ഇന്ത്യാ മഹാരാജ്യത്തിന്റെ അധികാര കേന്ദ്രങ്ങളിൽ തന്റെ കഴിവുകൾ കൊണ്ടും, ഉറച്ച നിലപാടുകൾകൊണ്ടും അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരായുള്ള കർശന നടപടികളിലൂടെയും ടി.എൻ ശേഷനെ പോലെ വ്യക്തിമുദ്ര ചാർത്തിയ ഉദ്യോഗസ്ഥർ വിരളമാണ്. ഏതാനും മണിക്കൂറുകൾ മുമ്പ് ആ ഇതിഹാസം നമ്മെ വിട്ടു പിരിഞ്ഞെങ്കിലും ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിൽ ടി.എൻ ശേഷൻ ഇനിയും ജീവിക്കും.
ടി.എൻ ശേഷനിലേക്ക് പറപ്പൂക്കര - രാപ്പാൾ വഴി ഒരു യാത്ര നടത്തുകയാണ് ഇരിങ്ങാലക്കുടക്കാരൻ.ആദ്യം നമുക്ക് വിഖ്യാത ശാസ്ത്രജ്ഞൻ ഡോ.ആർ.എസ് കൃഷ്ണനിൽ നിന്നും തുടങ്ങാം. നിങ്ങൾക്കെത്ര പേർക്ക് അദ്ദേഹത്തെ അറിയാമെന്ന് ഇരിങ്ങാലക്കുടക്കാരനറിയില്ല.എന്തായാലും കുറച്ച് വിശദമായി തന്നെ അദ്ദേഹത്തെ നിങ്ങൾക്കു പരിചയപ്പെടുത്താം.
1911ൽ തൃശ്ശൂർ ജില്ലയിലെ പറപ്പൂക്കരയിലാണ് ഡോ.ആർ.എസ് കൃഷ്ണൻ ജനിച്ചത്. തൃശ്ശിനാപ്പിള്ളി സെന്റ് ജോസഫ് കോളേജ്, മദ്രാസ് സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്നായി ബി.എസ്.സി ഓണേഴ്സ്, എം.എ. ബിരുദങ്ങൾ നേടി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഡോ.സി.വി.രാമനു കീഴിൽ പ്രകാശ പ്രകീർണനത്തെക്കുറിച്ചു നടത്തിയ ഗവേഷണത്തിന് ഡി.എസ്.സി ബിരുദം നേടി.
കോക്ക്റോഫ്റ്റിന്റെ കീഴിൽ അണുഭൗതികത്തിൽ ഗവേഷണം നടത്തിയതിന് പി.എച്ച്.ഡി. ലഭിച്ചു. 1941 മുതൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പ്രവർത്തിച്ചു. 1973 മുതൽ 77 വരെ കേരള സർവ്വകലാശാല വൈസ് ചാൻസലറായും പ്രവർത്തിക്കുകയുണ്ടായി.
ക്രിസ്റ്റൽ ഫിസിക്സിലാണ് ഡോ.ആർ. എസ്. കൃഷ്ണൻ ശ്രദ്ധേയമായ ഗവേഷണങ്ങൾ നടത്തിയത്. കൊളോയ്ഡുകളിലെ പ്രകാശ പ്രകീർണനത്തിൻറെ റസിപ്രോസിറ്റി തിയറമായ കൃഷ്ണൻ പ്രഭാവമാണ് (കൃഷ്ണൻ ഇഫക്ട്) അദ്ദേഹത്തിൻറെ കണ്ടുപിടിത്തങ്ങളിൽ പ്രധാനം. സി.വി.രാമൻ സെന്റിനറി മെഡൽ, ഇന്ത്യൻ ഇൻസ്റ്റ്റ്റ്യൂട്ട് ഓഫ് സയൻസ് പ്ലാറ്റിനം ജൂബിലി അവാർഡ് എന്നീ ബഹുമതികൾ ലഭിച്ചിട്ടുള്ള അദ്ദേഹം 1999 ൽ അന്തരിച്ചു.ഡോ.ആർ.എസ് കൃഷ്ണന്റെ മകളാണ് ജയലക്ഷ്മി.ടി.എൻ. ശേഷൻ ദിണ്ടിഗൽ സബ് കളക്ടറായിരുന്നപ്പോൾ 1959-ലായിരുന്നു ജയലക്ഷ്മിയുമായുള്ള വിവാഹം.
ജയലക്ഷ്മിയും ടി.എൻ ശേഷനുമായുള്ള വിവാഹത്തിലും ഒരു പ്രത്യേകതയുണ്ട്. ജാതകം ചേരില്ലെന്നറിഞ്ഞിട്ടും സന്താനങ്ങളുണ്ടാകില്ലെന്നു ജ്യോതിഷം പറഞ്ഞിട്ടും ടിഎൻ ശേഷനെ അതൊന്നും സ്വാധീനിച്ചില്ല. മരണം വിളിക്കും വരെ ജയലക്ഷ്മിയായിരുന്നു രാജ്യത്തെ വിറപ്പിച്ച മുൻ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രിയതമ. ''സത്യത്തിനു വേണ്ടിയാണെങ്കിൽ ആരെതിർത്താലും വേല പോയാലും ഭയമില്ല, ഭാര്യ പോയാലും ഭർത്താവിന് ഭയമില്ലെന്ന തിരിച്ചറിവുമായി ശേഷനൊപ്പം ജയലക്ഷ്മി താങ്ങും തണലുമായി നിന്നു. രാജ്യത്തെ തിരഞ്ഞെടുപ്പു ചട്ടത്തിൽ ഒട്ടേറെ പരിഷ്കാരങ്ങൾ നടപ്പിലാക്കിയ ടി.എൻ ശേഷന് ഭാര്യയുടെ മരണം തങ്ങാവുന്നതിലും അപ്പുറമായിരുന്നു.1958 ഡിസംബർ 30നു ബെംഗളൂരുവിൽ പെണ്ണുകാണൽ. അച്ഛനും ജ്യേഷ്ഠനും അദ്ദേഹത്തിന്റെ ഭാര്യയും മൂത്ത ചേച്ചിയും ശേഷനൊപ്പം കൂടെച്ചെന്നു. 10 മിനിറ്റ് സംസാരം. വൈകിട്ട് അഞ്ചിനു പെണ്ണുകണ്ടു, രാത്രി ഒൻപതോടെ 'ഇതു തന്നെ'എന്നുറപ്പിച്ചു.
അതിനു ശേഷം ജയലക്ഷ്മിയുടെ ജാതകം നോക്കി അതിൽ പോരാ എന്നെഴുതി ശേഷന്റെ പിതാവ് പാലക്കാട്ടു നിന്നും കുറിപ്പ് കൊടുത്തയച്ചിരുന്നു.എന്നാൽ ശേഷന്റെ 26ാം വയസ്സിൽ 1959 ഫെബ്രുവരി ഒൻപതിനു ജാതകത്തിലെ പ്രശ്നമൊന്നും കാര്യമാക്കാതെ ശേഷൻ ജയലക്ഷ്മിയെ മിന്നുചാർത്തി.അതിന് ശേഷം ഇവർ ഒരുമിച്ച് മാത്രമേ നീങ്ങിയുള്ളൂ.ടി.എൻ ശേഷൻ ജയലക്ഷ്മി ദമ്പതികൾക്ക് മക്കളില്ല.കഴിഞ്ഞവർഷം ജയലക്ഷ്മി ഇഹലോകവാസം വെടിഞ്ഞു. ഒരു വർഷത്തിനിപ്പുറം ടി.എൻ ശേഷനും.
ടി.എൻ ശേഷൻ - ജയലക്ഷ്മി - ഡോ.ആർ.എസ് കൃഷ്ണൻ എന്നിവരുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികളോടെ,
ഇരിങ്ങാലക്കുടക്കാരൻ ...
No comments:
Post a Comment