മറ്റു സ്ഥലങ്ങളിൽ നിന്നും വ്യത്യസ്ഥമായി രണ്ടു പള്ളികൾ അതും അടുത്തടുത്ത് ഇരിങ്ങാലക്കുടയിൽ എങ്ങനെയുണ്ടായി എന്നതിന്റെ ഒരു ആഖ്യാനം ചരിത്രത്തിൽ നിന്നും.....
1027 വർഷത്തോളം പഴക്കമുള്ള മാപ്രാണം പള്ളിയായിരുന്നു നമ്മുടെ ഭാഗത്തുണ്ടായിരുന്ന ആദ്യത്തെ പള്ളി.നൂറ്റാണ്ടുകൾക്കു മുൻപ് കൊടുങ്ങല്ലൂരിൽ നിന്നും മറ്റു സമീപ പ്രദേശങ്ങളിൽ നിന്നും കൃഷിക്കും,വ്യാപാര ആവശ്യങ്ങൾക്കുമായി കുടിയേറിയവരാണ് ഇരിങ്ങാലക്കുടയിലെ ക്രൈസ്തവരുടെ മുൻതലമുറ.ക്രൈസ്തവ കുടുംബങ്ങളുടെ എണ്ണം ഇവിടെ കൂടിയപ്പോൾ സ്വന്തമായി ഒരു പള്ളി വേണമെന്നവർക്ക് തോന്നി.മാപ്രാണം പള്ളി വികാരിയുടെ ഉപദേശപ്രകാരം അധികാരസ്ഥാനങ്ങളിലേക്ക് പുതിയ പള്ളി പണിയാനുള്ള അനുമതിക്കായി അവർ അപേക്ഷകളയച്ചു.
കോമ്പാറക്കുന്നത്ത്(ഇന്നത്തെ പള്ളിയിരിക്കുന്ന സ്ഥലം)പള്ളി പണിയാനാനുള്ള അനുമതിക്കു അപേക്ഷിച്ച അവർക്ക് പക്ഷെ അനുവാദം കിട്ടിയത് മങ്ങാടി കുന്നത്ത് പണിയാനായിരുന്നു.
കാര്യ സാധ്യത്തിനു വേണ്ടി വീണ്ടും നിവേദനം സമർപ്പിച്ചു.1845-ൽ ദിവാൻ ശങ്കര വാര്യർ നേരിട്ട് അന്വേഷണം നടത്തി.അദ്ധേഹത്തിന്റെ ശുപാർശ പ്രകാരം മഹാരാജാവ് രാമവർമ്മ തമ്പുരാൻ കോമ്പാറ കുന്നത്തോ,മങ്ങാടി കുന്നത്തോ ദേവാലയം പണിയാൻ അനുവാദം നല്കി.ഇതിനും ആക്ഷേപമുണ്ടായി.അന്നത്തെ റെസിടെണ്ടായിരുന്ന മേജർ ജനറൽ കല്ലൻ സായിപ്പ് വന്നു സ്ഥല പരിശോധന നടത്തി ഇപ്പോൾ പള്ളി സ്ഥിതി ചെയ്യുന്നതിന്റെ അല്പം പടിഞ്ഞാറ് മാറി തന്റെ കയ്യിലുണ്ടായിരുന്ന വടിയൂന്നി പള്ളിക്ക് സ്ഥാനം നിശ്ച്ചയിചൂവത്രേ.
പള്ളിപ്പണി പെട്ടെന്ന് നടന്നു.ഓലയും,മുളയും ഉപയോഗിച്ച് കിഴക്ക് പടിഞ്ഞാറായി കെട്ടിമേഞ്ഞ ഒരു കുതിരപന്തി നെടുമ്പുര,ചുറ്റും പനമ്പ് കൊണ്ട് മറച്ചു .കാറ്റും വെളിച്ചവും കടക്കുവാൻ പഴുതുകളിട്ടു. നെടുംപുരയുടെ പടിഞ്ഞാറ് ഭാഗത്ത് സാമാന്യം വലിയൊരു പഴുത്.അതിനു പനമ്പ് കൊണ്ട് തന്നെ വാതിൽ.അതാണ് ആന വാതിൽ.അകത്തു കിഴക്ക് ഭാഗത്ത് മരം കൊണ്ടുള്ള നീളൻ മേശ.ചാണകം മെഴുകിയ അൾത്താര.ഇങ്ങനെയായിരുന്നു പള്ളിയുടെ ആദ്യ രൂപം.
ഇവിടുത്തെ കുറ്റികാടുകളിൽ വിഷ പാമ്പുകൾ ധാരളമുണ്ടായിരുന്നു.അതിൽ നിന്നും രക്ഷപെടുവാൻ സെന്റ്.ജോർജ്ജിന്റെ പേര് പള്ളിക്കിടണമെന്ന വിശ്വാസികളുടെ ആവശ്യം അംഗീകരിച്ചു.മാപ്രാണം പള്ളി വികാരി വെഞ്ചരിപ്പ് നടത്തി.സുറിയാനി റീത്തിൽ ദിവ്യ ബലിയർപ്പിച്ചു.1858-ൽ വി.ഗീവർഗ്ഗീസ്സിന്റെ പേരിൽ ഒരു ദർശന സഭ സ്ഥാപിച്ചു.
ദർശന സഭയുടെ ഉത്തരവാദിത്വത്തിൽ ആഴ്ച കുറികളും,മാസകുറികളും നടത്തി കുറച്ചു പണം ശേഖരിച്ചു.വർദ്ധിച്ച ജനസംഖ്യക്കനുസരിച്ചു പള്ളിയൊന്നു പുതുക്കി പണിയാൻ തീരുമാനിച്ചു.സ്ഥാനം ഇപ്പോഴത്തേത് തന്നെ കിഴക്കോട്ടു കുറച്ചു നീട്ടിയെടുത്തു.അതിനനുസരിച്ച് വീതിയും കൂട്ടി.പനമ്പ് മറയ്ക്കു പകരം മണ്ണ് ചവിട്ടി കുഴച്ചു ചുവരുണ്ടാക്കി.കെട്ടിമേച്ചിൽ ഓല തന്നെ.പണക്കാർ ധന സഹായം ചെയ്തു.പാവപ്പെട്ടവർ തങ്ങളുടെ അധ്വാനം കാഴ്ച വെച്ചു.അങ്ങനെ പള്ളിയുടെ രണ്ടാം ഘട്ടം പണി പൂർത്തിയായി.
ഇതിനിടയിൽ വിശ്വാസപരമായ കാരണങ്ങളാൽ(മേലൂസ് ശീശ്മ)ഇവിടുത്തെ ക്രൈസ്തവർ രണ്ടായി തിരിഞ്ഞു.മേലൂസ് മെത്രാനെ അംഗീകരിക്കുന്നവരും,അല്ലാത്തവരും.മേലൂസിനെ പിന്തുണക്കുന്നവർക്കായിരുന്നു ഭൂരിപക്ഷം.അവരുടെ അധീനതയിലായിരുന്നു സെന്റ്.ജോർജ്ജ് പള്ളി.അന്നത്തെ സെന്റ്.ജോർജ്ജ് പള്ളി ഇന്നത്തെ സെന്റ്.തോമസ് കത്തീഡ്രൽ ആയതിന്റെ ചരിത്രം പറയുന്നതിന് മുൻപ് നിത്യരാധന കേന്ദ്രത്തിന്റെ(സെന്റ് മേരീസ് പള്ളി അഥവാ കിഴക്കേ പള്ളി)അല്പം ചരിത്രം കൂടി പരാമർശിക്കാതിരിക്കുന്നതെങ്ങനെ..
മേലൂസിനെ എതിർത്ത ന്യൂന പക്ഷം തൊട്ടടുത്ത പറമ്പിൽ ഇന്ന് സ്തംഭം നിൽക്കുന്നതിന്റെ മുന്നിലായി പനമ്പ് കൊണ്ട് മറച്ച ഒരു ഓല ഷെഡുണ്ടാക്കി അതിൽ പ്രാർത്ഥനയും മറ്റും നടത്തി.വരാപ്പുഴ മെത്രാപോലീത്തയുടെ എല്ലാ വിധ സഹായവും അവർക്കുണ്ടായിരുന്നു.വെള്ളാനിക്കാരൻ ബഹു.യോഹന്നാൻ കത്തനാരായിരുന്നു ഇവർക്ക് നേതൃത്വം നല്കിയിരുന്നത്.ഈ ഓല ഷെഡാണ് ഇന്ന് കാണുന്ന സെന്റ്.മേരീസ്(കിഴക്കേ പള്ളി)പള്ളിയായി ഉയർന്നത്.
1880 അവസാനത്തോടെ അന്ന് നാട് വാണിരുന്ന രാമ വർമ്മ തമ്പുരാൻ സ്ഥിരമായി പള്ളി നിർമ്മിക്കാനുള്ള അനുമതി നല്കി.ഔദ്യോഗികാനുവാദം ലഭിച്ചപ്പോൾ പഴയ ഓല ഷെഡ് മാറ്റി പള്ളി പുതുക്കി പണിതു.1881 ഫെബ്രുവരി 9-ആം തിയതി മാപ്രാണം പള്ളി വികാരി ബഹു.ചിറ്റിലപ്പിള്ളി പൌലോസ് കത്തനാർ സെന്റ്.മേരീസ്(കിഴക്കേ പള്ളി)പള്ളിയുടെ വെഞ്ചരിപ്പ് കർമ്മം നടത്തി.ബഹു.യോഹന്നാൻ കത്തനാർ ദിവ്യബലി അർപ്പിച്ചു.യേശുവിനെ തറച്ച കുരിശിന്റെ അൽപ ഭാഗമടങ്ങിയ അത്യപൂർവ്വമായ തിരുശേഷിപ്പ് അന്ന് വരാപ്പുഴ മെത്രാപോലീത്തയായിരുന്ന മാർ.സ്ലീനോസ് തിരുമേനി സെന്റ്.മേരീസ് പള്ളിക്ക് ദാനമായി നൽകിയെന്നത് പിതാവിന് പള്ളിയോടുണ്ടായിരുന്ന സ്നേഹ വാൽസല്ല്യത്തിനു ഉത്തമ തെളിവാണ്.
അന്ന് സെമിത്തേരി സ്തംഭം നിൽക്കുന്നതിന്റെ തെക്ക് ഭാഗത്തായിരുന്നു.അടുത്ത കാലം വരെ നവംബർ 2 ആം തിയ്യതി കിഴക്കേ സെമിത്തേരി വെന്ജെരിപ്പ് നടത്തുമ്പോൾ കാരണവന്മാർ അച്ഛനെ ഈ ഭാഗത്ത് കൊണ്ട് വന്നു ഹന്നാൻ വെള്ളം തെളിപ്പിക്കുമായിരുന്നു.
പുതുക്കി പണിത സെന്റ്.മേരീസ് പള്ളിയുടെ ഉദ്ഘാടനം 1920 നവംബർ 3 ആം തിയ്യതി മാർപാപ്പയുടെ പ്രതിനിധി പീറ്റർ പിസാനി നിർവ്വഹിച്ചു.പള്ളി പണിക്കു പ്രധാനമായും നേതൃത്വം നല്കിയത് ബഹു.വയലാട്ടു ഗീവർഗ്ഗീസച്ചനും,പുളിക്കൻ എബ്രഹാം അച്ചനുമായിരുന്നു.ഗോതിക് ശില്പ കലയിലാണ് പള്ളി പണിതിരിക്കുന്നത്.
1936-ൽ ഒരു സ്ഥാപനത്തിന്റെ വകയായി പണിയിച്ച തിരു ഹൃദയ സ്തംഭത്തിന്റെ തിരുന്നാൾ നവംബർ അവസാനത്തെ ഞായറാഴ്ച ഗംഭീരമായി ആഘോഷിച്ചിരുന്നു.അഞ്ചോ, ആറോ ജോഡി അലങ്കരിച്ച കാളകളെ പൂട്ടിയിട്ടുള്ള നകാര വണ്ടി,ഈന്ത പട്ട കരങ്ങളിലെന്തി ക്രിസ്തു രാജന് ജയ് വിളിച്ചു ആയിരകണക്കിനാളുകൾ. ഘോഷയാത്രയ്ക്ക് ശേഷം തിരു ഹൃദയ സ്തംബതിനു മുന്നിലെ വേദിയിൽ ദിവ്യ ബലി,അതിനു ശേഷം കരിമരുന്നു പ്രയോഗം.പിൽക്കാലത്ത് ഘോഷ യാത്ര നിറുത്തൽ ചെയ്തു.മറ്റു ചടങ്ങുകളെല്ലാം ഭംഗിയായി ഇന്നും നടന്നു വരുന്നു.
1882 ൽ അന്ത്യോക്യ പാത്രിയർക്കീസ് മേലൂസ് മെത്രാനെ മടക്കി വിളിച്ചു.മേലൂസ് റോമാ മാർപാപ്പയാൽ അയക്കപെട്ട മെത്രാനല്ലെന്നും ശീശ്മയാണെന്നും മനസ്സിലാക്കിയ ഉടനെ സെന്റ്.ജോർജ്ജ് ഇടവക ജനം കുറ്റമേറ്റു പറഞ്ഞു.മാതൃ സഭയിലേക്ക് പിന്തിരിഞ്ഞു.വരാപ്പുഴ മെത്രാപോലീത്തയുമായി ഐക്യപെട്ടു.എങ്കിലും സെന്റ്.മേരീസ് പള്ളി അതേപടി നിലനിൽക്കുകയാണ് ചെയ്തത്.രണ്ടു ഇടവക,രണ്ടു വികാരിമാർ പക്ഷെ രണ്ടു കൂട്ടർക്കും പൊതുവായി ഒറ്റ തിരുന്നാൾ-പിണ്ടിപെരുന്നാൾ ...
ഇന്ന് കിഴക്കേ പള്ളി രൂപതയുടെ നിത്യരാധന കേന്ദ്രമായും രണ്ടു പള്ളികൾ സംയോജിച്ച് സെന്റ്.തോമസ് കത്തീഡ്രലിനു കീഴിൽ ഒരു ഇടവകയായും പ്രവർത്തിക്കുന്നു...
No comments:
Post a Comment