പതിവിലും വൈകിയാണന്ന് കടയടച്ചത്.വീട്ടിൽ പോകും വഴിയാണ് മ്മടെ വക്കീലിനെ കണ്ടത്. വക്കീലിനെ എവടെ വെച്ച് കണ്ടാലും കുറച്ച് നേരം സംസാരിച്ച് വിശേഷങ്ങൾ പങ്കു വെച്ചേ പിരിയാറുള്ളൂ. അങ്ങനെ സംസാരം തുടങ്ങി വിഷയം പ്രേതത്തിലേക്കായി. ഞാനിതുവരെ പ്രേതത്തെ കണ്ടിട്ടില്ല. വക്കീലാണെങ്കിൽ 2 പ്രാവശ്യം പ്രേതത്തെ കണ്ടു കഴിഞ്ഞിരിക്കുന്നു.
മ്മടെ മൂത്ത കാർന്നോരായ തോമാസേട്ടൻ തൊട്ട് ഞാൻ വരെ കാണാത്തതൊന്നും വിശ്വസിച്ച ചരിത്രമില്ലാത്തതു കൊണ്ട് വക്കീലിന്റെ കഥ കേൾക്കാൻ ഒരു ജിജ്ഞാസ ... :) .വക്കീൽ കഥ പറഞ്ഞു തുടങ്ങി ...
വക്കീൽ ചാലക്കുടീന്ന് ഇരിഞ്ഞാലൊട വരുന്നു കാറിൽ.നേരം പാതിര. ചെറിയ ചാറ്റൽ മഴയുമുണ്ട്. പോട്ട സുന്ദരിക്കവലയിൽ വെച്ച് ഒരു സ്ത്രീ ലിഫ്റ്റിനായി കൈകാണിച്ചു. പാതിരാത്രിക്ക് ഒറ്റക്കൊരു സ്ത്രീ ഹൈവേയിൽ ലിഫ്റ്റ് ചോദിക്കുന്നതിന്റ സാംഗത്യമറിയാവുന്നതുകൊണ്ട് വക്കീൽ വണ്ടിയുടെ സ്പീഡ് ഒന്നു കൂടെ കൂട്ടി. പാതിരാ സമയമായതുകൊണ്ട് റോഡിൽ വാഹനങ്ങളധികമില്ല. ഇരിങ്ങാലക്കുട റോഡിൽ പ്രത്യേകിച്ചും. പോട്ടയിൽ നിന്ന് തിരിഞ്ഞ് വണ്ടി വല്ലക്കുന്നും പിന്നിട്ട് തൊമ്മാന പാടത്തെത്തി. അപ്പോഴതാ പോട്ട സുന്ദരിക്കവലയിൽ വെച്ച് ലിഫ്റ്റ് ചോദിച്ച അതേ സ്ത്രീ തൊമ്മാന പാടത്തു നിന്നും ലിഫ്റ്റ് ചോദിക്കുന്നു. സുന്ദരിക്കവലയിൽ വെച്ച് ഈ സ്ത്രീയെ കണ്ടതിൽ പിന്നെ ഒരൊറ്റ വണ്ടിയും തന്നെ ഓവർ ടേക്ക് ചെയ്തിട്ടില്ലെന്ന് ഓർത്തെടുത്ത വക്കീലിന്റെ മനസ്സിലൊരു വെള്ളിടി വെട്ടി ...
No comments:
Post a Comment