Thursday, 7 November 2019

നോട്ടു നിരോധനവും ഇരിങ്ങാലക്കുടയും ...

ഇന്നാണ് മഹത്തായ ആ പ്രഖ്യാപനത്തിന്റെ മൂന്നാം വാർഷികം. അതായത് പഴയ 500, 1000 കറൻസികൾ അന്തരിച്ചതിന്റെ മൂന്നാം വാർഷികം. നോട്ട് നിരോധനം പരാജയമാണോ, മണ്ടത്തരമാണോ അതോ വേറെ വല്ല ലക്ഷ്യങ്ങൾ അതിനു പിന്നിലുണ്ടായിരുന്നോ എന്നൊന്നും പറയാൻ ഇരിങ്ങാലക്കുടക്കാരൻ ആളല്ല. എന്തായാലും കഴിഞ്ഞ മൂന്ന് വർഷം ഇരിങ്ങാലക്കുടയിലെന്തു സംഭവിച്ചു എന്നൊരു നിരീക്ഷണമാണ് ഈ പോസ്റ്റ്. ആധികാരികം എന്ന് അവകാശപ്പെടുന്നില്ല. കണ്ട കാര്യങ്ങൾ പങ്കുവെക്കുന്നുവെന്ന് മാത്രം. വിലയിരുത്തേണ്ടത് നിങ്ങളാണ്.

മൂന്ന് വർഷം മുൻപത്തെ ചരിത്ര പ്രഖ്യാപനത്തിന്റെ പിറ്റേ ദിവസം തന്നെ കയ്യിലുണ്ടായിരുന്ന അന്തരിച്ച നോട്ടുകൾ മാറിയെടുക്കാൻ ഇരിങ്ങാലക്കുടക്കാരനും ബാങ്കിൽ പോയിരുന്നു. മ്മടെ നടയിലെ എസ്.ബി.ടി യിൽ. യാതൊരു മുന്നൊരുക്കങ്ങളോ തയ്യാറെടുപ്പുകളോ ഇല്ലാതെ നടപ്പാക്കിയ തീരുമാനത്തിന്റെ എല്ലാ പാളിച്ചകളും അന്ന് വരിയിൽ നിന്നപ്പോൾ തന്നെ മനസ്സിലായി.പിന്നീടുള്ള ഒന്ന് രണ്ടാഴ്ചകൾ അക്ഷരാർത്ഥത്തിൽ നോട്ട് മാറിയെടുക്കുന്നതിനുള്ള ഓട്ടത്തിലായിരുന്നു ഒട്ടുമിക്ക ഇരിങ്ങാലക്കുടക്കാരും.

ഇരിങ്ങാലക്കുടയുടെ സാമ്പത്തിക രംഗത്തിനൊരു പ്രത്യേകതയുണ്ട്. പുറമേക്ക് ആർഭാടം കാണിക്കുന്നവരേക്കാൾ കൂടുതൽ പുറമേക്ക് ആർഭാടം കാണിക്കാത്ത പൂത്ത പണക്കാരുള്ള സ്ഥലമാണ്. അത് കൃത്യമായി ബാങ്കിംഗ് രംഗത്തുള്ളവർക്കറിയാം. തൃശൂരിൽ ഹെഡ് ഓഫീസുള്ള നാഷണൽ പുതുതലമുറ, അന്താരാഷ്ട്ര ബാങ്കുകളുടേയും, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടേയും ബ്രാഞ്ച് ഇരിങ്ങാലക്കുടയിലുള്ളത് അതു കൊണ്ടാണ്. ഇരിങ്ങാലക്കുടയിലെ ബാങ്ക് ലോക്കറുകളിലിരിക്കുന്നതിന്റെ എത്രയോ മടങ്ങ് സ്വർണ്ണം സ്വകാര്യ ശേഖരങ്ങളായി ഓരോ കുടുംബത്തും കാണും എന്ന് ഊഹിച്ചാൽ തന്നെ ഇരിങ്ങാലക്കുടക്കാരുടെ സാമ്പത്തിക നിലവാരത്തെ പറ്റി ഏകദേശ ധാരണ ലഭിക്കും. എന്തായാലും നമുക്ക് നമ്മുടെ വിഷയത്തിലേക്കു വരാം.

നോട്ട് നിരോധനത്തിനു ശേഷം ഏറ്റവുമധികം ഇരിങ്ങാലക്കുടയിൽ പൂട്ടി പോയ ഒരു വ്യാപാര മേഖലയെന്ന് പറയുന്നത് ഹോട്ടൽ ബിസിനസ്സാണ്. ഇരിങ്ങാലക്കുട നഗരത്തിലും നിയോജക മണ്ഡലത്തിലുമായി അമ്പതിലധികം ഹോട്ടലുകളാണ് പൂട്ടിപോവുകയോ കൈമാറ്റം ചെയ്യുകയോ ഉണ്ടായിട്ടുള്ളത്. ഇതൊരു വസ്തുതയാണ്. ഹോട്ടൽ മേഖല മാത്രമല്ല, കൺസ്ട്രക്ഷൻ മേഖലയും കൂപ്പുകുത്തി.കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഇരിങ്ങാലക്കുടയിലും പരിസരത്തും എത്ര പുതിയ കെട്ടിടങ്ങൾ വന്നു എന്ന് ചുറ്റും കണ്ണോടിച്ചാൽ തന്നെ നിങ്ങൾക്കത് മനസ്സിലാകും. റിയൽ എസ്റ്റേറ്റ് മേഖല രണ്ടാമതും അനങ്ങി തുടങ്ങിയിട്ടുണ്ട്. പക്ഷേ നോട്ട് നിരോധനത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് എത്തണമെങ്കിൽ ഇനിയും സമയമെടുക്കും എന്നാണ് മനസ്സിലാക്കാനാവുന്നത്.

ഇരിങ്ങാലക്കുട ആധുനിക ഫിഷ് മാർക്കറ്റിൽ 5 സ്റ്റാളുണ്ടായിരുന്നത് ഒന്നായി മാറി. ഓട്ടോ, ടാക്സി മേഖലയിൽ വർഷങ്ങളായി പണിയെടുത്തിരുന്നവർ പലരും വേറെ ഉപജീവനമാർഗ്ഗങ്ങളിലേക്ക് തിരിഞ്ഞു. തെരുവോര കച്ചവടങ്ങൾ വർദ്ധിച്ചു.വർദ്ധനവിന് കാരണം ഒരർത്ഥത്തിൽ സാമ്പത്തിക ശോഷണം തന്നെ. പകൽ ഒരു ജോലി ചെയ്യുകയും സന്ധ്യ മുതൽ രാത്രി വരെ ഒറ്റക്കോ, പങ്കാളിത്തത്തിലോ എന്തെങ്കിലും കച്ചവടം ചെയ്യുന്നവരുടെ എണ്ണമിന്ന് കൂടുതലാണ്.സ്ത്രീകൾ പലരും വീട്ടമ്മ എന്ന നിലയിൽ നിന്ന് കൂടുതലായി തൊഴിൽ രംഗങ്ങളിലേക്കു വരുന്നു.ഒരാളുടെ വരുമാനം കൊണ്ട് കുടുംബം പുലർത്തുക സാധ്യമല്ല എന്ന തിരിച്ചറിവ് പൊതുവേ  വന്നിരിക്കുന്നു. അതിന്റെ പ്രതിഫലനമാകാം കഴിഞ്ഞ മൂന്ന് വർഷത്തിൽ ഇരിങ്ങാലക്കുടയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണത്തിലും കുറവ് കാണുന്നുണ്ട്.

നോട്ട് നിരോധനത്തിനു ശേഷമുണ്ടായ രണ്ട് പ്രളയങ്ങളും, മാപ്രാണം ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ടി.എൻ.ടി കുറി കമ്പനി മേഖലയിലെ സാധാരണക്കാരുടെ കുറേ പണം കവർന്ന് പോയതും ജനങ്ങൾക്ക്  കൂനിന്മേൽ കുരുവായി മാറി. അതൊഴിച്ച് കാര്യമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാലും ഇൻഡസ് ഇൻഡ് പോലുള്ള അന്താരാഷ്ട്ര ബാങ്ക് പോലുള്ള സ്ഥാപനങ്ങൾ ഇരിങ്ങാലക്കുടയിൽ വരുന്നതു കൊണ്ടും ഇരിങ്ങാലക്കുടക്കാർ അതിജീവനത്തിന്റെ പാതയിലാണെന്ന് പറയേണ്ടി വരും. അതിജീവിക്കാതെ നിർവ്വാഹമില്ലല്ലോ ....

1 comment: