Wednesday, 20 November 2019

അടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കും ..

എത്രയോ തവണ വിവിധ വ്യക്തികളുടെ  ഘനഗാംഭീര്യ ശബ്ദത്തിൽ കൊല്ലാട്ടിയമ്പലത്തിൽ കേട്ടിരിക്കുന്ന വാചകമാണ് അടുത്ത ബെല്ലോടു കൂടി ... എന്ന നാടക മത്സരവേദിയിൽ നിന്നുള്ള ആ വാചകം. ഇന്നിതോർക്കാനുണ്ടായ കാര്യം ഠാണാവിൽ കണ്ട പുല്ലൂർ നാടക രാവിന്റെ ബാനറാണ്. കൺമുമ്പിൽ കുട്ടികൾ വളർന്നു വലുതാകുന്നു എന്ന് പറഞ്ഞ പോലെ പുല്ലൂർ ചമയം നാടക വേദിയുടെ ഈ സപര്യ 24 -ാം വർഷത്തിലേക്കെത്തിയിരിക്കുന്നു.

മിമിക്രിയും, ഗാനമേളകളും, സിനിമാറ്റിക് ഡാൻസും, സീരിയലുകളും, സിനിമകളും എന്തിന് ഇന്നത്തെ സോഷ്യൽ മീഡിയ ലോകത്തെ വെബ്ബ് സീരീസുകളെയുമൊക്കെ അതിജീവിച്ച് നാടകം എന്ന കലാരൂപത്തിന് ഇന്നും ഇരിങ്ങാലക്കുടയിൽ ആളുകൾ തടിച്ചുകൂടുന്നുണ്ടെങ്കിൽ അത്രത്തോളം ഈ കല ഇവിടുത്തെ ജനജീവിതത്തെ സ്വാധീനിച്ചിരുന്നു അല്ലെങ്കിൽ സ്വാധീനിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം.

വിശ്വനാഥപുരം ഷഷ്ഠിയോടനുബന്ധിച്ച് എല്ലാ വർഷവും നടക്കാറുള്ള അഖില കേരള പ്രൊഫഷണൽ നാടക മത്സരം, എച്ച്.ഡി.പി സമാജത്തിൽ പൂയാഘോഷങ്ങളുടെ ഭാഗമായുള്ള നാടക മത്സരം എന്നിവയുടെ കൂട്ടത്തിൽ കഴിഞ്ഞ 24 വർഷമായി പുല്ലൂർ ചമയം നാടക വേദിയും ഇരിങ്ങാലക്കുടയിലെ നാടക കമ്പക്കാർക്ക് വേദിയൊരുക്കുന്നു.

ഒരു കെട്ട് ന്യൂസ് പേപ്പറും, തലയിലൊരു കെട്ടും ടോർച്ചും  കുട്ട്യോളും കെട്ട്യോളുമായി സന്ധ്യ മാഞ്ഞ് തുടങ്ങുമ്പോൾ നാടകം കാണാൻ പോകുന്ന കുടുംബങ്ങൾ സ്ഥിരം കാഴ്ചയായിരുന്നു ചെറുപ്പത്തിൽ.നേരത്തേ പോയാൽ മുന്നിൽ സ്ഥാനം പിടിക്കാം എന്നതുകൊണ്ടുതന്നെ നാടകം തുടങ്ങുമ്പോഴേക്കും കൊല്ലാട്ടിയിലെ അമ്പലപറമ്പ് മുഴുവൻ ജനനിബിഡമായി കഴിഞ്ഞിരിക്കും. ന്യൂസ് പേപ്പറുകളായിരുന്നു അന്നത്തെ ഇരിപ്പിടങ്ങൾ. പിന്നീടത് ടാർപോളിൻ ഷീറ്റിലേക്കും കസേരകളിലേക്കും വഴിമാറി.

ഇന്നുമോർക്കുന്നു നാടകം കത്തികയറി കൊണ്ടിരിക്കേ പെട്ടെന്ന് വന്ന പെരും മഴ. ആളുകൾ മഴ നനയുന്നത് കണ്ട് നാടകം നിർത്തിവെച്ചപ്പോൾ മഴ ഞങ്ങൾ കൊണ്ടോളാം നാടകം തുടരട്ടെ എന്ന് പറഞ്ഞ കാണികളെ.ഇന്നത്തെ തലമുറക്ക് അത്ഭുതമായി തോന്നാം. എങ്കിലും പറയട്ടെ ആക്ഷനും കട്ടും എഡിറ്റിങ്ങും വി.എഫ്.എക്സും ഗ്രാഫിക്സുമൊന്നുമില്ലാതെ ആയിരകണക്കിനു വരുന്ന കാണികളുടെ മുന്നിൽ പച്ചയായ ജീവിതം അരങ്ങിലൂടെ ജീവിച്ച കേരളം കണ്ട പല മഹാന്മാരുടെയും അഭിനയ പാടവം ആസ്വദിക്കാനുള്ള മഹാഭാഗ്യം ഇരിങ്ങാലക്കുടക്കാർക്കുണ്ടായിട്ടുണ്ട്. ഇന്നുമുണ്ട്.

സെബാസ്റ്റ്യൻ ജോസഫ് ഭാഗവതർ, അദ്ദേഹത്തിന്റെ സഹോദരൻ സെബാസ്റ്റ്യൻ വർഗ്ഗീസ്, എം.എസ് നമ്പൂതിരി, ജോണൽ, ജോസ് പായമ്മൽ, കലാലയം രാധ, കാട്ടൂർ ബാലൻ, കുട്ട്യേടത്തി വിലാസിനി, ചന്ദ്രമോഹൻ, കോട്ടോളി ഡേവീസ് മാസ്റ്റർ, മണി എം മേനോൻ എന്ന് തുടങ്ങി നാടക രംഗത്തെ എണ്ണിയാലൊടുങ്ങാത്ത പ്രതിഭകൾക്ക് ജന്മം നൽകിയ നാടു കൂടിയാണ് ഇരിങ്ങാലക്കുട. ഇന്നും ചലച്ചിത്ര വേദികളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഇരിങ്ങാലക്കുടക്കാരും വന്ന വഴി നാടകം തന്നെ.

ദേശീയ പ്രക്ഷോഭവും അയിത്തോച്ചാടന സമരങ്ങളും സജീവമായി കത്തി നിന്നിരുന്ന സമയത്ത് ശക്തമായി സാമൂഹിക ചിന്താഗതികളെ സ്വാധീനിക്കുന്ന കലാരൂപമെന്ന നിലയിലാണ് മറ്റെവിടത്തെയും പോലെ നാടകവും നമ്മുടെ നാട്ടിൽ വേരുപിടിച്ചത്. കേരളം കണ്ട എല്ലാ നാടകങ്ങളും ഇരിങ്ങാലക്കുടയും കണ്ടിട്ടുണ്ട്. അത് കെ.പി.എ.സി യുടേതാണെങ്കിലും കലാനിലയത്തിന്റേതാണെങ്കിലും.ഇരിങ്ങാലക്കുടയുടെ നാടക വിശേഷങ്ങൾ ഇവിടംകൊണ്ടൊന്നും പറഞ്ഞാൽ തീരില്ല.അതിന് ആഴ്ചകളും മാസങ്ങളുമെടുത്തേക്കും അതിലുമധികം സമയം മൺമറഞ്ഞു പോയ പ്രതിഭകളെ കുറിച്ചറിയാനും വേണ്ടിവരും. എന്തായാലും നാടക വിശേഷങ്ങൾ തുടർന്നും പ്രതീക്ഷിക്കാം. 

24 വർഷമല്ല ആജീവനാന്തം ഇവിടെ നാടകം എന്ന കലാരൂപം നിലനിർത്തണമെന്ന ആത്മാർത്ഥമായ ആഗ്രഹത്തോടെ പ്രവർത്തിക്കുന്ന പുല്ലൂർ  ചമയം കലാവേദിക്കും ഒപ്പം തന്നെ അതേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എസ്.എൻ.വൈ.എസി നും എച്ച്.ഡി.പി സമാജത്തിനും ഒരു നാടക പ്രേമി എന്ന നിലയിൽ എല്ലാ വിധ ഭാവുകങ്ങളും വിജയാശംസകളും നേരുകയാണ്.

സംഘാടകർ ദയവായി വേദിക്കു പുറത്തുള്ള ലൈറ്റുകളണച്ച് ഞങ്ങളോട് സഹകരിക്കുക. അടുത്ത ബെല്ലോടു കൂടി .....

No comments:

Post a Comment