴിച്ചാൽ മതി എന്നുള്ള അവസ്ഥ അനൗദ്യോഗികമായെങ്കിലും നാട്ടുനടപ്പായി മാറുന്നുണ്ടോ എന്ന് ഇരിങ്ങാലക്കുടക്കാരൻ ആശങ്കപ്പെടുകയാണ്.മേൽ പറഞ്ഞ ഗുണഗണങ്ങൾ മാത്രം കണക്കിലെടുത്ത് വിവാഹിതരായ ഏറെ പേരെ കാണാവുന്ന ഒരു സ്ഥലമാണ് ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിലെ കുടുംബകോടതി എന്നുകൂടി ഓർമ്മിപ്പിക്കട്ടെ . ഒരു വിവാഹ പരസ്യം കൂടി പറഞ്ഞ് കൊണ്ട് ഈ ലേഖനമവസാനിപ്പിക്കുകയാണ്.
ഇതുവരെ കണ്ടതിൽ ആത്മാർത്ഥമായി തോന്നിയ ഒരു വിവാഹ പരസ്യമാണിത്.ഈ പരസ്യം കണ്ടത് ഇരിങ്ങാലക്കുട സെന്റ്.തോമാസ് കത്തീഡ്രലിന്റെ പ്രതിമാസ പ്രസിദ്ധീകരണമായ ദനഹാ ബുള്ളറ്റിനിലാണ്. അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും വരുന്ന അജ്ഞാതനായ ആ നാട്ടുകാരന് എത്രയും വേഗം ഒരു നല്ല കുടുംബ ജീവിതമുണ്ടാകട്ടെ എന്നാശംസിക്കുന്നു.
സ്നേഹത്തോടെ,
ഇരിങ്ങാലക്കുടക്കാരൻ ...
No comments:
Post a Comment