Friday, 15 November 2019

നാട് വീണ്ടും നടുങ്ങാതിരിക്കാൻ സാങ്കേതികതയെ ചേർത്തു പിടിക്കാം ...

കൂനൻ പോൾസേട്ടനെ അറിയാത്ത ഇരിങ്ങാലക്കുടക്കാർ വിരളമായിരിക്കും. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഓർമ്മകളുമായി ഒറ്റക്ക് കഴിയുകയായിരുന്നു പോൾസൻ ചേട്ടന്റെ ഭാര്യ ആലീസ്. ഏക മകൻ വിദേശത്ത് പെൺമക്കളെല്ലാം വിവാഹിതർ.ഇന്നലെ ആലീസ് ചേച്ചിയുടെ മരണവാർത്തയറിഞ്ഞ് നാട് ഞെട്ടി. അതൊരു കൊലപാതകമാണെന്നറിഞ്ഞപ്പോൾ ഭീതിയും.

ആദ്യമായല്ല ഇരിങ്ങാലക്കുടയിൽ ഇതുപോലുള്ള ക്രൂരകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.2007 ലെ പൊറത്തിശ്ശേരി മറിയം കൊലക്കേസ്, 2011 ലെ തുമ്പൂർ കൊച്ചു പോൾ വധക്കേസ് എല്ലാം സമാന രീതിയിലുള്ളതായിരുന്നു എന്ന് പറയാം. ഈയെല്ലാ സംഭവത്തിലും കൊല്ലപ്പെട്ടത് വൃദ്ധജനങ്ങളാണ്. എല്ലാവരും മക്കൾ വിദേശങ്ങളിലോ വീട്ടിലില്ലാതെയോ ഒറ്റക്ക് താമസിച്ചിരുന്നവർ. എല്ലാം സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കുന്നതിന് വേണ്ടി നടത്തിയ ക്രൂരമായ കൊലപാതകങ്ങൾ.

മറിയം കൊല കേസിൽ പ്രതി റിപ്പർ സുരേന്ദ്രനേയും, കൊച്ചു പോൾ വധക്കേസിൽ അടുത്ത ബന്ധുവിനേയും പോലീസ് അറസ്റ്റ് ചെയ്തു. അവരിപ്പോൾ ശിക്ഷയനുഭവിച്ചു വരുന്നു, ഈ രണ്ടു കേസുകൾ നടക്കുമ്പോഴും നാട്ടിൽ സി.സി.ടി.വി എന്ന സാങ്കേതിക വിദ്യ പ്രചാരം നേടിയിരുന്നില്ല. എന്നാൽ ഇന്ന് സ്ഥാപനങ്ങളിലും അത്യാവശ്യം വീടുകളിലും സി.സി.ടി.വി കൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഈയടുത്ത് നടന്ന മാപ്രാണം വർണ കൊലപാതക കേസും സി.സി.ടി.വി യിൽ പതിഞ്ഞിരുന്നു. ഇപ്പോൾ നടന്ന ആലീസ് വധക്കേസിലും നിർണ്ണായകമായ തെളിവുകൾ ലഭിക്കാൻ സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി കളിൽ നിന്നും സാധിക്കട്ടെ എന്ന് ഇരിങ്ങാലക്കുടക്കാരൻ ആഗ്രഹിക്കുന്നു.

ഇന്നത്തെ കാലത്ത് എല്ലാ മാതാ പിതാക്കളും മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നു. ഉന്നത വിദ്യാഭ്യാസം നേടിയ എല്ലാവർക്കുമുള്ള തൊഴിലവസരങ്ങൾ നമ്മുടെ നാട്ടിൽ ലഭ്യമല്ലാത്തതു കൊണ്ടും, നാട്ടിലെ സാമ്പത്തിക അവസ്ഥ കണക്കിലെടുത്ത് മെച്ചപ്പെട്ട ജീവിതവും സാമ്പത്തിക ഭദ്രതയും കണക്കാക്കി വിദേശത്തേക്ക് പോകുന്ന മക്കൾ ഇന്ന് സാധാരണമാണ്. മിക്ക വീടുകളിലും അറുപത് പിന്നിട്ട ദമ്പതികൾ ഒറ്റക്കു തന്നെയാണിന്നു കഴിയുന്നത്.ടെക്നോളജി സാധാരണക്കാരനു പോലും പ്രാപ്യമായ ഈ കാലഘട്ടത്തിൽ എല്ലാവരോടും ഇരിങ്ങാലക്കുടക്കാരന് പറയാനുള്ളത് നിങ്ങളുടെ വീടുകളിൽ സി.സി.ടി.വി പോലുള്ള നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഇനിയും അമാന്തിക്കരുത്.

കൊല്ലാൻ തുനിഞ്ഞിറങ്ങി വരുന്നവനെ തടയാൻ അതു കൊണ്ടായി എന്ന് വരില്ല. പക്ഷേ അത്തരം നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒരു പക്ഷേ നിങ്ങൾക്ക് മുൻകരുതലുകൾ സ്വീകരിക്കാനും, കുറ്റവാളികളെ പിടികൂടുന്നതിന് നിയമപാലകരെ സഹായിക്കുന്നതിനും അതു പകരിക്കും.

അനുബന്ധമായി ഒരു സംഭവം കൂടി ഓർമ്മിപ്പിക്കുന്നു. കണ്ഠേശ്വരത്ത് സ്വർണ്ണം തട്ടിയെടുക്കുന്നതിന് വേണ്ടി നടന്ന കൊലപാതകം നടന്നത് 1 വർഷം മുമ്പാണ്. കൊല്ലപ്പെട്ടതും കൊലപാതകിയും അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. കേരളത്തിൽ നടന്ന പല സമാന സംഭവങ്ങളിലും പ്രതികൾ അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. തിരിച്ചറിയൽ രേഖ പോലീസിൽ ഏൽപ്പിക്കണമെന്നൊക്കെ നിയമമുണ്ടെങ്കിലും അത് പാലിക്കപ്പെടാറില്ല എന്നത് വസ്തുതയാണ്. നാട്ടുകാരെ കിട്ടാനില്ല, കിട്ടിയാൽ തന്നെ ഭയങ്കര കൂലിയും എന്നതാണ് അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുന്നവർ സ്ഥിരം പറയുന്ന വാചകം. ആയിക്കോട്ടെ നിങ്ങൾക്കിഷ്ടമുള്ളവരെ വെച്ച് നിങ്ങൾ പണിയെടുപ്പിച്ചോളൂ. പക്ഷേ ഉറപ്പു വരുത്തുക അന്യസംസ്ഥാന തൊഴിലാളി നിയമാനുസൃതം തിരിച്ചറിയൽ രേഖയുള്ളവനാണെന്നും, അത് ബോധ്യപ്പെടുത്തിയിട്ടുള്ളതാണെന്നും.

മേൽ പറഞ്ഞ കാര്യങ്ങളിൽ നിങ്ങൾ ഉദാസീനത പുലർത്തിയാൽ ഇനിയും വർഷങ്ങളുടെ ഇടവേളയിൽ നാട് നടുങ്ങും. ഒരു പക്ഷേ ആരും കാണാതെ പിടഞ്ഞ് തീരുന്നത് എനിക്കോ നിങ്ങൾക്കോ ജന്മം നൽകി കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ നമ്മുടെ മാതാപിതാക്കളായിരിക്കും. അങ്ങനെയൊരവസ്ഥ ആർക്കും സംഭവിക്കാതിരിക്കട്ടെ. പോൾസൻ ചേട്ടന്റെ കുടുംബത്തിന്റെ ദുഖത്തിൽ ആത്മാർത്ഥമായി പങ്കു ചേരുന്നു.ആലീസ് ചേച്ചിക്ക് ആദരരാഞ്ജലികളർപ്പിക്കുന്നു. കുറ്റവാളിയെ എത്രയും പെട്ടെന്ന് പിടികൂടാൻ ഇരിങ്ങാലക്കുട പോലീസിന് കഴിയട്ടെ എന്നുമാശംസിച്ചു കൊണ്ട് ...

ഇരിങ്ങാലക്കുടക്കാരൻ ...

No comments:

Post a Comment