Wednesday, 20 November 2019

അടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കും ..

എത്രയോ തവണ വിവിധ വ്യക്തികളുടെ  ഘനഗാംഭീര്യ ശബ്ദത്തിൽ കൊല്ലാട്ടിയമ്പലത്തിൽ കേട്ടിരിക്കുന്ന വാചകമാണ് അടുത്ത ബെല്ലോടു കൂടി ... എന്ന നാടക മത്സരവേദിയിൽ നിന്നുള്ള ആ വാചകം. ഇന്നിതോർക്കാനുണ്ടായ കാര്യം ഠാണാവിൽ കണ്ട പുല്ലൂർ നാടക രാവിന്റെ ബാനറാണ്. കൺമുമ്പിൽ കുട്ടികൾ വളർന്നു വലുതാകുന്നു എന്ന് പറഞ്ഞ പോലെ പുല്ലൂർ ചമയം നാടക വേദിയുടെ ഈ സപര്യ 24 -ാം വർഷത്തിലേക്കെത്തിയിരിക്കുന്നു.

മിമിക്രിയും, ഗാനമേളകളും, സിനിമാറ്റിക് ഡാൻസും, സീരിയലുകളും, സിനിമകളും എന്തിന് ഇന്നത്തെ സോഷ്യൽ മീഡിയ ലോകത്തെ വെബ്ബ് സീരീസുകളെയുമൊക്കെ അതിജീവിച്ച് നാടകം എന്ന കലാരൂപത്തിന് ഇന്നും ഇരിങ്ങാലക്കുടയിൽ ആളുകൾ തടിച്ചുകൂടുന്നുണ്ടെങ്കിൽ അത്രത്തോളം ഈ കല ഇവിടുത്തെ ജനജീവിതത്തെ സ്വാധീനിച്ചിരുന്നു അല്ലെങ്കിൽ സ്വാധീനിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം.

വിശ്വനാഥപുരം ഷഷ്ഠിയോടനുബന്ധിച്ച് എല്ലാ വർഷവും നടക്കാറുള്ള അഖില കേരള പ്രൊഫഷണൽ നാടക മത്സരം, എച്ച്.ഡി.പി സമാജത്തിൽ പൂയാഘോഷങ്ങളുടെ ഭാഗമായുള്ള നാടക മത്സരം എന്നിവയുടെ കൂട്ടത്തിൽ കഴിഞ്ഞ 24 വർഷമായി പുല്ലൂർ ചമയം നാടക വേദിയും ഇരിങ്ങാലക്കുടയിലെ നാടക കമ്പക്കാർക്ക് വേദിയൊരുക്കുന്നു.

ഒരു കെട്ട് ന്യൂസ് പേപ്പറും, തലയിലൊരു കെട്ടും ടോർച്ചും  കുട്ട്യോളും കെട്ട്യോളുമായി സന്ധ്യ മാഞ്ഞ് തുടങ്ങുമ്പോൾ നാടകം കാണാൻ പോകുന്ന കുടുംബങ്ങൾ സ്ഥിരം കാഴ്ചയായിരുന്നു ചെറുപ്പത്തിൽ.നേരത്തേ പോയാൽ മുന്നിൽ സ്ഥാനം പിടിക്കാം എന്നതുകൊണ്ടുതന്നെ നാടകം തുടങ്ങുമ്പോഴേക്കും കൊല്ലാട്ടിയിലെ അമ്പലപറമ്പ് മുഴുവൻ ജനനിബിഡമായി കഴിഞ്ഞിരിക്കും. ന്യൂസ് പേപ്പറുകളായിരുന്നു അന്നത്തെ ഇരിപ്പിടങ്ങൾ. പിന്നീടത് ടാർപോളിൻ ഷീറ്റിലേക്കും കസേരകളിലേക്കും വഴിമാറി.

ഇന്നുമോർക്കുന്നു നാടകം കത്തികയറി കൊണ്ടിരിക്കേ പെട്ടെന്ന് വന്ന പെരും മഴ. ആളുകൾ മഴ നനയുന്നത് കണ്ട് നാടകം നിർത്തിവെച്ചപ്പോൾ മഴ ഞങ്ങൾ കൊണ്ടോളാം നാടകം തുടരട്ടെ എന്ന് പറഞ്ഞ കാണികളെ.ഇന്നത്തെ തലമുറക്ക് അത്ഭുതമായി തോന്നാം. എങ്കിലും പറയട്ടെ ആക്ഷനും കട്ടും എഡിറ്റിങ്ങും വി.എഫ്.എക്സും ഗ്രാഫിക്സുമൊന്നുമില്ലാതെ ആയിരകണക്കിനു വരുന്ന കാണികളുടെ മുന്നിൽ പച്ചയായ ജീവിതം അരങ്ങിലൂടെ ജീവിച്ച കേരളം കണ്ട പല മഹാന്മാരുടെയും അഭിനയ പാടവം ആസ്വദിക്കാനുള്ള മഹാഭാഗ്യം ഇരിങ്ങാലക്കുടക്കാർക്കുണ്ടായിട്ടുണ്ട്. ഇന്നുമുണ്ട്.

സെബാസ്റ്റ്യൻ ജോസഫ് ഭാഗവതർ, അദ്ദേഹത്തിന്റെ സഹോദരൻ സെബാസ്റ്റ്യൻ വർഗ്ഗീസ്, എം.എസ് നമ്പൂതിരി, ജോണൽ, ജോസ് പായമ്മൽ, കലാലയം രാധ, കാട്ടൂർ ബാലൻ, കുട്ട്യേടത്തി വിലാസിനി, ചന്ദ്രമോഹൻ, കോട്ടോളി ഡേവീസ് മാസ്റ്റർ, മണി എം മേനോൻ എന്ന് തുടങ്ങി നാടക രംഗത്തെ എണ്ണിയാലൊടുങ്ങാത്ത പ്രതിഭകൾക്ക് ജന്മം നൽകിയ നാടു കൂടിയാണ് ഇരിങ്ങാലക്കുട. ഇന്നും ചലച്ചിത്ര വേദികളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഇരിങ്ങാലക്കുടക്കാരും വന്ന വഴി നാടകം തന്നെ.

ദേശീയ പ്രക്ഷോഭവും അയിത്തോച്ചാടന സമരങ്ങളും സജീവമായി കത്തി നിന്നിരുന്ന സമയത്ത് ശക്തമായി സാമൂഹിക ചിന്താഗതികളെ സ്വാധീനിക്കുന്ന കലാരൂപമെന്ന നിലയിലാണ് മറ്റെവിടത്തെയും പോലെ നാടകവും നമ്മുടെ നാട്ടിൽ വേരുപിടിച്ചത്. കേരളം കണ്ട എല്ലാ നാടകങ്ങളും ഇരിങ്ങാലക്കുടയും കണ്ടിട്ടുണ്ട്. അത് കെ.പി.എ.സി യുടേതാണെങ്കിലും കലാനിലയത്തിന്റേതാണെങ്കിലും.ഇരിങ്ങാലക്കുടയുടെ നാടക വിശേഷങ്ങൾ ഇവിടംകൊണ്ടൊന്നും പറഞ്ഞാൽ തീരില്ല.അതിന് ആഴ്ചകളും മാസങ്ങളുമെടുത്തേക്കും അതിലുമധികം സമയം മൺമറഞ്ഞു പോയ പ്രതിഭകളെ കുറിച്ചറിയാനും വേണ്ടിവരും. എന്തായാലും നാടക വിശേഷങ്ങൾ തുടർന്നും പ്രതീക്ഷിക്കാം. 

24 വർഷമല്ല ആജീവനാന്തം ഇവിടെ നാടകം എന്ന കലാരൂപം നിലനിർത്തണമെന്ന ആത്മാർത്ഥമായ ആഗ്രഹത്തോടെ പ്രവർത്തിക്കുന്ന പുല്ലൂർ  ചമയം കലാവേദിക്കും ഒപ്പം തന്നെ അതേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എസ്.എൻ.വൈ.എസി നും എച്ച്.ഡി.പി സമാജത്തിനും ഒരു നാടക പ്രേമി എന്ന നിലയിൽ എല്ലാ വിധ ഭാവുകങ്ങളും വിജയാശംസകളും നേരുകയാണ്.

സംഘാടകർ ദയവായി വേദിക്കു പുറത്തുള്ള ലൈറ്റുകളണച്ച് ഞങ്ങളോട് സഹകരിക്കുക. അടുത്ത ബെല്ലോടു കൂടി .....

Tuesday, 19 November 2019

ഈ നിശബ്ദ വിപ്ളവം ലക്ഷ്യം കാണും ... ഉറപ്പ്

ശിശുദിനത്തിന്റെയന്ന് അതായത് വെറും നാല് ദിവസങ്ങൾക്കു മുമ്പാണ് വിദ്യാലയം പ്രതിഭകളിലേക്ക് എന്നൊരു വേറിട്ടതും നൂതനവുമായ ആശയം കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കിയത്. അതിന്റെ അനുരണനങ്ങൾ നമ്മുടെ ഇരിങ്ങാലക്കുടയിലും നല്ല മികച്ച രീതിയിൽ തന്നെ പ്രകടമാകുന്നുണ്ട്.ഒരു മനുഷ്യന്റെ വിദ്യാഭ്യാസ കാലഘട്ടത്തിനു ശേഷം എന്താണോ അയാളിൽ അവശേഷിച്ചിട്ടുള്ളത് അതാണ് അയാൾക്കു ലഭിച്ചിട്ടുള്ള ശരിയായ വിദ്യാഭ്യാസം എന്നാണ് മഹാനായ സോക്രട്ടീസ് പറഞ്ഞ് വെച്ചിട്ടുള്ളത്.ഇന്നത്തെ കുട്ടികൾ ഉറപ്പായും അവരുടെ വിദ്യാഭ്യാസ കാലഘട്ടത്തിനു ശേഷം നാട്ടിലെ പ്രതിഭകളെ കണ്ടതും അവരുടെ അനുഭവങ്ങൾ നേരിട്ടു കേട്ടതും അവർ പകർന്നു കൊടുത്ത മൂല്യങ്ങളും മറക്കില്ല എന്നതു തന്നെയാണ് ഈ പരിപാടിയുടെ വിജയവും നന്മയും.

എന്തായാലും ഈ പരിപാടിയുടെ വെളിച്ചത്തിൽ കേരളത്തിലേയും സർവ്വോപരി ഇരിങ്ങാലക്കുടക്കാരന്റെ തട്ടകമായ ഇരിങ്ങാലക്കുടയിലേയും വിദ്യാഭ്യാസ രംഗത്തെ പറ്റി ഒരു അപഗ്രഥനം നടത്തുകയാണ് ഈ ബ്ളോഗിലൂടെ. ബ്ളോഗ് നിങ്ങൾ മുഴുവനും വായിക്കണം, യോജിപ്പുകളും വിയോജിപ്പുകളും തുറന്നു പറയുകയും വേണം. ആശയപരവും ആരോഗ്യപരവുമായ സംവാദങ്ങൾ സമൂപത്തിൽ നല്ല ചലനങ്ങളും മാറ്റങ്ങളും ഉൾകാഴ്ചയും സൃഷ്ടിക്കാൻ അതുപകരിക്കും എന്നാണ് ഇരിങ്ങാലക്കുടക്കാരന്റെ പക്ഷം.

കഴിഞ്ഞ നൂറ്റാണ്ടിനു മുന്നേ തന്നെ നമ്മുടെ നാട്ടിൽ പേരുകേട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ പിറവിയെടുത്തിരുന്നു.സർക്കാർ തലത്തിലും, സ്വകാര്യ മാനേജ്മെന്റുകളുടെ നേതൃത്വത്തിലും ഇരിങ്ങാലക്കുടയിലെ തലമുറകൾക്ക് വിദ്യാഭ്യാസത്തിന്റെയും, മൂല്യങ്ങളുടെയും കാര്യത്തിൽ ഒട്ടേറെ ഉന്നതിയിലേക്കെത്താനായിട്ടുണ്ട് എന്നത് വസ്തുതയാണ് യാഥാർത്ഥ്യവുമാണ്. എന്നാൽ ഇന്നിന്റെ ചരിത്രം പറഞ്ഞു തുടങ്ങേണ്ടതിന് ഒരു 25 വർഷം പുറകിലോട്ട് നമുക്ക് സഞ്ചരിക്കേണ്ടതുണ്ട്. എങ്കിലേ ഇന്നത്തെ മാറ്റം പ്രകടമായ രീതിയിൽ നമുക്കുൾകൊള്ളാനാകൂ.

ഒരു വീട്ടിൽ അഞ്ചും പത്തും മക്കളുള്ള അവസ്ഥയിലും ഇരിങ്ങാലക്കുടയിലെ സർക്കാർ വിദ്യാലയങ്ങൾ അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമായിരുന്നു.എന്നാൽ ഒന്നും രണ്ടും കുട്ടികളടങ്ങിയ അണുകുടുംബങ്ങളുടെ ഇക്കാലത്ത് കഴിഞ്ഞ 25 വർഷങ്ങൾക്കിടയിൽ അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തിയില്ലാത്ത വിധം സർക്കാർ വിദ്യാലയങ്ങൾ അധപതിച്ചതെങ്ങനെ? കൂണുപോലെ ന്യൂ ജെൻ സ്കൂളുകൾ ഇവിടെ മുളച്ചുപൊന്തിയതെങ്ങനെ?

കേരള മോഡൽ എന്നൊരു വാക്കിന് ദേശീയ തലത്തിലും അന്തർ ദേശീയ തലത്തിലും പ്രചാരം ലഭിക്കുമ്പോൾ അതിൽ മുൻപന്തിയിലുണ്ടായിരുന്ന നേട്ടങ്ങളിലൊന്നായിരുന്നു കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗം.പ്രൈമറി വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നോർവ്വെ, സ്വീഡൻ പോലുള്ള ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങൾക്ക് സമാനമായ സൂചികകൾ കേരളം അന്ന് കൈവരിച്ചിരുന്നു.ഇങ്ങനെയുള്ള ഒരവസ്ഥയിലാണ് 1994 ൽ ഡി.പി.ഇ.പി ( ജില്ലാ പ്രൈമറി വിദ്യാഭ്യാസ പരിപാടി ) എന്നൊരു പരീക്ഷണത്തിന് കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗം കുളം തോണ്ടാനായി തുറന്നു കൊടുത്തത്.

ഡി.പി.ഇ.പി ഏഴു വർഷ പ്രൊജക്റ്റായിരുന്നു. അതിനു ശേഷം വീണ്ടും അതിന്റെ പലവകഭേദങ്ങൾ വന്നു. എന്തായാലും ഡി.പി.ഇ.പി നടപ്പാക്കി ഇരുപത് വർഷങ്ങൾക്കു ശേഷം അതേ പറ്റി നടത്തിയ വിവിധ സർവ്വേ റിപ്പോർട്ടുകൾ പറയും ഡി.പി.ഇ.പി എങ്ങനെയാണ് നമ്മുടെ പൊതു വിദ്യാഭ്യാസത്തിന്റെ നിലവാരം തകർത്തതെന്ന്.

2014 ൽ എസ്.എസ്.എ യും( സർവ്വ ശിക്ഷാ അഭിയാൻ) എൻ.സി.ഇ.ആർ.ടി( National Council of Educational Research and Training)യും ചേർന്ന് നടത്തിയ നാഷണൽ അച്ചീവ്മെന്റ് സർവ്വെയിൽ കേരളം മൂന്നാം ക്ളാസിലെ ഗുണനത്തിന്റെ കാര്യത്തിൽ 25-ാം സ്ഥാനത്തായിരുന്നു. ‘ഗുണനപ്പട്ടിക പഠിക്കേണ്ടതില്ല, ‘അത് ജീവിത സന്ദർഭങ്ങളിൽ നിന്ന് കുട്ടി പഠിക്കും” എന്ന് സിദ്ധാന്തിച്ചതിന്റെ ഫലം. ഹരണത്തിൽ കേരളത്തിന് 21-ാം സ്ഥാനം.

വ്യവകലനത്തിൽ( സബ്ട്രാക്ഷൻ) ഒന്നാംസ്ഥാനത്ത് കർണ്ണാടകം. കേരളം 17-ാം സ്ഥാനത്ത്.നാഷണൽ അച്ചീവ്മെന്റ് സർവ്വെ 2012 ൽ കേരളത്തിലെ അഞ്ചാം ക്ലാസിലെ കുട്ടികളുടെ സർവ്വെ ഫലവും വ്യത്യസ്തമല്ല .ഗണിതം,ഭാഷ, എൻവയൺമെന്റൽ സയൻസ് എന്നിവയിലാണ് സർവ്വെ നടത്തിയത്.

ഭാഷയുടെ കാര്യത്തിൽ വായനയിൽ ഒന്നാം സ്ഥാനം ഉത്തർപ്രദേശിനായിരുന്നു.500ൽ 282 സേ്കാർ ആണ് യു.പി നേടിയത്. കേരളം തമിഴ്നാടിനും പുറകിലായി. ഗണിതത്തിൽ 298 സേ്കാറുമായി യു പി തന്നെയായിരുന്നു മുന്നിൽ.279 സ്കോറുമായി തമിഴ്നാട് രണ്ടാം സ്ഥാനത്തും .കേരളത്തിന് കിട്ടിയത് 244.

ഇത്രയുമായപ്പോഴേക്കും കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗം തകർന്നു തരിപ്പണമായി കഴിഞ്ഞിരുന്നു.പല സർക്കാർ സ്കൂളുകളും പൂട്ടി. എല്ലാവരും പത്തും പന്ത്രണ്ടും ജയിക്കും. അവിടുന്നങ്ങോട്ടുള്ള മത്സര പരീക്ഷകളിലും അഖിലേന്ത്യാ എൻട്രൻസ് / സിവിൽ സർവ്വീസ് പരീക്ഷകളിലും നമ്മുടെ കുട്ടികൾ പുറന്തള്ളപ്പെടുന്ന അവസ്ഥ.ഈയവസ്ഥ മുന്നേ കൂട്ടി പ്രവചിച്ചവരുണ്ട്, ഡി.പി.ഇ.പി ക്കെതിരെ നിരന്തരം പ്രതിഷേധിച്ചവരുണ്ട്. പക്ഷേ പലർക്കും ഉൾകാഴ്ചവരാൻ ഇത്രയും വർഷങ്ങൾ വേണ്ടിവന്നു.

അക്കാദമിക്ക് ജൈവികതയും (Academic Vibrancy), വിശാലരാഷ്ട്രീയ വീക്ഷണവും (Political Vision) ബൌദ്ധിക സത്യസന്ധതയും (Intellectual Honesty) ഒത്തിണങ്ങിയ ഒരക്കാദമിക്ക് സമൂഹത്തിന് മാത്രമേ വിദ്യാഭ്യാസമേഖലയില്‍ കാലം ആവശ്യപ്പെടുന്ന പരിവര്‍ത്തനം വരുത്താന്‍ കഴിയൂ.ഭാഗ്യവശാൽ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന് മേൽപറഞ്ഞ ഗുണഗണങ്ങളുണ്ട് എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു നിശബ്ദ വിപ്ളവം തന്നെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് നടന്നുകൊണ്ടിരിക്കുയാണ്.

2017 ജനുവരി 27നാണ് നവകേരള മിഷനിലുൾപ്പെടുത്തി കൊണ്ട് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് തുടക്കമായത്.ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും ഓരോ ക്ലാസിലും കൈവരിക്കേണ്ട ശേഷികളും ധാരണകളും നേടി അന്തർദേശീയ നിലവാരത്തിൽ സ്കൂൾ പഠനം പൂർത്തിയാക്കുന്നതിനുള്ള സംവിധാനം വരുന്ന അഞ്ച് വർഷത്തിനകം പൊതുവിദ്യാലയങ്ങളിൽ ഉറപ്പു വരുത്തുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. തദ്ദേശസ്ഥാപനങ്ങൾ, പൂർവ്വവിദ്യാർത്ഥി സംഘടനകൾ, പി.ടി.എകൾ, പ്രവാസികൾ, കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടുകൾ എന്നിവയൊക്കെ സമന്വയിപ്പിച്ച് വിദ്യാഭ്യാസ നവീകരണ പ്രവർത്തനങ്ങൾക്ക് അധിക മൂലധനം സമാഹരിച്ചു.

പദ്ധതി മൂന്നാം വർഷത്തിലേക്കു കടക്കുമ്പോൾ മുഴുവൻ സ്കൂളുകളിലും ഹൈടെക് ക്ലാസ് റൂം എന്ന ചരിത്രനേട്ടത്തിനരികിലാണ് ഇന്ന് സംസ്ഥാനം.ഇത് കൂടാതെ കേരളത്തിലെ പ്രൈമറി സ്കൂളുകളിൽ ഹൈടെക് ലാബുകൾ നിർമ്മിക്കുന്ന പദ്ധതിക്കും തുടക്കം കുറിച്ചു. 9941 പ്രൈമറി - അപ്പർ പ്രൈമറി സ്കൂളുകളിലാണ് ഹൈടെക് ലാബുകൾ നിർമ്മിക്കുന്നത്. കിഫ് ബി ഫണ്ട് ഉപയോഗിച്ചാണ് ഹൈടെക് ക്ലാസ് റൂം പദ്ധതി നടപ്പിലാക്കുന്നത് . 292 കോടി രൂപ പദ്ധതിക്കായി കിഫ് ബിയിൽ നിന്നും ഇതിനായി മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്.

പൊതു വിദ്യാഭ്യാസ രംഗത്ത് ഉന്നത വിദ്യാഭ്യാസ രംഗത്തും പ്രകടമാണ്.ഈ വർഷം പതിനേഴോളം വിദ്യാർത്ഥികളാണ് ഐ.എ.എസ് നേടിയത്. അതിൽ ആദിവാസി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥിയും ഉണ്ടായിരുന്നു എന്നതാണ് പുതിയ മാറ്റത്തിന്റെ ഏറ്റവും വലിയ തെളിവ്.കൂടാതെ അഖിലേന്ത്യ തലത്തിൽ നടത്തപ്പെടുന്ന നീറ്റ് എൻട്രൻസ് പരീക്ഷയിൽ 72,000 ത്തിൽ പരം വിദ്യാർത്ഥികളാണ് കേരളത്തിൽ നിന്നും യോഗ്യത നേടിയത്. വരും വർഷങ്ങളിൽ ഇതിലും മികച്ച പുരോഗതി കരസ്ഥമാക്കാനുള്ള പദ്ധതികളും ആവിഷ്ക്കരിച്ചു നടപ്പാക്കി വരുന്നു.

ഇന്ന് നമ്മുടെ നാട്ടിലെ സർക്കാർ വിദ്യാലയങ്ങളെല്ലാം തന്നെ മികച്ച കെട്ടിടങ്ങളും, ഭൗതിക സാഹചര്യങ്ങളാലും സമ്പന്നമാണ്. അന്തർദേശീയ നിലവാരത്തിൽ നടവരമ്പ് സ്കൂൾ നിർമ്മാണം പുരോഗമിക്കുന്നു. മാടായികോണം ചാത്തൻ മാസ്റ്റർ സ്കൂളിലും പുതിയ കെട്ടിടം നിർമ്മാണം പുരോഗമിക്കുകയാണ്. പതിയെ പതിയെ സർക്കാർ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിലും പ്രകടമായ പുരോഗതി ദൃശ്യമാകുന്നുണ്ട്. സൗജന്യ പുസ്തകം, സൗജന്യ യൂണിഫോം, സൗജന്യ യാത്ര, സൗജന്യ ഭക്ഷണം, അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ, അധ്യയനം ഇത്രയും സർക്കാർ വിദ്യാർത്ഥികൾക്കു വേണ്ടി ചെയ്യുമ്പോൾ നമ്മളെന്തിന് ആ മാറ്റത്തോട് പുറംതിരിഞ്ഞു നിൽക്കണം? ആ നേട്ടങ്ങളെ അഭിനന്ദിക്കാൻ വിമുഖത കാണിക്കണം? ഈ കേരള മോഡൽ ക്ളിക്കായില്ലെങ്കിൽ പിന്നെയെന്ത് ക്ളിക്കാവാനാണ്. നല്ലതിനെ പ്രോത്സാഹിപ്പിക്കാം. നല്ലതിനൊപ്പം നിൽക്കാം.

സ്നേഹത്തോടെ,

ഇരിങ്ങാലക്കുടക്കാരൻ ...








Sunday, 17 November 2019

കബർ വിശാലമായില്ലെങ്കിലും സംസ്കരിക്കാനാകണം ...



മരിച്ചവരെ കുറിച്ചുള്ള വാർത്തകളിൽ സ്ഥിരം വരുന്ന ആവർത്തന കമന്റുകളാണ് RIP, ആദരാഞ്ജലികൾ, പ്രണാമം, പിന്നെ പാപങ്ങൾ പൊറുത്ത് കബർ വിശാലമാക്കണേ നാഥാ എന്ന് തുടങ്ങിയവ.

രണ്ട് ദിവസം മുമ്പ് ഇരിങ്ങാലക്കുട സെന്റ്.തോമാസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ നടന്ന മൃതദേഹ സംസ്കാരമാണ് ഈ ബ്ളോഗിനാധാരം. പൊതുവേ അമ്പലം, പള്ളി, മസ്ജിദ് എന്നിവടങ്ങളിൽ നിന്നുള്ള നെഗറ്റീവ്  വാർത്തകൾ മാധ്യമങ്ങൾ രണ്ട് വട്ടമാലോചിച്ചേ കൊടുക്കൂ.അതവരുടെയിഷ്ടം, അവരുടെ നിലപാട്.

എന്തായാലും കണ്ട കാര്യങ്ങൾ പറയുന്നതിൽ അതാരായാലും എവിടെയായാലും അത് പറയുന്നതിൽ ഇരിങ്ങാലക്കുടക്കാരനൊരു മടിയുമില്ല മാത്രവുമല്ല മടിയിൽ കനവുമില്ല.

ലക്ഷങ്ങൾ പണം കൊടുത്തു വാങ്ങിയ കല്ലറയിൽ മൃതദേഹം സംസ്ക്കരിക്കുന്നതിനുള്ള ശുശ്രൂഷകളെല്ലാം പൂർത്തിയാക്കി ശവമഞ്ചം കുഴിയിലേക്കിറക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ശവമഞ്ചം കുഴിയിലേക്കിറക്കാനാവശ്യമായ വീതി കല്ലറക്കില്ലായിരുന്നു.

തുടർന്ന് മണിക്കൂറുകളോളം കഷ്ടപ്പെട്ട് ഉളിയും, കമ്പി പാരയുമൊക്കെയുപയോഗിച്ച് കല്ലറയുടെ വശങ്ങൾ ഇടിച്ചു പൊളിച്ചാണ് ശവമഞ്ചം കുഴിയിലേക്കിറക്കാനായത്. ഇത്തരത്തിൽ ഈ സെമിത്തേരിയിൽ നടക്കുന്ന ആദ്യ സംഭവമല്ല ഇത്. ഈ പ്രശ്നങ്ങളെല്ലാം നടക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ട ഒരാൾ പോലും ഈ പ്രശ്നത്തിലിടപ്പെടാൻ വന്നില്ല എന്നതാണിതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്.

ആരാധനാലയമാണെങ്കിലും കല്ലറ പണം വാങ്ങിയാണ് വിൽക്കുന്നതെങ്കിൽ അത് വ്യാപാരമാണ്. വ്യാപാരമാകുമ്പോൾ അതിൽ പുലർത്തേണ്ട മാന്യത വിൽക്കുന്നവർ ഉറപ്പു നൽകേണ്ടതുണ്ട്. അല്ലാത്തിടത്തോളം അത്തരം പ്രവൃത്തികൾ സമൂഹത്തിൽ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.ഭക്തിയുമായും, വിശ്വാസവുമായും അതിനെ കൂട്ടികുഴക്കേണ്ടതില്ല. ഇനിയും ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സെന്റ്.തോമാസ് കത്തീഡ്രൽ അധികൃതർ നടപടികൾ തീർച്ചയായും സ്വീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് .....

ഇരിങ്ങാലക്കുടക്കാരൻ ...

Friday, 15 November 2019

ജീവിക്കാൻ 28000 രൂപ ഒരു ദിവസം ചെലവാക്കാൻ സാധിക്കാത്തവർ മാത്രം ഈ പോസ്റ്റ് വായിക്കുക ...

ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ  ടവോബാവോയില്‍ 2015ൽ ആ പരസ്യം പ്രത്യക്ഷപ്പെട്ടപ്പോൾ അതു കണ്ട് ചിരിച്ചവരുടെ കൂട്ടത്തിൽ ഇരിങ്ങാലക്കുടക്കാരനുമുണ്ടായിരുന്നു.എന്തായിരുന്നു പരസ്യം എന്നല്ലേ?വായു മലിനീകരണം കൊണ്ട് മനുഷ്യജീവിതം ദുരിതത്തിലായ ചൈനീസ് നഗരവാസികൾക്കായി 28 ഡോളറിന് ഒരു കുപ്പി ഓക്സിജൻ എന്ന നിരക്കിൽ വിൽപ്പനക്ക് വെച്ച പരസ്യമായിരുന്നുവത്.

കനേഡിയൻ കമ്പനിയായ വൈറ്റാലിറ്റി എയര്‍ കാനഡയിലെ ബാന്‍ഫ്, ലേക് ലൂയിസ് മേഖലകളിലെ മലനിരകളില്‍നിന്നും  ശേഖരിച്ചു കുപ്പിയിലാക്കിയ ശുദ്ധവായു കുപ്പികള്‍ വിപണിയിലെത്തിച്ച് ആദ്യ ദിവസം തന്നെ ഇറക്കിയ 500 കുപ്പികളും വിറ്റു തീർന്നതിനെ തുടർന്ന്  700 കുപ്പികള്‍ വീണ്ടുമിറക്കിയ വാർത്ത വായിച്ച് അത്ഭുതപ്പെട്ടിട്ടുമുണ്ട്.

ഇന്ന് എന്റെ രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം കൊണ്ട് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി ഓക്സിജൻ ബാറുകൾ ആരംഭിച്ചിരിക്കുന്നു.15 മിനുട്ട് ശ്വസിക്കാൻ 299 രൂപ.1 മണിക്കൂറിന്  1196 രൂപ.ഒരു ദിവസത്തേക്ക്  28704 രൂപ .... !!!

ചൈന ദൂരെയാണ്. ഡൽഹി ചൈനയുടെയത്രേം ദൂരം വരില്ല. നാളെ മുംബൈയാകാം, ചെന്നൈയാകാം പിന്നത് കൊച്ചിയും തൃശൂരുമൊന്നുമാകാൻ വലിയ സമയം ആവശ്യമില്ല. ബംഗാൾ ഉൾക്കടലിലൊക്കെ രൂപപ്പെടുന്ന ന്യൂനമർദ്ധം പറഞ്ഞ സമയം കൊണ്ട് കേരള തീരത്തെത്തുന്ന പോലെ. ഒരു ദിവസം ഒരാൾക്കു വേണ്ടി 28000 മുടക്കാൻ ശേഷിയില്ലാത്തവരാണ് ഞാനടക്കം ഇത് വായിക്കുന്ന നിങ്ങളും. പക്ഷേ എനിക്കും നിങ്ങൾക്കും സാധിക്കുന്ന ഒന്നുണ്ട്. ജീവിതകാലം മുഴുവനും കോടികണക്കിന് രൂപയുടെ ഓക്സിജൻ സൗജന്യമായി നമുക്കെത്തിച്ചു തരുന്ന ഓക്സിജൻ ഫാക്റ്ററികൾ തുടങ്ങാൻ. അതിന് യാതൊരു വിധ മുതൽ മുടക്കും നിങ്ങൾ നടത്തേണ്ടതില്ല. ഒരു മൺവെട്ടിയെടുത്ത് 10 മിനുട്ട് ചെലവഴിച്ച് ഒരു മരം നടാനും, ദിവസത്തിൽ 2 മിനുട്ട് ആ മരത്തെ പരിപാലിക്കാനുമുള്ള സമയം മാത്രം നിങ്ങൾ കണ്ടെത്തിയാൽ മതി.അതിന് സാധിക്കുന്നവർ മാത്രം ഈ പോസ്റ്റ് ഷെയർ ചെയ്യുക ...

നാട് വീണ്ടും നടുങ്ങാതിരിക്കാൻ സാങ്കേതികതയെ ചേർത്തു പിടിക്കാം ...

കൂനൻ പോൾസേട്ടനെ അറിയാത്ത ഇരിങ്ങാലക്കുടക്കാർ വിരളമായിരിക്കും. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഓർമ്മകളുമായി ഒറ്റക്ക് കഴിയുകയായിരുന്നു പോൾസൻ ചേട്ടന്റെ ഭാര്യ ആലീസ്. ഏക മകൻ വിദേശത്ത് പെൺമക്കളെല്ലാം വിവാഹിതർ.ഇന്നലെ ആലീസ് ചേച്ചിയുടെ മരണവാർത്തയറിഞ്ഞ് നാട് ഞെട്ടി. അതൊരു കൊലപാതകമാണെന്നറിഞ്ഞപ്പോൾ ഭീതിയും.

ആദ്യമായല്ല ഇരിങ്ങാലക്കുടയിൽ ഇതുപോലുള്ള ക്രൂരകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.2007 ലെ പൊറത്തിശ്ശേരി മറിയം കൊലക്കേസ്, 2011 ലെ തുമ്പൂർ കൊച്ചു പോൾ വധക്കേസ് എല്ലാം സമാന രീതിയിലുള്ളതായിരുന്നു എന്ന് പറയാം. ഈയെല്ലാ സംഭവത്തിലും കൊല്ലപ്പെട്ടത് വൃദ്ധജനങ്ങളാണ്. എല്ലാവരും മക്കൾ വിദേശങ്ങളിലോ വീട്ടിലില്ലാതെയോ ഒറ്റക്ക് താമസിച്ചിരുന്നവർ. എല്ലാം സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കുന്നതിന് വേണ്ടി നടത്തിയ ക്രൂരമായ കൊലപാതകങ്ങൾ.

മറിയം കൊല കേസിൽ പ്രതി റിപ്പർ സുരേന്ദ്രനേയും, കൊച്ചു പോൾ വധക്കേസിൽ അടുത്ത ബന്ധുവിനേയും പോലീസ് അറസ്റ്റ് ചെയ്തു. അവരിപ്പോൾ ശിക്ഷയനുഭവിച്ചു വരുന്നു, ഈ രണ്ടു കേസുകൾ നടക്കുമ്പോഴും നാട്ടിൽ സി.സി.ടി.വി എന്ന സാങ്കേതിക വിദ്യ പ്രചാരം നേടിയിരുന്നില്ല. എന്നാൽ ഇന്ന് സ്ഥാപനങ്ങളിലും അത്യാവശ്യം വീടുകളിലും സി.സി.ടി.വി കൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഈയടുത്ത് നടന്ന മാപ്രാണം വർണ കൊലപാതക കേസും സി.സി.ടി.വി യിൽ പതിഞ്ഞിരുന്നു. ഇപ്പോൾ നടന്ന ആലീസ് വധക്കേസിലും നിർണ്ണായകമായ തെളിവുകൾ ലഭിക്കാൻ സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി കളിൽ നിന്നും സാധിക്കട്ടെ എന്ന് ഇരിങ്ങാലക്കുടക്കാരൻ ആഗ്രഹിക്കുന്നു.

ഇന്നത്തെ കാലത്ത് എല്ലാ മാതാ പിതാക്കളും മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നു. ഉന്നത വിദ്യാഭ്യാസം നേടിയ എല്ലാവർക്കുമുള്ള തൊഴിലവസരങ്ങൾ നമ്മുടെ നാട്ടിൽ ലഭ്യമല്ലാത്തതു കൊണ്ടും, നാട്ടിലെ സാമ്പത്തിക അവസ്ഥ കണക്കിലെടുത്ത് മെച്ചപ്പെട്ട ജീവിതവും സാമ്പത്തിക ഭദ്രതയും കണക്കാക്കി വിദേശത്തേക്ക് പോകുന്ന മക്കൾ ഇന്ന് സാധാരണമാണ്. മിക്ക വീടുകളിലും അറുപത് പിന്നിട്ട ദമ്പതികൾ ഒറ്റക്കു തന്നെയാണിന്നു കഴിയുന്നത്.ടെക്നോളജി സാധാരണക്കാരനു പോലും പ്രാപ്യമായ ഈ കാലഘട്ടത്തിൽ എല്ലാവരോടും ഇരിങ്ങാലക്കുടക്കാരന് പറയാനുള്ളത് നിങ്ങളുടെ വീടുകളിൽ സി.സി.ടി.വി പോലുള്ള നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഇനിയും അമാന്തിക്കരുത്.

കൊല്ലാൻ തുനിഞ്ഞിറങ്ങി വരുന്നവനെ തടയാൻ അതു കൊണ്ടായി എന്ന് വരില്ല. പക്ഷേ അത്തരം നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒരു പക്ഷേ നിങ്ങൾക്ക് മുൻകരുതലുകൾ സ്വീകരിക്കാനും, കുറ്റവാളികളെ പിടികൂടുന്നതിന് നിയമപാലകരെ സഹായിക്കുന്നതിനും അതു പകരിക്കും.

അനുബന്ധമായി ഒരു സംഭവം കൂടി ഓർമ്മിപ്പിക്കുന്നു. കണ്ഠേശ്വരത്ത് സ്വർണ്ണം തട്ടിയെടുക്കുന്നതിന് വേണ്ടി നടന്ന കൊലപാതകം നടന്നത് 1 വർഷം മുമ്പാണ്. കൊല്ലപ്പെട്ടതും കൊലപാതകിയും അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. കേരളത്തിൽ നടന്ന പല സമാന സംഭവങ്ങളിലും പ്രതികൾ അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. തിരിച്ചറിയൽ രേഖ പോലീസിൽ ഏൽപ്പിക്കണമെന്നൊക്കെ നിയമമുണ്ടെങ്കിലും അത് പാലിക്കപ്പെടാറില്ല എന്നത് വസ്തുതയാണ്. നാട്ടുകാരെ കിട്ടാനില്ല, കിട്ടിയാൽ തന്നെ ഭയങ്കര കൂലിയും എന്നതാണ് അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുന്നവർ സ്ഥിരം പറയുന്ന വാചകം. ആയിക്കോട്ടെ നിങ്ങൾക്കിഷ്ടമുള്ളവരെ വെച്ച് നിങ്ങൾ പണിയെടുപ്പിച്ചോളൂ. പക്ഷേ ഉറപ്പു വരുത്തുക അന്യസംസ്ഥാന തൊഴിലാളി നിയമാനുസൃതം തിരിച്ചറിയൽ രേഖയുള്ളവനാണെന്നും, അത് ബോധ്യപ്പെടുത്തിയിട്ടുള്ളതാണെന്നും.

മേൽ പറഞ്ഞ കാര്യങ്ങളിൽ നിങ്ങൾ ഉദാസീനത പുലർത്തിയാൽ ഇനിയും വർഷങ്ങളുടെ ഇടവേളയിൽ നാട് നടുങ്ങും. ഒരു പക്ഷേ ആരും കാണാതെ പിടഞ്ഞ് തീരുന്നത് എനിക്കോ നിങ്ങൾക്കോ ജന്മം നൽകി കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ നമ്മുടെ മാതാപിതാക്കളായിരിക്കും. അങ്ങനെയൊരവസ്ഥ ആർക്കും സംഭവിക്കാതിരിക്കട്ടെ. പോൾസൻ ചേട്ടന്റെ കുടുംബത്തിന്റെ ദുഖത്തിൽ ആത്മാർത്ഥമായി പങ്കു ചേരുന്നു.ആലീസ് ചേച്ചിക്ക് ആദരരാഞ്ജലികളർപ്പിക്കുന്നു. കുറ്റവാളിയെ എത്രയും പെട്ടെന്ന് പിടികൂടാൻ ഇരിങ്ങാലക്കുട പോലീസിന് കഴിയട്ടെ എന്നുമാശംസിച്ചു കൊണ്ട് ...

ഇരിങ്ങാലക്കുടക്കാരൻ ...

Wednesday, 13 November 2019

തെരുവ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റ ഉടുമ്പിന് ഇരിങ്ങാലക്കുടക്കാരുടെ കാരുണ്യ സ്പർശം ...

തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ കോൺവെന്റ് സ്കൂളിന് പുറകിലെ കാനയിൽ അവശ നിലയിൽ കിടന്നിരുന്ന ഉടുമ്പിന് ഇരിങ്ങാലക്കുടക്കാരുടെ സ്നേഹസ്പർശം.
വിവരം ശ്രദ്ധയിൽ പെട്ട സ്കൂളിനു സമീപം സ്കൂൾ വാനുകൾ പാർക്ക് ചെയ്യുന്ന ഡ്രൈവർമാരുടെ നേതൃത്വത്തിൽ വന്യ ജീവി വകുപ്പിനേയും, വന്യ ജീവി സംരക്ഷകൻ ഫിലിപ്പ് കൊറ്റനല്ലൂരിനേയും വിവരമറിയിച്ചു. ഫിലിപ്പേട്ടൻ ഉടനെ തന്നെ സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തി ഉടുമ്പിനെ സുരക്ഷിതമായി പിടി കൂടി. അധികം താമസിയാതെ വന്യ ജീവി വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി ചേർന്നു.തുടർന്ന് വിദഗ്ദ ചികിത്സ നൽകുന്നതിന് വേണ്ടി ഉടുമ്പിനെ കൊണ്ടുപോയി.
സാധു ജീവികളെ കെട്ടി തൂക്കി കൊല്ലുന്ന വാർത്തകൾ മനസ്സിനെ വിഷമിപ്പിക്കുമ്പോൾ ഇരിങ്ങാലക്കുടക്കാരുടെ കാരുണ്യം നിറഞ്ഞ ഇത്തരം പ്രവൃത്തികളും ലോകമറിയേണ്ടതുണ്ട്.വായിച്ചവർ ഷെയർ ചെയ്യാൻ മറക്കല്ലേ എന്ന് ഇരിങ്ങാലക്കുടക്കാരൻ സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു ...

ദുഖകരം ഈ കാഴ്ച

ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ സ്കൂളിന് പുറകിലെ കാനയിൽ പരുക്കേറ്റ് കിടക്കുകയാണ് പാവം ഉടുമ്പ്.നായയും ഉടുമ്പും തമ്മിൽ നടന്ന സംഘട്ടനത്തിന്റെ ബാക്കിപത്രം. ഉടുമ്പിന്റെ മുഖത്താണ് കടിയേറ്റിരിക്കുന്നത്.
ഇന്ത്യൻ വന്യ ജീവി സംരക്ഷണ നിയമപ്രകാരം പിടികൂടുവാനോ കടത്തുവാനോ കൊല്ലാനോ പാടില്ലാത്ത സംരക്ഷിത ജീവികളുടെ പട്ടികയിലുൾപ്പെടുന്ന ജീവിയാണ് ഉടുമ്പ്.ഈ ഉടുമ്പിനെ രക്ഷപ്പെടുത്താൻ സന്മനസ്സുള്ളവർ വേണ്ട നടപടി സ്വീകരിക്കണമെന്ന് ഇരിങ്ങാലക്കുടക്കാരൻ മൃഗ / പരിസ്ഥിതി സ്നേഹികളോട് അഭ്യർത്ഥിക്കുന്നു ...

Sunday, 10 November 2019

വരദാനത്തെ മറന്ന വരദാനങ്ങളുടെ നാട് ...



കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിലൊരാളായ എൻ.സി വസന്തകോകിലത്തിന്റെ ഒരു ചരമവാർഷികം കൂടി ആരുമറിയാതെ കടന്നു പോയി. വരദാനങ്ങളുടെയും കലകളുടെയും നാടെന്ന് ഊറ്റം കൊള്ളുന്ന ഇരിങ്ങാലക്കുടയിലെങ്ങും ഒരു അനുസ്മരണമോ, ഒരാദരവോ, എന്തിന് അവരെയോർക്കുന്ന ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് പോലും ഇരിങ്ങാലക്കുടക്കാരൻ കണ്ടില്ല.( ഉണ്ടായിട്ടുണ്ടെങ്കിൽ നല്ലത് ) ആരെയും കുറ്റപ്പെടുത്താനല്ല ഇരിങ്ങാലക്കുടക്കാരൻ രോഷം കൊള്ളുന്നത്. പക്ഷേ നമ്മുടെ നാടിന്റെ ഒരു പ്രതിഭ ചരിത്രത്തിൽ മറവിയുടെ ചവറ്റുകൊട്ടയിലേക്ക് തള്ളപ്പെടരുത് എന്നതു കൊണ്ടും, അടുത്ത വർഷങ്ങളിലെങ്കിലും അവരെ ഓർക്കാൻ ഇരിങ്ങാലക്കുടയിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്ന ആഗ്രഹം കൊണ്ടു മാത്രമാണ്.

ആരായിരുന്നു വസന്തകോകിലം എന്ന് ഈ ലേഖനത്തിലൂടെയറിയാം. എൻ.സി. വസന്തകോകിലം എന്ന പേര് കേൾക്കാത്ത സംഗീതപ്രേമികൾ കുറവായിരിക്കും.1919ൽ ഇരിങ്ങാലക്കുട ‐ കൊടുങ്ങല്ലൂർ റൂട്ടിൽ 'മനയ്ക്കലപ്പടി' എന്ന സ്ഥലത്താണ് കാമാക്ഷി എന്ന വസന്തകോകിലത്തിന്റെ ജനനം. അവരുടെ ജന്മഗൃഹമായ കുന്നത്ത് മഠം ഇപ്പോഴും ഇവിടെയുണ്ട്‌.

ഒരുകാലത്ത് കർണാടക സംഗീതലോകം അടക്കിവാണ വസന്തകോകിലം എം.എസ്. സുബ്ബലക്ഷ്മിക്കും ഡി.കെ.പട്ടമ്മാളിനുമൊപ്പം ത്രിമൂർത്തികളിലെ‌ാരാളായിട്ടാണ് വസന്തകോകിലം അറിയപ്പെട്ടിരുന്നത്. ചെറുപ്രായത്തിൽ തന്നെ അച്ഛൻ നാഗപട്ടണം ചന്ദ്രശേഖര അയ്യർ തന്റെ കുടുംബത്തെ നാഗപട്ടണത്തേക്ക് പറിച്ചുനട്ടു.

ഹരികഥാകാരനായിരുന്ന ഗോപാല അയ്യരായിരുന്നു കാമാക്ഷിയുടെ ആദ്യഗുരു. പിന്നീട് പ്രശസ്ത ഭരതനാട്യം നർത്തകി പത്മാ സുബ്രഹ്മണ്യത്തിന്റെ പിതാവ് കെ. സുബ്രഹ്മണ്യൻ കാമാക്ഷിയെ പതിനേഴാം വയസിൽ മദ്രാസ് മ്യൂസിക് അക്കാദമിയിൽ ചേർത്തു. അദ്ദേഹം തന്നെയാണ് വസന്തകോകിലം എന്ന പേരു നൽകിയതും.

1938ൽ അക്കാദമിയിൽ നിന്ന് ഒന്നാം ക്ലാസോടെ പുറത്തിറങ്ങി. അതിശയിപ്പിക്കുന്ന ശബ്ദ സൗകുമാര്യത്തിന്റെ ഉടമയായ വസന്തകോകിലത്തെ തമിഴ് സംഗീതലോകത്തെ അതികായനായിരുന്ന ടൈഗർ വരദരാചാര്യർ ‘മധുര ഗീത വാണി’ പട്ടം നൽകി ആദരിച്ചു. 1942 മുതൽ 51വരെ ത്യാഗരാജ സംഗീതാലാപന വേദിയിൽ സ്ഥിരം സാന്നിധ്യമായിരുന്നു. 47ന് ശേഷം കവി ശുദ്ധാനന്ദ ഭാരതിയുടെ ഗാനങ്ങൾ പാടി പ്രചരിപ്പിക്കുന്നതിലായിരുന്നു ശ്രദ്ധ.

‘എൻ പള്ളികൊണ്ടീരനയ്യ’, തന്തൈ തായ് ഇരുന്താൽ’, ‘നിദ്രയിൽ വന്ന് നെഞ്ചിലിടം കൊണ്ട’, ആനന്ദനടനം ആടിയാൻ’ തുടങ്ങി വസന്തകോകിലം പാടിയ ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ ഇന്നും ആസ്വാദകരുടെ നാവിൻ തുമ്പിലുണ്ട്. അഭിനയ ജീവിതത്തിലേക്ക് കടന്ന അവർ 7 സിനിമകളിൽ പാടി അഭിനയിച്ചു. അതിൽ ‘ഹരിദാസ്’ അക്കാലത്തെ വൻ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു. എന്നാൽ സിനിമയിലേക്കുള്ള അവരുടെ പ്രവേശനം കുടുംബജീവിതത്തെ ബാധിച്ചു.

യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിന് സിനിമാ അഭിനയം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. വലിയ എതിർപ്പും ഭ്രഷ്ടും കൽപ്പിക്കപ്പെട്ടു. അതോടെ വിവാഹ ബന്ധം തകർന്നു. ക്ഷയരോഗം പിടിപ്പെട്ട വസന്തകോകിലത്തിന്റെ ജീവിതാവസാനകാലം ദുരിതപൂർണമായിരുന്നു. മക്കളില്ലാതിരുന്ന വസന്തകോകിലം അവസാന സമയത്ത് സ്വത്തെല്ലാം ദാനം ചെയ്തു.

1951 നവംബർ 7ന് തമിഴ്നാട്ടിലെ ഗോപാലപുരത്ത് 32–ാം വയസിൽ ആ ശബ്ദമാധുര്യം ലോകത്തോട് വിടപറയുമ്പോൾ ഒരുപക്ഷെ പാടിയതിനേക്കാൾ കൂടുതൽ ഗാനങ്ങൾ പാടാൻ ബാക്കിവച്ചായിരുന്നിരിക്കണം എൻ.സി വസന്തകോകിലമെന്ന ഗായിക പോയിട്ടുണ്ടാവുക.തട്ടകം തമിഴ്-നാടായിരുന്നുവെങ്കിലും മലയാളിയായ എം.ജി.ആറിന്റെ കൊല്ലങ്കോടിനടുത്തുള്ള ജന്മഗൃഹം ഏറ്റെടുത്ത് നമ്മൾ സ്മാരകമായി നിലനിർത്തി. എന്നാൽ ഇവിടെ ജനിച്ച് തമിഴ് സിനിമാ - സംഗീത ലോകം കീഴടക്കിയ വസന്തകോകിലത്തിന് അർഹിക്കുന്ന ആദരവ് ലഭിച്ചോ? ഇല്ല എന്ന് ദുഖത്തോടെ പറയട്ടെ.

ആദരവ് ലഭിക്കാൻ അവരെ കുറിച്ച് ഇരിങ്ങാലക്കുടക്കാർ, തൃശൂർക്കാർ, അങ്ങനെ മൊത്തം മലയാളികളും അവരെ കുറിച്ചുള്ള ചരിത്രമറിയേണ്ടതുണ്ട്.ഒരു ഇരിങ്ങാലക്കുടക്കാരൻ എന്ന നിലയിൽ ആ ചരിത്രം പ്രചരിപ്പിക്കുവാനുള്ള ഉത്തരവാദിത്വവും നിങ്ങൾക്കുണ്ട് എന്ന് സ്നേഹത്തോടെ ഓർമ്മിപ്പിച്ചു കൊണ്ട് ...

പാതിയിൽ നിലച്ച കുയിൽ നാദത്തിന്റെ ഓർമ്മകൾക്കു മുന്നിൽ ശിരസ്സ് കുനിച്ചു കൊണ്ട് , ആദരവോടെ ...

ഇരിങ്ങാലക്കുടക്കാരൻ ...


ആദരാഞ്ജലികൾ ...



ആനന്ദപുരം ചിറ്റിലപ്പിള്ളി ജോയ്സൻ മകൻ മാനുവൽ ഇന്ന് (11.11.2019 തിങ്കളാഴ്ച ) രാവിലെ നമ്മിൽ നിന്നും വേർപിരിഞ്ഞു പോയി. ഇന്നലെ രാത്രിയിൽ ജോയ്സൻ ചേട്ടനും മാനുവലും സഞ്ചരിച്ചിരുന്ന ബെെക്ക് പുതുക്കാട് വച്ച് അപകടം സംഭവിക്കുകയും ഗുരുതരമായ പരുക്കുകളുമായി മാനുവലിനെയും ജോയ്സൻ ചേട്ടനെയും എലൈറ്റ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മാനുവലിൻ്റെ ജീവൻ രക്ഷിക്കാനായില്ല.


കാലിലെ പരുക്കുമായി ജോയ്സൻ ചേട്ടൻ ഇപ്പോഴും ഐ.സി.യു വിലാണ്. കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു.മാനുവലിന് ഇരിങ്ങാലക്കുടക്കാരന്റെ ആദരാഞ്ജലികൾ ...




പറപ്പൂക്കര രാപ്പാൾ വഴി ടി.എൻ ശേഷനിലേക്ക് ...

ഇന്ത്യാ മഹാരാജ്യത്തിന്റെ അധികാര കേന്ദ്രങ്ങളിൽ തന്റെ കഴിവുകൾ കൊണ്ടും, ഉറച്ച നിലപാടുകൾകൊണ്ടും അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരായുള്ള കർശന നടപടികളിലൂടെയും ടി.എൻ ശേഷനെ പോലെ വ്യക്തിമുദ്ര ചാർത്തിയ ഉദ്യോഗസ്ഥർ വിരളമാണ്. ഏതാനും മണിക്കൂറുകൾ മുമ്പ് ആ ഇതിഹാസം നമ്മെ വിട്ടു പിരിഞ്ഞെങ്കിലും ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിൽ ടി.എൻ ശേഷൻ ഇനിയും ജീവിക്കും.

ടി.എൻ ശേഷനിലേക്ക് പറപ്പൂക്കര - രാപ്പാൾ വഴി ഒരു യാത്ര നടത്തുകയാണ് ഇരിങ്ങാലക്കുടക്കാരൻ.ആദ്യം നമുക്ക് വിഖ്യാത ശാസ്ത്രജ്ഞൻ ഡോ.ആർ.എസ് കൃഷ്ണനിൽ നിന്നും തുടങ്ങാം. നിങ്ങൾക്കെത്ര പേർക്ക് അദ്ദേഹത്തെ അറിയാമെന്ന് ഇരിങ്ങാലക്കുടക്കാരനറിയില്ല.എന്തായാലും  കുറച്ച് വിശദമായി തന്നെ അദ്ദേഹത്തെ നിങ്ങൾക്കു പരിചയപ്പെടുത്താം.

1911ൽ തൃശ്ശൂർ ജില്ലയിലെ പറപ്പൂക്കരയിലാണ് ഡോ.ആർ.എസ് കൃഷ്ണൻ ജനിച്ചത്. തൃശ്ശിനാപ്പിള്ളി സെന്റ്   ജോസഫ് കോളേജ്, മദ്രാസ് സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്നായി ബി.എസ്.സി ഓണേഴ്സ്, എം.എ. ബിരുദങ്ങൾ നേടി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഡോ.സി.വി.രാമനു കീഴിൽ പ്രകാശ പ്രകീർണനത്തെക്കുറിച്ചു നടത്തിയ ഗവേഷണത്തിന് ഡി.എസ്.സി ബിരുദം നേടി.

കോക്ക്റോഫ്റ്റിന്റെ കീഴിൽ അണുഭൗതികത്തിൽ ഗവേഷണം നടത്തിയതിന് പി.എച്ച്.ഡി. ലഭിച്ചു. 1941 മുതൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പ്രവർത്തിച്ചു. 1973 മുതൽ 77 വരെ കേരള സർവ്വകലാശാല വൈസ് ചാൻസലറായും പ്രവർത്തിക്കുകയുണ്ടായി.

ക്രിസ്റ്റൽ ഫിസിക്സിലാണ് ഡോ.ആർ. എസ്. കൃഷ്ണൻ ശ്രദ്ധേയമായ ഗവേഷണങ്ങൾ നടത്തിയത്. കൊളോയ്ഡുകളിലെ പ്രകാശ പ്രകീർണനത്തിൻറെ റസിപ്രോസിറ്റി തിയറമായ കൃഷ്ണൻ പ്രഭാവമാണ് (കൃഷ്ണൻ ഇഫക്ട്) അദ്ദേഹത്തിൻറെ കണ്ടുപിടിത്തങ്ങളിൽ പ്രധാനം. സി.വി.രാമൻ സെന്റിനറി മെഡൽ, ഇന്ത്യൻ ഇൻസ്റ്റ്റ്റ്യൂട്ട് ഓഫ് സയൻസ് പ്ലാറ്റിനം ജൂബിലി അവാർഡ് എന്നീ ബഹുമതികൾ ലഭിച്ചിട്ടുള്ള അദ്ദേഹം 1999 ൽ അന്തരിച്ചു.ഡോ.ആർ.എസ് കൃഷ്ണന്റെ മകളാണ് ജയലക്ഷ്മി.ടി.എൻ. ശേഷൻ ദിണ്ടിഗൽ സബ് കളക്ടറായിരുന്നപ്പോൾ 1959-ലായിരുന്നു ജയലക്ഷ്മിയുമായുള്ള വിവാഹം.

ജയലക്ഷ്മിയും ടി.എൻ ശേഷനുമായുള്ള വിവാഹത്തിലും ഒരു പ്രത്യേകതയുണ്ട്.  ജാതകം ചേരില്ലെന്നറിഞ്ഞിട്ടും സന്താനങ്ങളുണ്ടാകില്ലെന്നു ജ്യോതിഷം പറഞ്ഞിട്ടും ടിഎൻ ശേഷനെ അതൊന്നും സ്വാധീനിച്ചില്ല. മരണം വിളിക്കും വരെ ജയലക്ഷ്മിയായിരുന്നു രാജ്യത്തെ വിറപ്പിച്ച മുൻ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രിയതമ. ''സത്യത്തിനു വേണ്ടിയാണെങ്കിൽ ആരെതിർത്താലും വേല പോയാലും ഭയമില്ല, ഭാര്യ പോയാലും ഭർത്താവിന് ഭയമില്ലെന്ന തിരിച്ചറിവുമായി ശേഷനൊപ്പം ജയലക്ഷ്മി താങ്ങും തണലുമായി നിന്നു. രാജ്യത്തെ തിരഞ്ഞെടുപ്പു ചട്ടത്തിൽ ഒട്ടേറെ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയ ടി.എൻ ശേഷന് ഭാര്യയുടെ മരണം തങ്ങാവുന്നതിലും അപ്പുറമായിരുന്നു.1958 ഡിസംബർ 30നു ബെംഗളൂരുവിൽ പെണ്ണുകാണൽ. അച്ഛനും ജ്യേഷ്ഠനും അദ്ദേഹത്തിന്റെ ഭാര്യയും മൂത്ത ചേച്ചിയും ശേഷനൊപ്പം കൂടെച്ചെന്നു. 10 മിനിറ്റ് സംസാരം. വൈകിട്ട് അഞ്ചിനു പെണ്ണുകണ്ടു, രാത്രി ഒൻപതോടെ 'ഇതു തന്നെ'എന്നുറപ്പിച്ചു.

അതിനു ശേഷം ജയലക്ഷ്മിയുടെ ജാതകം നോക്കി അതിൽ പോരാ എന്നെഴുതി ശേഷന്റെ പിതാവ് പാലക്കാട്ടു നിന്നും കുറിപ്പ് കൊടുത്തയച്ചിരുന്നു.എന്നാൽ ശേഷന്റെ 26ാം വയസ്സിൽ 1959 ഫെബ്രുവരി ഒൻപതിനു  ജാതകത്തിലെ പ്രശ്‌നമൊന്നും കാര്യമാക്കാതെ ശേഷൻ ജയലക്ഷ്മിയെ മിന്നുചാർത്തി.അതിന് ശേഷം ഇവർ ഒരുമിച്ച് മാത്രമേ നീങ്ങിയുള്ളൂ.ടി.എൻ ശേഷൻ ജയലക്ഷ്മി ദമ്പതികൾക്ക് മക്കളില്ല.കഴിഞ്ഞവർഷം ജയലക്ഷ്മി ഇഹലോകവാസം വെടിഞ്ഞു. ഒരു വർഷത്തിനിപ്പുറം ടി.എൻ ശേഷനും.

ടി.എൻ ശേഷൻ - ജയലക്ഷ്മി - ഡോ.ആർ.എസ് കൃഷ്ണൻ എന്നിവരുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികളോടെ,

ഇരിങ്ങാലക്കുടക്കാരൻ ...

Saturday, 9 November 2019

വിവാഹപ്രായമെത്തിയ മക്കളുള്ള മാതാപിതാക്കളും, വിവാഹപ്രായമെത്തിയ യുവജനങ്ങളുമറിയാൻ ....

ഞായറാഴ്ച ദിനങ്ങളിൽ സപ്ളിമെന്റിൽ വരുന്ന വിവാഹപരസ്യങ്ങൾ ഇരിങ്ങാലക്കുടക്കാരൻ പ്രത്യേകിച്ചു ശ്രദ്ധിക്കാറുണ്ട്. വിവാഹ പരസ്യം മാത്രമല്ല പൊതുവേ ഒരക്ഷരം പോലും വായിക്കാതെ വിടാറില്ല എന്നതാണ് സത്യം. ഓൺലൈൻ ലോകത്തും അങ്ങനെ തന്നെ. അമ്മക്ക് വരനെയന്വേഷിച്ച് മകൾ ട്വീറ്റ് ചെയ്തതുപോലുള്ള വാർത്തകളൊക്കെ വിടാതെ വായിക്കും. പിന്നെ ഈ വിവാഹ പരസ്യങ്ങളോടെന്താണിത്ര പ്രിയമെന്ന് ചോദിച്ചാൽ അത്യാവശ്യം ചിരിക്കാനുള്ളതും ചിന്തിക്കാനുള്ളതുമായ വഹകൾ അതിലുണ്ടാകും എന്നതു തന്നെ. ഉദാഹരണത്തിന് ഒട്ടുമിക്ക  പെൺകുട്ടികളും സുന്ദരികളും, സൽസ്വഭാവികളുമായിരിക്കും. എന്നാൽ ആൺകുട്ടികൾ പൊതുവേ തങ്ങൾ സുന്ദരന്മാരാണെന്നും നല്ല സ്വഭാവത്തിനുടമകളാണെന്നും തന്റേടത്തോടെ പറയുന്നത് ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല.

പിന്നെ പുരോഗമനവാദക്കാരേയും, ഫ്യൂഡൽ പ്രഭുക്കളെയും തുടങ്ങി പുരാതന തറവാടികളെ വരെ വിവാഹ പരസ്യങ്ങളിൽ കാണാം. സംഭവം നാട്ടിലുള്ള കൂലി പണിക്കാരനും, പ്ളംബർക്കും, ഇലക്ട്രിഷ്യനും, സെയിൽസ്മാനും, വർക്ക്ഷോപ്പ് പണിക്കാരനും, ഡ്രൈവർക്കും  എന്തിന് ഗൾഫ്കാർക്കു വരെ ഇപ്പോൾ പഴയ പോലെ പെണ്ണ് കിട്ടാത്തതുകൊണ്ട് വിവാഹ പരസ്യ സപ്ളിമെന്റിന്റെ പേജ് ഇടക്ക് എണ്ണം കൂടുന്നുണ്ട് എന്നതൊരു യാഥാർത്ഥ്യമാണ്. സൂപ്പർമാർക്കറ്റുകളിൽ സ്ലേറ്റിൽ ചോക്കു കൊണ്ട് കാരറ്റ് 34, വഴുതന 28, അമര പയർ 36 എന്നൊക്കെയെഴുതുന്ന പോലാണ് ഇന്ന് വിവാഹ കമ്പോളം. ഓൺലൈൻ മാട്രിമോണി സൈറ്റുകളിൽ ചെന്നാൽ മേൽത്തരം പട്ടികകൾ കാണാം.പക്ഷേ നല്ലതൊന്ന് ഇഷ്ടപ്പെട്ട് വാങ്ങാമെന്ന് കരുതിയാലോ? മുകളിൽ പറഞ്ഞ പോലെ ഡ്രൈവർക്കും, പ്ളംമ്പർ ഇത്യാദി കാറ്റഗറികൾക്ക് അവിടേയും മാർക്കറ്റ് വാല്യൂ ഇല്ല എന്നതാണ് യാഥാർത്ഥ്യം.

നാല് ദിവസം മുമ്പ് ഒരു യുവനടിയുടെ അഭിമുഖം കണ്ടിരുന്നു. ഭവതിക്ക് ലിവിങ്ങ് ടുഗെതറിനാണ് താൽപര്യമത്രേ. അതെന്ത് കുന്തമാണെന്നന്വേഷിച്ചപ്പോഴാണ് സംസ്ഥാന വനിതാ കമ്മീഷൻ ഈ കുന്ത്രാണ്ടം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണെന്ന് മനസ്സിലായത്.കാരണം ആണും പെണ്ണും കുറച്ചു നാൾ ഒന്നിച്ചു ജീവിക്കും അത് മടുക്കുമ്പോൾ അടുത്ത ലിവിങ്ങ് ടുഗതർ.പക്ഷേ ഇതിനിടയിൽ കിട്ടുന്ന പണികളും സാമ്പത്തിക വ്യവഹാരങ്ങളും ചെല്ലുന്നത് കമ്മീഷന്റെയടുത്തേക്കാണ്.നിയമപരമായി വിവാഹം കഴിക്കാത്തതു കൊണ്ട് അതുണ്ടാക്കുന്ന പൊല്ലാപ്പുകൾ വേറെയും. അപ്പോഴും മേൽ പറഞ്ഞ പ്ളംമ്പർ, ഡ്രൈവർ ഇത്യാദി സഹോദരങ്ങളോട് ആരെങ്കിലും ലിവിങ്ങ് ടുഗതറിന് വരുമോ? വന്നാൽ നാട്ടുകാരതിനെ ലിവിങ്ങ് ടുഗതർ എന്ന് തന്നെയാണോ വിളിക്കുക എന്ന കാര്യത്തിൽ യാതൊരു ഉറപ്പും പറയാനാവില്ല.

രണ്ട് ദിവസം മുമ്പ് ഒരു ചെറുപ്പക്കാരൻ ഓട്ടോ ഡ്രൈവർ ഭർത്താവ് മരിച്ച് 7 വയസ്സുള്ള പെൺകുട്ടിയുള്ള ഒരു യുവതിയെ വിവാഹം കഴിച്ച വാർത്ത കാസർഗോഡ് കളക്ടർ അദ്ദേഹത്തിന്റെ ഫേസ്ബുക്കിലിട്ടിരുന്നു. കാസർഗോഡ് ജില്ലയിൽ മാത്രം ഏതാണ്ട് അര ലക്ഷത്തോളം യുവതികളെങ്കിലും വിധവകളായുണ്ട് എന്ന കണക്ക് ആശ്ചര്യത്തോടെയാണ് ഇരിങ്ങാലക്കുടക്കാരൻ വായിച്ചത്.2011ലെ കാനേഷുമാരി പ്രകാരം മ്മടെ തൃശൂര് ജില്ലയിലെ സ്ത്രീ പുരുഷാനുപാതം എന്ന് പറയുന്നത് 1000 പുരുഷന്മാർക്ക് 1109 സ്ത്രീകളെന്നാണ്.അതായത് വിദ്യാസമ്പന്നരും, സൽസ്വഭാവികളും, സുന്ദരികളുമായ യുവതികൾക്കിപ്പോൾ സെലക്ഷന് കൂടുതൽ അവസരമുണ്ടെന്ന് ചുരുക്കം.

25 നും 35 നു മിടയിൽ പുര നിറഞ്ഞു നിൽക്കുന്ന ആൺമക്കളെ കുറിച്ചോർത്ത് ആകുലപ്പെടുന്ന ഒരു പാട് മാതാപിതാക്കളെ ഇരിങ്ങാലക്കുടക്കാരന് പരിചയമുണ്ട്. കണ്ട കഞ്ചാവിനും തല്ലു കൊള്ളിക്കും വരെ പെണ്ണു കിട്ടുന്നുണ്ട് എന്നിട്ടും എന്റെ മകന് ... എന്ന നിസ്സംഗതയോടെയുള്ള നെടുവീർപ്പുകളും കേട്ടിരിക്കുന്നു. സമൂഹത്തിൽ പണവും പ്രതാപവും, ഉയർന്ന ജോലിയുമുള്ളവർ മാത്രം കല്യാണം കഴിച്ചാൽ മതി എന്നുള്ള അവസ്ഥ അനൗദ്യോഗികമായെങ്കിലും നാട്ടുനടപ്പായി മാറുന്നുണ്ടോ എന്ന് ഇരിങ്ങാലക്കുടക്കാരൻ ആശങ്കപ്പെടുകയാണ്.മേൽ പറഞ്ഞ ഗുണഗണങ്ങൾ മാത്രം കണക്കിലെടുത്ത് വിവാഹിതരായ ഏറെ പേരെ കാണാവുന്ന ഒരു സ്ഥലമാണ് ഇരിങ്ങാലക്കുട സിവിൽ സ്‌റ്റേഷനിലെ കുടുംബകോടതി എന്നുകൂടി ഓർമ്മിപ്പിക്കട്ടെ . ഒരു വിവാഹ പരസ്യം കൂടി പറഞ്ഞ് കൊണ്ട് ഈ ലേഖനമവസാനിപ്പിക്കുകയാണ്.

ഇതുവരെ കണ്ടതിൽ ആത്മാർത്ഥമായി തോന്നിയ ഒരു വിവാഹ പരസ്യമാണിത്.ഈ പരസ്യം കണ്ടത് ഇരിങ്ങാലക്കുട സെന്റ്.തോമാസ് കത്തീഡ്രലിന്റെ പ്രതിമാസ പ്രസിദ്ധീകരണമായ ദനഹാ ബുള്ളറ്റിനിലാണ്. അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും വരുന്ന അജ്ഞാതനായ ആ നാട്ടുകാരന് എത്രയും വേഗം ഒരു നല്ല കുടുംബ ജീവിതമുണ്ടാകട്ടെ എന്നാശംസിക്കുന്നു.

സ്നേഹത്തോടെ,
ഇരിങ്ങാലക്കുടക്കാരൻ ...

Thursday, 7 November 2019

നോട്ടു നിരോധനവും ഇരിങ്ങാലക്കുടയും ...

ഇന്നാണ് മഹത്തായ ആ പ്രഖ്യാപനത്തിന്റെ മൂന്നാം വാർഷികം. അതായത് പഴയ 500, 1000 കറൻസികൾ അന്തരിച്ചതിന്റെ മൂന്നാം വാർഷികം. നോട്ട് നിരോധനം പരാജയമാണോ, മണ്ടത്തരമാണോ അതോ വേറെ വല്ല ലക്ഷ്യങ്ങൾ അതിനു പിന്നിലുണ്ടായിരുന്നോ എന്നൊന്നും പറയാൻ ഇരിങ്ങാലക്കുടക്കാരൻ ആളല്ല. എന്തായാലും കഴിഞ്ഞ മൂന്ന് വർഷം ഇരിങ്ങാലക്കുടയിലെന്തു സംഭവിച്ചു എന്നൊരു നിരീക്ഷണമാണ് ഈ പോസ്റ്റ്. ആധികാരികം എന്ന് അവകാശപ്പെടുന്നില്ല. കണ്ട കാര്യങ്ങൾ പങ്കുവെക്കുന്നുവെന്ന് മാത്രം. വിലയിരുത്തേണ്ടത് നിങ്ങളാണ്.

മൂന്ന് വർഷം മുൻപത്തെ ചരിത്ര പ്രഖ്യാപനത്തിന്റെ പിറ്റേ ദിവസം തന്നെ കയ്യിലുണ്ടായിരുന്ന അന്തരിച്ച നോട്ടുകൾ മാറിയെടുക്കാൻ ഇരിങ്ങാലക്കുടക്കാരനും ബാങ്കിൽ പോയിരുന്നു. മ്മടെ നടയിലെ എസ്.ബി.ടി യിൽ. യാതൊരു മുന്നൊരുക്കങ്ങളോ തയ്യാറെടുപ്പുകളോ ഇല്ലാതെ നടപ്പാക്കിയ തീരുമാനത്തിന്റെ എല്ലാ പാളിച്ചകളും അന്ന് വരിയിൽ നിന്നപ്പോൾ തന്നെ മനസ്സിലായി.പിന്നീടുള്ള ഒന്ന് രണ്ടാഴ്ചകൾ അക്ഷരാർത്ഥത്തിൽ നോട്ട് മാറിയെടുക്കുന്നതിനുള്ള ഓട്ടത്തിലായിരുന്നു ഒട്ടുമിക്ക ഇരിങ്ങാലക്കുടക്കാരും.

ഇരിങ്ങാലക്കുടയുടെ സാമ്പത്തിക രംഗത്തിനൊരു പ്രത്യേകതയുണ്ട്. പുറമേക്ക് ആർഭാടം കാണിക്കുന്നവരേക്കാൾ കൂടുതൽ പുറമേക്ക് ആർഭാടം കാണിക്കാത്ത പൂത്ത പണക്കാരുള്ള സ്ഥലമാണ്. അത് കൃത്യമായി ബാങ്കിംഗ് രംഗത്തുള്ളവർക്കറിയാം. തൃശൂരിൽ ഹെഡ് ഓഫീസുള്ള നാഷണൽ പുതുതലമുറ, അന്താരാഷ്ട്ര ബാങ്കുകളുടേയും, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടേയും ബ്രാഞ്ച് ഇരിങ്ങാലക്കുടയിലുള്ളത് അതു കൊണ്ടാണ്. ഇരിങ്ങാലക്കുടയിലെ ബാങ്ക് ലോക്കറുകളിലിരിക്കുന്നതിന്റെ എത്രയോ മടങ്ങ് സ്വർണ്ണം സ്വകാര്യ ശേഖരങ്ങളായി ഓരോ കുടുംബത്തും കാണും എന്ന് ഊഹിച്ചാൽ തന്നെ ഇരിങ്ങാലക്കുടക്കാരുടെ സാമ്പത്തിക നിലവാരത്തെ പറ്റി ഏകദേശ ധാരണ ലഭിക്കും. എന്തായാലും നമുക്ക് നമ്മുടെ വിഷയത്തിലേക്കു വരാം.

നോട്ട് നിരോധനത്തിനു ശേഷം ഏറ്റവുമധികം ഇരിങ്ങാലക്കുടയിൽ പൂട്ടി പോയ ഒരു വ്യാപാര മേഖലയെന്ന് പറയുന്നത് ഹോട്ടൽ ബിസിനസ്സാണ്. ഇരിങ്ങാലക്കുട നഗരത്തിലും നിയോജക മണ്ഡലത്തിലുമായി അമ്പതിലധികം ഹോട്ടലുകളാണ് പൂട്ടിപോവുകയോ കൈമാറ്റം ചെയ്യുകയോ ഉണ്ടായിട്ടുള്ളത്. ഇതൊരു വസ്തുതയാണ്. ഹോട്ടൽ മേഖല മാത്രമല്ല, കൺസ്ട്രക്ഷൻ മേഖലയും കൂപ്പുകുത്തി.കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഇരിങ്ങാലക്കുടയിലും പരിസരത്തും എത്ര പുതിയ കെട്ടിടങ്ങൾ വന്നു എന്ന് ചുറ്റും കണ്ണോടിച്ചാൽ തന്നെ നിങ്ങൾക്കത് മനസ്സിലാകും. റിയൽ എസ്റ്റേറ്റ് മേഖല രണ്ടാമതും അനങ്ങി തുടങ്ങിയിട്ടുണ്ട്. പക്ഷേ നോട്ട് നിരോധനത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് എത്തണമെങ്കിൽ ഇനിയും സമയമെടുക്കും എന്നാണ് മനസ്സിലാക്കാനാവുന്നത്.

ഇരിങ്ങാലക്കുട ആധുനിക ഫിഷ് മാർക്കറ്റിൽ 5 സ്റ്റാളുണ്ടായിരുന്നത് ഒന്നായി മാറി. ഓട്ടോ, ടാക്സി മേഖലയിൽ വർഷങ്ങളായി പണിയെടുത്തിരുന്നവർ പലരും വേറെ ഉപജീവനമാർഗ്ഗങ്ങളിലേക്ക് തിരിഞ്ഞു. തെരുവോര കച്ചവടങ്ങൾ വർദ്ധിച്ചു.വർദ്ധനവിന് കാരണം ഒരർത്ഥത്തിൽ സാമ്പത്തിക ശോഷണം തന്നെ. പകൽ ഒരു ജോലി ചെയ്യുകയും സന്ധ്യ മുതൽ രാത്രി വരെ ഒറ്റക്കോ, പങ്കാളിത്തത്തിലോ എന്തെങ്കിലും കച്ചവടം ചെയ്യുന്നവരുടെ എണ്ണമിന്ന് കൂടുതലാണ്.സ്ത്രീകൾ പലരും വീട്ടമ്മ എന്ന നിലയിൽ നിന്ന് കൂടുതലായി തൊഴിൽ രംഗങ്ങളിലേക്കു വരുന്നു.ഒരാളുടെ വരുമാനം കൊണ്ട് കുടുംബം പുലർത്തുക സാധ്യമല്ല എന്ന തിരിച്ചറിവ് പൊതുവേ  വന്നിരിക്കുന്നു. അതിന്റെ പ്രതിഫലനമാകാം കഴിഞ്ഞ മൂന്ന് വർഷത്തിൽ ഇരിങ്ങാലക്കുടയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണത്തിലും കുറവ് കാണുന്നുണ്ട്.

നോട്ട് നിരോധനത്തിനു ശേഷമുണ്ടായ രണ്ട് പ്രളയങ്ങളും, മാപ്രാണം ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ടി.എൻ.ടി കുറി കമ്പനി മേഖലയിലെ സാധാരണക്കാരുടെ കുറേ പണം കവർന്ന് പോയതും ജനങ്ങൾക്ക്  കൂനിന്മേൽ കുരുവായി മാറി. അതൊഴിച്ച് കാര്യമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാലും ഇൻഡസ് ഇൻഡ് പോലുള്ള അന്താരാഷ്ട്ര ബാങ്ക് പോലുള്ള സ്ഥാപനങ്ങൾ ഇരിങ്ങാലക്കുടയിൽ വരുന്നതു കൊണ്ടും ഇരിങ്ങാലക്കുടക്കാർ അതിജീവനത്തിന്റെ പാതയിലാണെന്ന് പറയേണ്ടി വരും. അതിജീവിക്കാതെ നിർവ്വാഹമില്ലല്ലോ ....

പന്ത് പന്ത് പിടിക്കാൻ പഠിച്ചാൽ ജയിക്കാം ...

ഇരിങ്ങാലക്കുടക്കാര് മാത്രമല്ല ഇന്ത്യാക്കാര് ഭൂരിഭാഗവും ഇപ്പോൾ ടി ട്വന്റി മത്സരം കാണുന്നുണ്ടാകും എന്ന് ഇരിങ്ങാലക്കുടക്കാരനറിയാം. പന്തിന് പന്ത് പിടിക്കാനറിയില്ലെന്നത് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. അതുമായി ഇപ്പോൾ കാണികൾ പൊരുത്തപ്പെട്ടിരിക്കുന്നു. അതു പോട്ടേന്നു വെച്ചാലും ഒരു പന്തിനു പുറകേ മൂന്നു പേര് ഓടിയിട്ടും പന്ത് പിടി തരില്ലെന്നു വെച്ചാൽ? എന്തായാലും പന്തേറ് മുഖത്ത് കൊണ്ടെങ്കിലും പന്തെടുത്ത് പന്തെറിഞ്ഞത് കൊണ്ടത് ഭാഗ്യമായി കരുതാം. ഒരു അന്തോം കുന്തോമില്ലാത്ത പന്ത്.അല്ലാതിപ്പോ എന്ത് പറയാൻ?

മറന്നുവോ അരുണിമയെ ... ?

ഇരിങ്ങാലക്കുടക്കാർക്ക് മറക്കാനാവാത്ത 
നവംബറിലെ നടുക്കുന്ന ഓർമ്മയും നഷ്ടവുമാണ് അരുണിമ. ഇവിടുത്തെ ഭരണകൂടത്തിന്റെ കാര്യക്ഷമതയില്ലായ്മക്ക് സ്വന്തം ജീവൻ ബലി നൽകേണ്ടി വന്ന എസ്.എൻ സ്കൂളിലെ കൊച്ചു മിടുക്കി.തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ബസ്സുകളുടെ മരണപാച്ചിലിൽ ജീവിതം ഹോമിക്കപ്പെട്ട ഹതഭാഗ്യരിൽ ഒരാൾ.

സമയത്തിന്റെ മുട്ടുന്യായങ്ങൾ പറഞ്ഞ് ഏതാനും സെക്കന്റുകളും മിനുട്ടുകളും ലാഭിക്കാൻ ആക്സിലേറ്ററിൽ ആഞ്ഞ് കാലമർത്തി യമരാജൻ കലി തുള്ളി വരുന്നത് കണ്ട് ഒതുങ്ങി മാറാൻ അവസാന ശ്രമം നടത്തിയിരുന്നു അരുണിമ. സമയാസമയങ്ങളിൽ പാതയോരത്തെ കാടുകൾ വൃത്തിയാക്കാത്ത ഇരിങ്ങാലക്കുട നഗരസഭ അതിനുള്ള സ്ഥലം അരുണിമയ്ക്ക് നൽകിയില്ല. ആ വിലപ്പെട്ട ജീവൻ അവിടെ പൊലിയാനായിരുന്നു വിധി.

ബസ് തടയൽ, നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച്, ഫേയ്സ്ബുക്ക് പോസ്റ്റുകൾ എല്ലാം മുറപോലെയുണ്ടായി. ജന രോഷം തണുപ്പിക്കാൻ നഗരസഭയുടെ ത്വരിതഗതിയിലുള്ള പൊടിയിടൽ കർമ്മങ്ങൾ. എല്ലാം അവിടെ തീരുകയായിരുന്നു. അരുണിമയെ നമ്മൾ മറക്കുകയായിരുന്നു.

ഇരിങ്ങാലക്കുടക്കാരൻ ഇത് നിങ്ങളെ ഓർമ്മിപ്പിക്കാൻ കാരണം ഇപ്പോൾ ഉപജില്ലാ കലോത്സവം പുരോഗമിക്കുകയാണ് എസ്.എൻ സ്കൂളിൽ.വിദ്യാർത്ഥികളുടെ വൻ പങ്കാളിത്തമുള്ള കലാമേളയുടെ തിരക്ക് റോഡിലും കാണാം. പൊതുവിൽ രാവിലെയും വൈകീട്ടും എസ്.എൻ ജംക്ഷനിൽ റോഡ് കുറുകെ കടക്കാൻ സഹായിക്കുന്നതിന് പോലീസ് സേവനം പതിവുണ്ട്.പോലീസ് സേവനം വരുന്നതിലും മുന്നേ അവിടെ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചിരുന്നു. ഉപജില്ലാ കലോത്സവം നടക്കുന്ന ഈ സമയത്ത് പാതയോരത്ത് കാടുണ്ട്, റോഡിൽ പോലീസ് സേവനം അപര്യാപ്തം, സമയ കണക്ക് പാലിക്കാൻ ആക്സിലേറ്ററിൽ ആഞ്ഞ് ചവിട്ടി പിടിക്കുന്ന ബസ്സുകൾ ഇപ്പോഴും അടുത്ത അരുണിമയെ തേടി അതിലേ പോകുന്നുണ്ട്. കാണേണ്ടവരും നടപടികളെടുക്കേണ്ടവരും കണ്ടില്ലെന്ന് നടിക്കുന്നു, കുറ്റകരമായ മൗനമവലംബിക്കുന്നു.

ഇതിനെല്ലാം പുറമേയാണ് കലോത്സവത്തിനായി വിവിധയിടങ്ങളിൽ നിന്നെത്തിയ കുട്ടികൾ സമീപത്തെ അധികമാരുടെയും ശ്രദ്ധയിൽ പെട്ടെന്ന് പെടാത്ത തേൻ കുളത്തിൽ ഇറങ്ങുന്നത് ഇരിങ്ങാലക്കുക്കാരന്റെ ശ്രദ്ധയിൽ പെട്ടത്.നല്ല ചെളിയുള്ള വെള്ളം നിറഞ്ഞു കിടക്കുന്ന ഈ കുളം കലോത്സവം തീരും വരെയെങ്കിലും ഇരിങ്ങാലക്കുടക്കാരന്റെ സമാധാനമില്ലാതാക്കുന്നു. അക്ഷരങ്ങൾ കൊണ്ട് ഇത് നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താനേ എനിക്കു കഴിയൂ. നിങ്ങൾക്ക് പറയുന്നതിന്റെ ഗൗരവം മനസ്സിലായെങ്കിൽ നിങ്ങളും ഇത് മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടുത്തുമല്ലോ?

അരുണിമ മോൾക്ക് ആദരാഞ്ജലി നേർന്നും, അരുണിമ മോളുടെ അവസ്ഥ ഇനിയാർക്കും വരരുതെന്നാഗ്രഹിച്ചും നിങ്ങളുടെ സ്വന്തം ഇരിങ്ങാലക്കുടക്കാരൻ ...

Tuesday, 5 November 2019

ഇരിങ്ങാലക്കുടയിൽ ചന്ദ്രിക പരിമളം തൂകിയ കേശവൻ വൈദ്യർ ...

ഇരിങ്ങാലക്കുടയുടെ ചരിത്രത്തിൽ എന്നെന്നും ഓർക്കപ്പെടുന്ന മഹനീയ വ്യക്തിത്വമാണ് ശ്രീ.സി.ആർ കേശവൻ വൈദ്യർ ...

1904 ആഗസ്റ്റ്‌ 26 ആം തിയ്യതി കോട്ടയം ജില്ലയിലെ മീനച്ചലിലാണ് വൈദ്യരുടെ ജനനം.ചുള്ളികാട്ട് രാമന്റെയും കുഞ്ഞാളിചിയുടെയും മകനായി ജനിച്ച അദ്ദേഹം തന്റെ കർമ്മവും, ജീവിതവും,ചിന്തയുമെല്ലാം ഇരിങ്ങാലക്കുടയ്ക്കായി മാറ്റി വെച്ചത് നമ്മുടെ നാടിന്റെ ഭാഗ്യം.

എല്ലാ മേഖലകളിലും വൈദ്യർ അങ്ങേയറ്റം മികവും,സൂക്ഷ്മതയും പുലർത്തിയിരുന്നു.ഒരു വ്യവസായ സംരംഭകൻ,സാമൂഹ്യ സേവകൻ,ഭിഷഗ്വരൻ,ഗ്രന്ഥ കർത്താവ്‌ എന്നിങ്ങനെ അദ്ദേഹം കൈ വെച്ച മേഖലകളിലെല്ലാം തന്റേതായ വ്യക്തി മുദ്ര അദ്ദേഹത്തിന് പതിപ്പിക്കാനാായി.

ശ്രീ നാരായണ ദർശനങ്ങളുടെ ഉറച്ച വക്താവായ അദ്ദേഹം വൈക്കം,ഗുരുവായൂർ സത്യാഗ്രഹങ്ങളിൽ പങ്കെടുത്തിട്ടുമുണ്ട്‌.എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ്‌,ശ്രീ നാരായണ ട്രസ്റ്റ് ഡയരക്ടർ ബോർഡ് മെമ്പർ,കേരള കലാമണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ,ഉണ്ണായി വാര്യർ കലാനിലയം പ്രസിഡന്റ്‌,ഗുരുവായൂർ ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി അംഗം എന്നിങ്ങനെ ഒട്ടേറെ പദവികളും അദ്ദേഹം വഹിക്കുകയുണ്ടായി.

ശ്രീ നാരായണ ചിന്തകൾ(1972),വിചാര ദർപ്പണം(1976),പൽപ്പു മുതൽ മുണ്ടശ്ശേരി വരെ(1996)എന്നിവ അദ്ധേഹത്തിന്റെ പ്രശസ്തങ്ങളായ രചനകളാണ്.ആയൂർവേദത്തിലെ പരമോന്നതമായ വൈദ്യ രത്നം പദവി ലഭിച്ചിട്ടുള്ള ഇദ്ദേഹം സ്ഥാപിച്ചതാണ് ലോകമെങ്ങും നമ്മുടെ നാടിനെ പ്രസസ്തമാക്കിയ "ചന്ദ്രിക സോപ്പ് " കമ്പനി.1999 നവംബർ 6 ന് അദ്ദേഹം ഒട്ടേറെ നന്മകൾ നമ്മുടെ നാടിനു നല്കി യാത്രയായി......

ഇരിങ്ങാലക്കുടക്കാരുടെ ശ്രദ്ധക്ക് ...

ഒരു ജീവൻ കൂടി ദാരുണമായി പൊലിഞ്ഞിരിക്കുന്നു.പൊതുവേ ശാന്തമായ ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ഏതാനും നാളുകളിൽ ദാരുണമായി കൊല്ലപ്പെട്ടത് മൂന്ന് പേരാണ്. ബസ് സ്റ്റാന്റിൽ ഓട്ടോ ഡ്രൈവർ മർദ്ധിച്ച് കൊലപ്പെടുത്തിയ സുജിത്ത്, ചുണ്ണാമ്പു വെള്ളം ദേഹത്ത് വീണതിലെ വാക്കുതർക്കം മൂത്ത് കൊലകത്തിക്കിരയായ നിരപരാധിയായ വിജയൻ, വീട്ടിലേക്കുള്ള വഴിയിലെ പാർക്കിങ്ങ് മൂലം നേരിടുന്ന ബുദ്ധിമുട്ട് ചോദ്യം ചെയ്തതിനെ തുടർന്ന് തിയറ്റർ നടത്തിപ്പുകാരന്റെ നേതൃത്വത്തിലുള്ള സംഘം കൊല ചെയ്ത രാജൻ.

മൂന്നു കൊലപാതകങ്ങളിലും പൊതുവായി കടന്നു വന്ന ഒരു ഘടകമാണ് വാക്കുതർക്കം. രണ്ട് വ്യക്തികൾ തമ്മിലുള്ള വാക്കുതർക്കം ഒരാളുടെ  ജീവനെടുക്കുന്ന തലത്തിലേക്ക് വഴിമാറുന്ന ദുഖകരമായ അവസ്ഥ.കുറ്റവാളികൾ പിടിക്കപ്പെടും, ശിക്ഷയുമനുഭവിക്കും.മാധ്യമങ്ങളുടെ ഒന്നാം പേജിൽ നിന്ന് വാർത്തകൾ മായും, ആളുകൾ പതുക്കെ എല്ലാം മറക്കും. കുടുംബത്തിന്റെ വെളിച്ചമായിരുന്നവർ  നഷ്ടപ്പെട്ടതിന്റെ വേദന എപ്പോഴും വീട്ടുകാർക്കു മാത്രം.

ഈ മൂന്ന് സംഭവങ്ങളിലും ഇവിടുത്തെ ഞാനും നിങ്ങളുമുൾപ്പെട്ട  സമൂഹത്തിന്റെ ഇടപെടലുകളെങ്ങനെയായിരുന്നു?സുജിത്തിനെ ബസ് സ്റ്റാന്റിൽ മർദ്ധിക്കുന്നത് കണ്ട് ആരെങ്കിലും തടഞ്ഞിരുന്നെങ്കിൽ, വിജയന്റെ മകനെ തെരഞ്ഞു വന്ന അക്രമിസംഘം ഒച്ചവെക്കുമ്പോൾ സമീപവാസികൾ ഇടപ്പെട്ടിരുന്നെങ്കിൽ, തിയ്യറ്ററിൽ നിരന്തരം പ്രേക്ഷകർക്കു നേരെ അക്രമസംഭവങ്ങൾ തുടർന്നപ്പോൾ പ്രതികരിച്ചിരുന്നുവെങ്കിൽ ഈ മൂന്നു ജീവനുകളും ഒരു പക്ഷേ പൊലിയുകയില്ലായിരുന്നു.

നിങ്ങളുടെ കൺമുമ്പിൽ ഒരക്രമം, ഒരപകടം, ഒരു സാമൂഹിക ശരികേട്  സംഭവിക്കുമ്പോൾ നിങ്ങൾക്ക് കണ്ടില്ലെന്നു നടിക്കാം, ഒഴിഞ്ഞു മാറാം, ഇടപെടാതിരിക്കാം. അതിനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. ഇടപെട്ടാൽ ഒരു പക്ഷേ ഒരു ജീവൻ രക്ഷിക്കാനാകുമായിരിക്കാം, ഒരു തർക്കം തീർക്കുവാൻ സാധിക്കുമായിരിക്കാം, ഒരു പക്ഷേ സ്വന്തം ജീവൻ വരെ അപകടത്തിലുമായേക്കാം.എന്നിരുന്നാൽ തന്നെയും ഞാനും നിങ്ങളുമടങ്ങുന്ന സമൂഹം നിഷ്ക്രിയരാകും തോറും ഇവിടെ ഇനിയും ജീവനുകൾ പൊലിയും. ആരും ചോദിക്കാനില്ലെന്ന ധൈര്യം കുറ്റവാസനയുള്ളവർക്ക് നിയമം കയ്യിലെടുക്കാനുളള പ്രചോദനമാകും. ആരും പരാതിപ്പെടാതെ നടപടികളെടുക്കുന്നതിൽ നിന്നും അധികൃതർ പിൻവലിയും. അനന്തരഫലം നമ്മുടെ കൂട്ടുകാരോ, വീട്ടുക്കാരോ, ബന്ധുക്കളോ ഒക്കെയാവാം ദൗർഭാഗ്യവശാൽ അനുഭവിക്കാനിടവരുക.

അങ്ങനെയൊന്നും വരാതിരിക്കാൻ, ഇനിയും ഒരു ജീവൻ കൊലകത്തിക്കിരയാകാതിരിക്കാൻ നിങ്ങൾ ചിന്തിക്കുക. സാമൂഹികമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ പരിശ്രമിക്കുക. മനുഷ്യത്വം മുറുകെ പിടിക്കുക.

അകാലത്തിൽ പൊലിഞ്ഞവർക്ക് ആദരാഞ്ജലികളോടെ .....

ഇരിങ്ങാലക്കുടയും ബോംബേ അധോലോകവും ...

ചോട്ടാ എന്ന് പറഞ്ഞാൽ ഇതിലും വലുതൊന്നു അപ്പുറത്തുണ്ട്.നമുക്ക് വലുതുമ്മന്നു തുടങ്ങാം  ...
ഹാജി മസ്താൻ,കരിം ലാലാ എന്ന് തുടങ്ങി ബോംബെ വിറപ്പിച്ചിരുന്ന പരദേശികളെ വിട്ട് ബോംബെയിലെ തന്നെ ഗ്യാങ്ങുകൾ തല പൊക്കി തുടങ്ങുന്ന സമയം.അതായത് 1980 കാലഘട്ടം ..

ബഡാ രാജനായിരുന്നു അതിൽ പ്രധാനി.ബഡാ രാജൻ എന്റെ നാട്ടുകാരനാണ് അതായത് ഇരിങ്ങാലക്കുട സ്വദേശി.പക്ഷെ ജനിച്ചതും വളർന്നതുമെല്ലാം ബോംബെയിൽ തന്നെ.അഭിമന്യു എന്ന മലയാള ചലച്ചിത്രം ബഡാ രാജനെ അടിസ്ഥാനമാക്കി എടുത്ത ചിത്രമാണ്.ചെമ്പൂർ രാജൻ എന്നും ഇദ്ദേഹം അറിയപ്പെടും.ഇന്നും ചെമ്പൂര് ഗണേശോൽസവം  നടക്കുമ്പോൾ ബഡാ രാജന്റെ ചിത്രം അവടെ പ്രദർശിപ്പിക്കാറുണ്ട്  ..

അന്ന്യ നാടുകളിൽ മലയാളികൾക്ക് പണി തരുന്നത് മലയാളികൾ തന്നെയായിരിക്കും.ബഡാ രാജനും സംഭവിച്ചത് അത് തന്നെ.അബ്ദുൽ കുഞ്ഞു എന്ന മലപ്പുറംകാരന്റെ ചതി പ്രയോഗത്തിലാണ് ബഡാ രാജൻ കൊല്ലപെടുന്നത് ..

ബഡാ രാജന്റെ മരണത്തിനു പ്രതികാരമായി അബ്ദുൾ കുഞ്ഞിനെ വെടി വെച്ച് കൊന്നാണ് ബഡാ രാജന്റെ സംഘാംഗമായ ചോട്ടാ രാജന്റെ ബോംബെ അധോലോകത്തെ രംഗപ്രവേശം.

പിന്നീട് ദാവൂദുമായ് അടുത്തെങ്കിലും തല മൂപ്പത്തിൽ തർക്കങ്ങളുടലെടുത്തു രണ്ടു പേരും ആജന്മ ശത്രുക്കളായി മാറി.
ഞാൻ ബോംബെയിലായിരിക്കുമ്പോൾ ഒരു വെള്ളിയാഴ്ച ദിവസം യാധൃശ്ചികമായി ചോട്ടാ രാജന്റെ പിതാവുമായി സംസാരിക്കാൻ അവസരം ലഭിച്ചിരുന്നു.ബൈക്കുള ടെംകെർ മുല്ലയിൽ വെച്ച് .

ഒരു മകൻ ജീവിതത്തിൽ വഴി തെറ്റി പോയി രാജ്യമറിയുന്ന കുറ്റവാളിയായി തീർന്നതിന്റെ നിരാശ അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമായിരുന്നു. മലയാളികളോട് നല്ല മതിപ്പുമുണ്ടായിരുന്നു അദേഹത്തിന്. കാരണം ചോട്ടാ രാജൻ അധോലോകത്ത് വരുന്നതിനു മുൻപ് ജോലി ചെയ്തിരുന്നത് മലയാളിയുടെ കൂടെയായിരുന്നു...

എന്നിരുന്നാലും ബോംബെ അധോലോകത്തെ കുടിപ്പകകൾ ചോട്ടാ രാജന്റെ അറസ്റ്റോടെ തീരുമെന്ന് കരുതണ്ട.ദാവൂദിന്റെ പകയടങ്ങണമെങ്കിൽ രാജൻ മരിക്കുക തന്നെ വേണം.കാരണം രാജനുമായുള്ള മത്സരത്തിൽ ഒട്ടേറെ ആൾനാശമുണ്ടായത്  ദാവൂദിനാണല്ലോ.
ആർതർ ജയിലിൽ ദുരൂഹ സാഹചര്യത്തിൽ രാജൻ മരിച്ച വാർത്ത ഭാവിയിൽ കേട്ടാൽ അത്ഭുതപെടണ്ടാ ..
ഡി കമ്പനിക്കു ഇപ്പോഴും ശക്തമായ വേരുകൾ മഹാരാഷ്ട്ര  പോലീസിലുണ്ട്  ..

യക്ഷിയും ഞാനും ആകാശഗംഗയും ...

പതിവിലും വൈകിയാണന്ന് കടയടച്ചത്.വീട്ടിൽ പോകും വഴിയാണ് മ്മടെ വക്കീലിനെ കണ്ടത്. വക്കീലിനെ എവടെ വെച്ച് കണ്ടാലും കുറച്ച് നേരം സംസാരിച്ച് വിശേഷങ്ങൾ പങ്കു വെച്ചേ പിരിയാറുള്ളൂ. അങ്ങനെ സംസാരം തുടങ്ങി വിഷയം പ്രേതത്തിലേക്കായി. ഞാനിതുവരെ പ്രേതത്തെ കണ്ടിട്ടില്ല. വക്കീലാണെങ്കിൽ 2 പ്രാവശ്യം പ്രേതത്തെ കണ്ടു കഴിഞ്ഞിരിക്കുന്നു.

മ്മടെ മൂത്ത കാർന്നോരായ തോമാസേട്ടൻ തൊട്ട് ഞാൻ വരെ കാണാത്തതൊന്നും വിശ്വസിച്ച ചരിത്രമില്ലാത്തതു കൊണ്ട് വക്കീലിന്റെ കഥ കേൾക്കാൻ ഒരു ജിജ്ഞാസ ...  :) .വക്കീൽ കഥ പറഞ്ഞു തുടങ്ങി ...

വക്കീൽ ചാലക്കുടീന്ന് ഇരിഞ്ഞാലൊട വരുന്നു കാറിൽ.നേരം പാതിര. ചെറിയ ചാറ്റൽ മഴയുമുണ്ട്. പോട്ട സുന്ദരിക്കവലയിൽ വെച്ച് ഒരു സ്ത്രീ ലിഫ്റ്റിനായി കൈകാണിച്ചു. പാതിരാത്രിക്ക് ഒറ്റക്കൊരു സ്ത്രീ ഹൈവേയിൽ ലിഫ്റ്റ് ചോദിക്കുന്നതിന്റ സാംഗത്യമറിയാവുന്നതുകൊണ്ട് വക്കീൽ വണ്ടിയുടെ സ്പീഡ് ഒന്നു കൂടെ കൂട്ടി. പാതിരാ സമയമായതുകൊണ്ട് റോഡിൽ വാഹനങ്ങളധികമില്ല. ഇരിങ്ങാലക്കുട റോഡിൽ പ്രത്യേകിച്ചും. പോട്ടയിൽ നിന്ന് തിരിഞ്ഞ് വണ്ടി വല്ലക്കുന്നും പിന്നിട്ട് തൊമ്മാന പാടത്തെത്തി. അപ്പോഴതാ പോട്ട സുന്ദരിക്കവലയിൽ വെച്ച് ലിഫ്റ്റ് ചോദിച്ച അതേ സ്ത്രീ തൊമ്മാന പാടത്തു നിന്നും ലിഫ്റ്റ് ചോദിക്കുന്നു. സുന്ദരിക്കവലയിൽ വെച്ച് ഈ സ്ത്രീയെ കണ്ടതിൽ പിന്നെ ഒരൊറ്റ വണ്ടിയും തന്നെ ഓവർ ടേക്ക് ചെയ്തിട്ടില്ലെന്ന് ഓർത്തെടുത്ത വക്കീലിന്റെ മനസ്സിലൊരു വെള്ളിടി വെട്ടി ...

ഇരിങ്ങാലക്കുടയിൽ അടുത്തടുത്ത് രണ്ട് പള്ളികളുണ്ടായ കഥ ...

മറ്റു സ്ഥലങ്ങളിൽ നിന്നും വ്യത്യസ്ഥമായി രണ്ടു പള്ളികൾ അതും അടുത്തടുത്ത്‌ ഇരിങ്ങാലക്കുടയിൽ എങ്ങനെയുണ്ടായി എന്നതിന്റെ ഒരു ആഖ്യാനം ചരിത്രത്തിൽ നിന്നും.....

1027 വർഷത്തോളം പഴക്കമുള്ള മാപ്രാണം പള്ളിയായിരുന്നു നമ്മുടെ ഭാഗത്തുണ്ടായിരുന്ന ആദ്യത്തെ പള്ളി.നൂറ്റാണ്ടുകൾക്കു മുൻപ് കൊടുങ്ങല്ലൂരിൽ നിന്നും മറ്റു സമീപ പ്രദേശങ്ങളിൽ നിന്നും കൃഷിക്കും,വ്യാപാര ആവശ്യങ്ങൾക്കുമായി കുടിയേറിയവരാണ് ഇരിങ്ങാലക്കുടയിലെ ക്രൈസ്തവരുടെ മുൻതലമുറ.ക്രൈസ്തവ കുടുംബങ്ങളുടെ എണ്ണം ഇവിടെ കൂടിയപ്പോൾ സ്വന്തമായി ഒരു പള്ളി വേണമെന്നവർക്ക് തോന്നി.മാപ്രാണം പള്ളി വികാരിയുടെ ഉപദേശപ്രകാരം അധികാരസ്ഥാനങ്ങളിലേക്ക് പുതിയ പള്ളി പണിയാനുള്ള അനുമതിക്കായി അവർ അപേക്ഷകളയച്ചു.

കോമ്പാറക്കുന്നത്ത്(ഇന്നത്തെ പള്ളിയിരിക്കുന്ന സ്ഥലം)പള്ളി പണിയാനാനുള്ള അനുമതിക്കു അപേക്ഷിച്ച അവർക്ക് പക്ഷെ അനുവാദം കിട്ടിയത് മങ്ങാടി കുന്നത്ത് പണിയാനായിരുന്നു.
കാര്യ സാധ്യത്തിനു വേണ്ടി വീണ്ടും നിവേദനം സമർപ്പിച്ചു.1845-ൽ ദിവാൻ ശങ്കര വാര്യർ നേരിട്ട് അന്വേഷണം നടത്തി.അദ്ധേഹത്തിന്റെ ശുപാർശ  പ്രകാരം മഹാരാജാവ് രാമവർമ്മ തമ്പുരാൻ കോമ്പാറ കുന്നത്തോ,മങ്ങാടി കുന്നത്തോ ദേവാലയം പണിയാൻ അനുവാദം നല്കി.ഇതിനും ആക്ഷേപമുണ്ടായി.അന്നത്തെ റെസിടെണ്ടായിരുന്ന മേജർ ജനറൽ കല്ലൻ സായിപ്പ് വന്നു സ്ഥല പരിശോധന നടത്തി ഇപ്പോൾ പള്ളി സ്ഥിതി ചെയ്യുന്നതിന്റെ അല്പം പടിഞ്ഞാറ് മാറി തന്റെ കയ്യിലുണ്ടായിരുന്ന വടിയൂന്നി പള്ളിക്ക് സ്ഥാനം നിശ്ച്ചയിചൂവത്രേ.

പള്ളിപ്പണി പെട്ടെന്ന് നടന്നു.ഓലയും,മുളയും ഉപയോഗിച്ച് കിഴക്ക് പടിഞ്ഞാറായി കെട്ടിമേഞ്ഞ ഒരു കുതിരപന്തി നെടുമ്പുര,ചുറ്റും പനമ്പ് കൊണ്ട് മറച്ചു .കാറ്റും വെളിച്ചവും കടക്കുവാൻ പഴുതുകളിട്ടു. നെടുംപുരയുടെ പടിഞ്ഞാറ് ഭാഗത്ത്‌ സാമാന്യം വലിയൊരു പഴുത്.അതിനു പനമ്പ് കൊണ്ട് തന്നെ വാതിൽ.അതാണ് ആന വാതിൽ.അകത്തു കിഴക്ക് ഭാഗത്ത്‌ മരം കൊണ്ടുള്ള നീളൻ മേശ.ചാണകം മെഴുകിയ അൾത്താര.ഇങ്ങനെയായിരുന്നു പള്ളിയുടെ ആദ്യ രൂപം. 

ഇവിടുത്തെ കുറ്റികാടുകളിൽ വിഷ പാമ്പുകൾ ധാരളമുണ്ടായിരുന്നു.അതിൽ നിന്നും രക്ഷപെടുവാൻ സെന്റ്‌.ജോർജ്ജിന്റെ പേര് പള്ളിക്കിടണമെന്ന വിശ്വാസികളുടെ ആവശ്യം അംഗീകരിച്ചു.മാപ്രാണം പള്ളി വികാരി വെഞ്ചരിപ്പ് നടത്തി.സുറിയാനി റീത്തിൽ ദിവ്യ ബലിയർപ്പിച്ചു.1858-ൽ വി.ഗീവർഗ്ഗീസ്സിന്റെ പേരിൽ ഒരു ദർശന സഭ സ്ഥാപിച്ചു.

ദർശന സഭയുടെ ഉത്തരവാദിത്വത്തിൽ ആഴ്ച കുറികളും,മാസകുറികളും നടത്തി കുറച്ചു പണം ശേഖരിച്ചു.വർദ്ധിച്ച ജനസംഖ്യക്കനുസരിച്ചു പള്ളിയൊന്നു പുതുക്കി പണിയാൻ തീരുമാനിച്ചു.സ്ഥാനം ഇപ്പോഴത്തേത് തന്നെ കിഴക്കോട്ടു കുറച്ചു നീട്ടിയെടുത്തു.അതിനനുസരിച്ച് വീതിയും കൂട്ടി.പനമ്പ് മറയ്ക്കു പകരം മണ്ണ് ചവിട്ടി കുഴച്ചു ചുവരുണ്ടാക്കി.കെട്ടിമേച്ചിൽ ഓല തന്നെ.പണക്കാർ ധന സഹായം ചെയ്തു.പാവപ്പെട്ടവർ തങ്ങളുടെ അധ്വാനം കാഴ്ച വെച്ചു.അങ്ങനെ പള്ളിയുടെ രണ്ടാം ഘട്ടം പണി പൂർത്തിയായി.

ഇതിനിടയിൽ വിശ്വാസപരമായ കാരണങ്ങളാൽ(മേലൂസ് ശീശ്മ)ഇവിടുത്തെ ക്രൈസ്തവർ രണ്ടായി തിരിഞ്ഞു.മേലൂസ് മെത്രാനെ അംഗീകരിക്കുന്നവരും,അല്ലാത്തവരും.മേലൂസിനെ പിന്തുണക്കുന്നവർക്കായിരുന്നു ഭൂരിപക്ഷം.അവരുടെ അധീനതയിലായിരുന്നു സെന്റ്‌.ജോർജ്ജ് പള്ളി.അന്നത്തെ സെന്റ്‌.ജോർജ്ജ് പള്ളി ഇന്നത്തെ സെന്റ്‌.തോമസ്‌ കത്തീഡ്രൽ ആയതിന്റെ ചരിത്രം പറയുന്നതിന് മുൻപ് നിത്യരാധന കേന്ദ്രത്തിന്റെ(സെന്റ്‌ മേരീസ് പള്ളി അഥവാ കിഴക്കേ പള്ളി)അല്പം ചരിത്രം കൂടി പരാമർശിക്കാതിരിക്കുന്നതെങ്ങനെ.. 

മേലൂസിനെ എതിർത്ത ന്യൂന പക്ഷം തൊട്ടടുത്ത പറമ്പിൽ ഇന്ന് സ്തംഭം നിൽക്കുന്നതിന്റെ മുന്നിലായി പനമ്പ് കൊണ്ട് മറച്ച ഒരു ഓല ഷെഡുണ്ടാക്കി അതിൽ പ്രാർത്ഥനയും മറ്റും നടത്തി.വരാപ്പുഴ മെത്രാപോലീത്തയുടെ എല്ലാ വിധ സഹായവും അവർക്കുണ്ടായിരുന്നു.വെള്ളാനിക്കാരൻ ബഹു.യോഹന്നാൻ കത്തനാരായിരുന്നു ഇവർക്ക് നേതൃത്വം നല്കിയിരുന്നത്.ഈ ഓല ഷെഡാണ് ഇന്ന് കാണുന്ന സെന്റ്‌.മേരീസ്(കിഴക്കേ പള്ളി)പള്ളിയായി ഉയർന്നത്.

1880 അവസാനത്തോടെ അന്ന് നാട് വാണിരുന്ന രാമ വർമ്മ തമ്പുരാൻ സ്ഥിരമായി പള്ളി നിർമ്മിക്കാനുള്ള അനുമതി നല്കി.ഔദ്യോഗികാനുവാദം ലഭിച്ചപ്പോൾ പഴയ ഓല ഷെഡ്‌ മാറ്റി പള്ളി പുതുക്കി പണിതു.1881 ഫെബ്രുവരി 9-ആം തിയതി മാപ്രാണം പള്ളി വികാരി ബഹു.ചിറ്റിലപ്പിള്ളി പൌലോസ് കത്തനാർ സെന്റ്‌.മേരീസ്(കിഴക്കേ പള്ളി)പള്ളിയുടെ വെഞ്ചരിപ്പ് കർമ്മം നടത്തി.ബഹു.യോഹന്നാൻ കത്തനാർ ദിവ്യബലി അർപ്പിച്ചു.യേശുവിനെ തറച്ച കുരിശിന്റെ അൽപ ഭാഗമടങ്ങിയ അത്യപൂർവ്വമായ തിരുശേഷിപ്പ് അന്ന് വരാപ്പുഴ മെത്രാപോലീത്തയായിരുന്ന മാർ.സ്ലീനോസ് തിരുമേനി സെന്റ്‌.മേരീസ് പള്ളിക്ക് ദാനമായി നൽകിയെന്നത് പിതാവിന് പള്ളിയോടുണ്ടായിരുന്ന സ്നേഹ വാൽസല്ല്യത്തിനു ഉത്തമ തെളിവാണ്.

അന്ന് സെമിത്തേരി സ്തംഭം നിൽക്കുന്നതിന്റെ തെക്ക് ഭാഗത്തായിരുന്നു.അടുത്ത കാലം വരെ നവംബർ 2 ആം തിയ്യതി കിഴക്കേ സെമിത്തേരി വെന്ജെരിപ്പ് നടത്തുമ്പോൾ കാരണവന്മാർ അച്ഛനെ ഈ ഭാഗത്ത്‌ കൊണ്ട് വന്നു ഹന്നാൻ വെള്ളം തെളിപ്പിക്കുമായിരുന്നു.
പുതുക്കി പണിത സെന്റ്‌.മേരീസ് പള്ളിയുടെ ഉദ്ഘാടനം 1920 നവംബർ 3 ആം തിയ്യതി മാർപാപ്പയുടെ പ്രതിനിധി പീറ്റർ പിസാനി നിർവ്വഹിച്ചു.പള്ളി പണിക്കു പ്രധാനമായും നേതൃത്വം നല്കിയത് ബഹു.വയലാട്ടു ഗീവർഗ്ഗീസച്ചനും,പുളിക്കൻ എബ്രഹാം അച്ചനുമായിരുന്നു.ഗോതിക് ശില്പ കലയിലാണ് പള്ളി പണിതിരിക്കുന്നത്. 

1936-ൽ ഒരു സ്ഥാപനത്തിന്റെ വകയായി പണിയിച്ച തിരു ഹൃദയ സ്തംഭത്തിന്റെ തിരുന്നാൾ നവംബർ അവസാനത്തെ ഞായറാഴ്ച ഗംഭീരമായി ആഘോഷിച്ചിരുന്നു.അഞ്ചോ, ആറോ ജോഡി അലങ്കരിച്ച കാളകളെ പൂട്ടിയിട്ടുള്ള നകാര വണ്ടി,ഈന്ത പട്ട കരങ്ങളിലെന്തി ക്രിസ്തു രാജന് ജയ് വിളിച്ചു ആയിരകണക്കിനാളുകൾ. ഘോഷയാത്രയ്ക്ക് ശേഷം തിരു ഹൃദയ സ്തംബതിനു മുന്നിലെ വേദിയിൽ ദിവ്യ ബലി,അതിനു ശേഷം കരിമരുന്നു പ്രയോഗം.പിൽക്കാലത്ത്‌ ഘോഷ യാത്ര നിറുത്തൽ ചെയ്തു.മറ്റു ചടങ്ങുകളെല്ലാം ഭംഗിയായി ഇന്നും നടന്നു വരുന്നു.

1882 ൽ അന്ത്യോക്യ പാത്രിയർക്കീസ് മേലൂസ് മെത്രാനെ മടക്കി വിളിച്ചു.മേലൂസ് റോമാ മാർപാപ്പയാൽ അയക്കപെട്ട മെത്രാനല്ലെന്നും ശീശ്മയാണെന്നും മനസ്സിലാക്കിയ ഉടനെ സെന്റ്‌.ജോർജ്ജ് ഇടവക ജനം കുറ്റമേറ്റു പറഞ്ഞു.മാതൃ സഭയിലേക്ക് പിന്തിരിഞ്ഞു.വരാപ്പുഴ മെത്രാപോലീത്തയുമായി ഐക്യപെട്ടു.എങ്കിലും സെന്റ്‌.മേരീസ് പള്ളി അതേപടി നിലനിൽക്കുകയാണ് ചെയ്തത്.രണ്ടു ഇടവക,രണ്ടു വികാരിമാർ പക്ഷെ രണ്ടു കൂട്ടർക്കും പൊതുവായി ഒറ്റ തിരുന്നാൾ-പിണ്ടിപെരുന്നാൾ ...

ഇന്ന് കിഴക്കേ പള്ളി രൂപതയുടെ നിത്യരാധന കേന്ദ്രമായും രണ്ടു പള്ളികൾ സംയോജിച്ച് സെന്റ്‌.തോമസ്‌ കത്തീഡ്രലിനു കീഴിൽ ഒരു ഇടവകയായും പ്രവർത്തിക്കുന്നു...

ഞാനുമെന്റെ അമ്മാമയും ...

അമ്മാമ ഇന്ന് ജീവിച്ചിരിപ്പില്ല.99 വയസ്സ് വരെ ജീവിച്ചു.എന്നോട് വളരെ സ്നേഹമായിരുന്നു.കാരണം അപ്പാപ്പന്റെ പാരമ്പര്യ ഗുണങ്ങൾ എന്നിലുണ്ടെന്ന് അമ്മാമ എപ്പഴും പറയും.അപ്പാപ്പന്റെ നടപ്പും സംസാരവും എന്തിന് കാൽപാദം പോലും അപ്പാപ്പന്റെ പോലെയാണ് എന്നാണ് അമ്മാമയുടെ പക്ഷം.അതും പറഞ്ഞു ഇടക്കെന്റെ കാലൊക്കെ പിടിച്ചു മുത്തും  :) .ഞാൻ കണ്ടിട്ടില്ലാത്ത, ഞാൻ ജനിക്കുന്നതിനെത്രയോ മുൻപ് മരിച്ചു പോയ അപ്പാപ്പനോട് എന്ത് മാത്രം സ്നേഹമായിരുന്നുവെന്ന് അമ്മാമക്ക് എന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.

പഴമയുടെ അറിവുകൾ ഏറെ പകർന്നു തന്നിട്ടുണ്ട് എന്റമ്മാമ.ചെറുപ്പത്തിൽ അപ്പന്റെ കയ്യീന്ന് അടി കിട്ടുമ്പോ അമ്മമ്മയുടെ മുണ്ടിന്റെ വാലിൽ പിടിച്ചു ഞാൻ പിന്നിലൊളിക്കും.പിന്നെ അപ്പനോട് കോമ്പ്രമൈസ് ചെയ്യേണ്ടത് അമ്മമ്മയുടെ പണിയാണ്.എത്ര അടികളിൽ നിന്നും അങ്ങനെ രക്ഷപ്പെടുത്തിയിരിക്കുന്നു.

അമ്മമ്മയുടെ അവസാനകാലങ്ങളിൽ ഒരു മാസത്തോളം ഞാൻ പുല്ലൂര് ആശുപത്രിയിൽ രാവും പകലും അമ്മാമയെ ശുശ്രൂഷിച്ചു.പിന്നെ പിന്നെ അമ്മമ്മയുടെ ബോധം പോയി.ഏറ്റവും പ്രിയപ്പെട്ടതായിരുന്ന എന്നെ തിരിച്ചറിയാതായി.ഏത് നിമിഷവും മരണം സംഭവിക്കാവുന്ന അവസ്ഥ.

അങ്ങനെയിരിക്കെ ലീവ് തീർന്ന് തിരികെ ഗൾഫിൽ വരേണ്ട ദിനമെത്തി.എയർ പോർട്ടിൽ പോകാൻ വണ്ടി വന്നു.ഞാനെല്ലാം റെഡിയായി അവസാനമായി എന്റെ അമ്മാമയോട് യാത്ര ചോദിക്കാൻ ചെന്നു.എനിക്കറിയാമായിരുന്നു എന്റെ പ്രിയപ്പെട്ട അമ്മാമയെ ഇനി ഞാൻ ജീവനോടെ കാണില്ലായെന്ന്.ആ യാഥാർത്ഥ്യം ഉൾക്കൊള്ളാനാവാത്ത വിധം എന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു.അമ്മമ്മയുടെ സമീപമിരുന്ന് ആ കയ്യെടുത്ത് പിടിച്ചു ചുംബിച്ചു കൊണ്ട് ഞാൻ യാത്ര പറഞ്ഞു.എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അടുത്ത കൈ കൊണ്ട് അമ്മാമ എന്റെ കൈ മുറുകെ പിടിച്ചു.അമ്മമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീരൊഴുകുന്നുണ്ട്.ഒന്നേ ചോദിച്ചുള്ളൂ.മോനെ പ്രിജോ,അമ്മാമയെ വിട്ട് മോൻ പോവാലെ,ഇനി അമ്മാമ്മക്കെന്റെ പൊന്നുമോനെ കാണാനാവില്ലല്ലോ.എന്റെ എല്ലാ അനുഗ്രഹവും നിനക്കുണ്ടാവും.നീ നന്നാവും എന്നും പറഞ്ഞനുഗ്രഹിച്ചു.ആഴ്ചകളായി എന്നെ തിരിച്ചറിയാതിരുന്ന അമ്മൂമ്മക്ക്‌ പെട്ടെന്ന് ആ നിമിഷത്തിൽ വന്ന തിരിച്ചറിവ് ഇന്നും അത്ഭുതത്തോടെയേ എനിക്കോർക്കാനാവൂ.ഗൾഫിലെത്തി രണ്ടാമത്തെ ദിവസം ഫോൺ വന്നു എന്റെ അമ്മാമ എന്നെ വിട്ട് അങ്ങ് ദൂരേക്ക് യാത്രയായെന്ന് ...   :( :( :(

താളവട്ടം ...

ഇരിങ്ങാലക്കുടയിൽ ഒരാശുപത്രി ജീവിതത്തിനിടയിൽ ഞാൻ കണ്ടുമുട്ടിയ ഏതാനും മാനസിക രോഗികളുമായുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ്. കുറച്ചധികം അനുഭവങ്ങളുള്ളത് കൊണ്ട് ഓരോ ദിവസവും ഓരോന്നായി പങ്കുവെക്കാം ....

വായിച്ചു തുടങ്ങുക ...

ഫാർമസിയിൽ നിന്നും ഒരു കുന്നാരം മരുന്നും വാങ്ങി വരുകയാണ് ഞാൻ. ഗുളിക പൊതികൾ കുറേ കയ്യിലുണ്ട്. ബില്ല് വായിൽ ചുണ്ടുകൊണ്ട് അമർത്തി പിടിച്ചിരിക്കുന്നു.ഒരു കയ്യിൽ ബാലൻസ് പണം, ഇങ്ങനെ നടന്നു വരുമ്പോഴായിരുന്നു ആ അമ്മച്ചി എന്നെ വിളിച്ചത്.

ടാ കുറേ നാളായല്ലോ നിന്നെ കണ്ടിട്ട്.ഞാൻ തിരിഞ്ഞു നോക്കി എന്നോട് തന്നെയാണോ? അതോ ആള് മാറിയോ? പുറകിലാരുമില്ല.അതുകൊണ്ട് എന്നോട് തന്നെയാണെന്ന്‌ മനസ്സിലായി.ആ നിന്നെ തന്നെ ഇങ്ങട് വാടാ ചോദിക്കട്ടെ അമ്മച്ചി പറഞ്ഞു. ഞാൻ കാശും ബില്ലുമൊക്കെ പോക്കറ്റിൽ വെച്ച് അമ്മച്ചിയുടെയടുത്തേക്ക് ചെന്നു. അന്നും നമ്മള് ആരെയുമറിയില്ലെങ്കിലും മ്മളെ അറിയുന്ന കുറേ പേരുണ്ടായിരുന്നു.അതു കൊണ്ട് അങ്ങനെ ഞാനറിയാത്ത, എന്നെയറിയുന്ന ഏതോ അമ്മച്ചിയാണെന്നാണ് ഞാൻ കരുതിയത്, ഞാൻ ചിരിച്ച് ഹസ്തദാനം നൽകി കൊണ്ട് പറഞ്ഞു. കുറച്ചു നാൾ നാട്ടിലുണ്ടായിരുന്നില്ല. ഇപ്പോൾ അമ്മൂമക്ക് സുഖമില്ലാത്തതു കൊണ്ട് നോക്കാൻ നിൽക്കാ, 

അമ്മച്ചി എന്റെ മുഖത്തൊക്കെ ഉഴിഞ്ഞു കൊണ്ട് ഭയങ്കര ക്ഷേമാന്വേഷണങ്ങൾ. നീ ക്ഷീണിച്ചു, നിറം കുറഞ്ഞു. അപ്പോഴും ഇതേതാ കക്ഷി എന്ന് ഞാനാലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു.അമ്മച്ചിയുടെ കൂടെയുള്ള ചേച്ചി സുകൃതജപം പോലെ സുഖമില്ലാത്ത ആളാണേ സുഖമില്ലാത്ത ആളാണേ എന്ന് പറയുന്നുണ്ട്. എന്താണെന്ന് അപ്പോ മനസ്സിലായില്ലെങ്കിലും അമ്മച്ചിയുടെ പിന്നീടുള്ള പെരുമാറ്റത്തിൽ നിന്ന് എനിക്ക് മനസ്സിലായി എന്താണ് അസുഖമെന്ന്. ഗുളിക പൊതി നോക്കി അമ്മച്ചി ചോദിക്കുകയാണ് ഈ എഴുത്തൊക്കെ ആർക്ക് പോസ്റ്റ് ചെയ്യാനാണെന്ന്.ഹസ്തദാനം നൽകിയ കൈ എടുക്കാൻ ശ്രമിച്ചപ്പോൾ അമ്മച്ചിയുടെ ഭാവംമാറി.കൂടെയുള്ള ചേച്ചി അമ്മച്ചിയെ ബലമായി പിടിച്ചു മാറ്റാൻ ശ്രമിക്കും തോറും അമ്മച്ചി യെന്നെ മുറുകെ പിടിച്ചു കൊണ്ടിരുന്നു.

പെട്ടെന്ന് തോന്നിയ ഒരു ബുദ്ധിയിൽ ഞാൻ പറഞ്ഞു. പോസ്റ്റാഫീസ് അടക്കാറായി അമ്മച്ചി. ഈ കത്തൊക്കെ പോസ്റ്റ് ചെയ്ത് ഞാൻ ദിപ്പോ വരാമെന്ന് പറഞ്ഞപ്പോൾ കൈവിട്ടു.സൂക്ഷിച്ചു പോണേ മോനേ എന്ന് പറഞ്ഞു അമ്മച്ചി, ആദ്യമായാണ് ജീവിതത്തിലിത്തരമൊരനുഭവം, രക്ഷപ്പെട്ട ആശ്വാസത്തിൽ ഞാൻ വാർഡിലേക്ക് പോയി,

ചായ വാങ്ങാൻ ക്യാന്റീനിലേക്ക് പോകുമ്പോഴാണ് അമ്മച്ചിയുടെ കൂടെയുണ്ടായിരുന്ന ചേച്ചിയെ കണ്ടത്, ചേച്ചിയൊന്ന് നിസ്സഹായയായി ചിരിച്ചു.ഞാനും ചിരിച്ചു. ചേച്ചി പറഞ്ഞു ഒന്നും വിചാരിക്കരുത് അമ്മച്ചിക്ക് മെന്റൽ പ്രോബ്ളത്തിന് ചികിത്സയിലാണ്.ഞാൻ ചോദിച്ചു എന്താണ് ഇങ്ങനെ വരാൻ ?

നല്ല രീതിയിൽ ജീവിച്ചിരുന്ന കുടുംബമായിരുന്നു അവരുടേത്. അവരുടെ ജീവിതത്തിൽ സംഭവിച്ച ഒരു വാഹനാപകട ദുരന്തത്തിൽ അവരുടെയെല്ലാമെല്ലാമായ ഭർത്താവിനേയും ഏകമകനേയും അവർക്കു നഷ്ടപ്പെട്ടു.ആ വേർപാടിനെ അവരുടെ മനസ്സ് അംഗീകരിച്ചില്ല, അന്ന് മുതൽ അവരുടെ മനസ്സിന്റെ താളം തെറ്റുകയായിരുന്നു, ശരീരത്തിലുണ്ടായിരുന്ന പരുക്കുകൾ മാറി. പക്ഷേ മനസ്സിനേറ്റ മുറിവ് മാറിയില്ല.

ആശുപത്രി വിടും വരെ അമ്മച്ചിയെ സന്ദർശിക്കുമായിരുന്നു.പിന്നീട് ഞാനാ അമ്മച്ചിയെ കണ്ടിട്ടില്ല. ഇപ്പോൾ ജീവിച്ചിരുപ്പുണ്ടോ? രോഗാവസ്ഥയിൽ നിന്നും മുക്തയായോ ഒന്നുമറിയില്ല. പക്ഷേ പതിനഞ്ച് വർഷങ്ങൾക്കിപ്പുറവും ആ മുഖം മനസ്സിലുണ്ട്,

(തുടരും)

അമ്മിയിൽ നിന്നും പുനർജനിച്ച ഇരിങ്ങാലക്കുട ...

വീടിന്റെ പിന്നാമ്പുറത്ത് അമ്മി ഒരു പുരാവസ്തു കണക്കെ മൂടിയിട്ടിരിക്കുന്നു. എത്രയോ നാളുകളായി അതങ്ങനെയാണ്. അതിലേക്ക് നോക്കും തോറും ഓർമ്മകൾ പുറകിലോട്ട് സഞ്ചരിക്കാൻ തുടങ്ങി.

പുല്ലൂര് മിഷൻ ആശുപത്രിയുടെ പള്ളിയുടെ അൾത്താര ഇരിക്കുന്ന ഭാഗത്ത് പണ്ട് ഓടിട്ട കെട്ടിടത്തിൽ ഒരു നഴ്സറി സ്കൂളുണ്ടായിരുന്നു. അവിടെയാണ് ഞാൻ വിദ്യാരംഭം കുറിച്ചത്.അങ്ങോട്ട് പോകുമ്പോൾ നടക്കും. മുല്ലക്കാട് അന്നൊരു ചെറിയ കുളവും ആ കുളവുമായി ബന്ധപ്പെട്ട് പരന്നൊഴുകിയിരുന്ന ഒരു തോടുമുണ്ടായിരുന്നു. തോട്ടിലെ വെള്ളം കടന്നു വേണം അന്ന് സ്കൂളിൽ പോകാൻ. ഇന്ന് തോടുമില്ല കുളവുമില്ല, മൺപാത നല്ല കോൺക്രീറ്റ് റോഡായി. നടപ്പാത വാഹനമോടിക്കാവുന്ന നിലയിലുമായി.

ശോഭൻ ബ്രദേഴ്സ്, ബ്രദേഴ്സ് എന്നീ ബസ്സുകളിലായിരുന്നു മിക്കവാറും മടക്കം. കാലത്തിന്റെ വിസ്മൃതിയിൽ ഈ ബസ്സുകളുമുണ്ട്. അന്ന് വീട്ടിൽ നിന്നും ഠാണാവിലേക്കുള്ള വഴിയിൽ നായരപ്പാപ്പന്റെ ചായക്കട, വിജയേട്ടന്റെ ചായക്കട, സിസിലി ചേച്ചി, പ്രകാശേട്ടൻ അങ്ങനെ കുറേ ചായക്കടകളുണ്ടായിരുന്നു. ഈ കടകളിലെല്ലാം തിരക്കും നാട്ടിലെ വിശേഷങ്ങളുടേയും, സൗഹൃദങ്ങളുടേയും കൈമാറ്റവും നടന്നിരുന്നു. ഈ കടകളൊന്നുമിന്നില്ല. നടത്തിപ്പുകാർ പലരും കാലയവനികക്കുള്ളിൽ മറഞ്ഞു.

അന്ന് ഠാണാവിൽ സി.ഐ ഓഫീസിനും ഗവൺമെന്റ് ആശുപത്രിക്കുമിടയിൽ നാലഞ്ച് പെട്ടി കടകളുണ്ടായിരുന്നു. ഞാനാദ്യമായി സോഡ കുടിച്ചതും അവിടെ നിന്നുമായിരുന്നു. കട്ടിയുള്ള കുപ്പിയിൽ ഗോലി കൊണ്ടsച്ചു ഭദ്രമാക്കിയ ഗോലി സോഡ. സ്കൂൾ തുറക്കുന്നതിന് മുമ്പ് കുടകൾ ശീല മാറാനും, ഒടിഞ്ഞ കമ്പികൾ മാറാനും നൽകിയിരുന്നത് ഇവിടുള്ള രാജു ചേട്ടനും അഛനും ചേർന്ന് നടത്തിയിരുന്ന കടയിലായിരുന്നു.

അനധികൃത കയ്യേറ്റമാരോപിച്ച് നഗരസഭ ഈ പെട്ടി കടകൾ പൊളിച്ചുമാറ്റുമ്പോൾ തല തല്ലി കരഞ്ഞിരുന്ന ബാബു ചേട്ടന്റെ മുഖം ഇന്നും ഓർമ്മയിലുണ്ട്. ഹോട്ടൽ സ്വരാജ്, അക്ഷയജ്വല്ലറി, പണി പഠിക്കുന്ന സമയത്ത് കേന്ദ്രമായിരുന്ന ആലേങ്ങാടൻസ് ഇലക്ട്രിക്കൽസ്, ബേബി ചേട്ടൻ, സിദ്ധേട്ടൻ,സുധിയുടെ ബാർബർ ഷോപ്പ് ഓർമ്മയിൽ എത്ര പെട്ടെന്നാണ് ഇതൊക്കെ തെളിഞ്ഞു വരുന്നത്. എപ്പോഴും ജനനിബിഡമായിരുന്ന സി.ഐ ഓഫീസ് ഇന്ന് ട്രാഫിക് കൺട്രോൾ യൂണിറ്റായി ആളും ആരവവുമില്ലാതെ കിടക്കുന്നു.ഠാണാവിലൂടെ പോകുന്ന സമയം നോക്കാൻ വാച്ചില്ലാത്തവരാശ്രയിച്ചിരുന്ന താക്കോൽക്കാരൻ ജ്വല്ലറിയുടെ വലിയ ക്ളോക്ക് ഒരു പ്രതീകം തന്നെയായിരുന്നു.

ട്രാഫിക് ഐലന്റിൽ കയറി സ്റ്റോപ്പ് എന്ന പരിചയും പിടിച്ച് ട്രാഫിക് നിയന്ത്രിച്ചിരുന്ന പോലീസുകാർ, സി.എം.എസ് സ്കൂളിന് എതിർവശത്തുണ്ടായിരുന്ന മേനോൻ കമ്പനി, അതിനപ്പുറത്തെ കാർന്നോരുടെ ഹോട്ടൽ, പണ്ട് ഒരു സമയത്ത്  സ്ഥിരം ഭക്ഷണം കഴിച്ചിരുന്ന അപ്പോളോ ഹോട്ടൽ, 16 എം.എം സിനിമയുടെ ഓഫീസ്, ആദ്യമായി ഒരു മുഴുനീള പ്രൊജക്റ്റിൽ വർക്ക് ചെയ്ത എം.സി.ജെ സൂപ്പർമാർക്കറ്റ്, കൗണ്ടറിലിരുന്ന് അടുക്കളയിലേക്ക് മൈക്കിലൂടെ ഓർഡർ വിളിച്ചു പറഞ്ഞിരുന്ന സ്റ്റാൻഡേർഡ് ഹോട്ടൽ, ആകാശവാണിയിലൂടെ നാട്ടിലെ സ്ഥാപനത്തിന്റെ പേര് ആദ്യമായി പരസ്യം കേട്ട ഉത്സവ് ടെക് സ്റ്റൈൽസ്, പണ്ട് പിണ്ടി പെരുന്നാളിന് അമ്പിന് പോകുമ്പോൾ ഓരോ കുപ്പി കള്ളു കുടിച്ചിരുന്ന ഗാന്ധിഗ്രാമിലെ കള്ളുഷാപ്പ്,ഠാണാവിൽ കോളനിയിലേക്ക് തിരിയുന്നിടത്തുണ്ടായിരുന്ന ചാരായ ഷാപ്പ്, അതിനപ്പുറത്തുണ്ടായിരുന്ന റഹ്മാനിയ ഹോട്ടൽ എല്ലാം ഇന്നോർമ്മകൾ.

ശരിയും ചോദ്യ ചിഹ്നവും അടയാളമാക്കി ഉയർന്നു വന്ന മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റുകൾ, വർക്കീസ് സൂപ്പർമാർക്കറ്റ്, ആര്യാസ് ഹോട്ടൽ, പണ്ട് അരിയും മുളകുമൊക്കെ പൊടിക്കാൻ പോയിരുന്ന ജോൺസൻ ഗാരേജ്, ഗ്യാസ് ബുക്ക് ചെയ്യാൻ വെളുപ്പിന് പോയി വരിയിൽ നിന്നിരുന്ന ഠാണാവിലെ ജോ ഗ്യാസ് ഏജൻസി, എന്റെ വിവാഹത്തിന് താലിമാലയെടുത്ത ചെമ്പകശ്ശേരി ജ്വല്ലറി  ദൈവമേ എത്രയോ സ്ഥാപനങ്ങളാണ് ഈ കാലയളവിൽ ഇല്ലാതായത് ?

സൈക്കിളിൽ മീൻ കൊണ്ടുവന്നിരുന്ന മാണിക്യൻ ചേട്ടൻ, എം 80 വണ്ടിയിൽ മീൻ കൊണ്ടുവന്നിരുന്ന ബാബു ചേട്ടൻ, ഉണ്ണി ചേട്ടൻ, രണ്ട് മീൻകുട്ടകൾ ഒരു വടിയിൽ ഘടിപ്പിച്ച് തോളിലേന്തി നടന്ന് മീൻ വിറ്റിരുന്ന സായ് വ് ഇവരൊക്കെ ഇന്ന് ജീവിച്ചിരുപ്പുണ്ടാകുമോ?

അയൽപക്കങ്ങളിലേക്കൊന്ന് ഞാൻ വെറുതെ തിരിഞ്ഞു നോക്കി. വർഗീസേട്ടൻ, കുരിയൻ ചേട്ടൻ, വിൻസൻ ചേട്ടൻ, ജോസേട്ടൻ, കേശവൻ ചേട്ടൻ, അന്നം കുട്ടിചേച്ചി, തങ്കപ്പൻചേട്ടൻ, ദാസൻ ചേട്ടൻ അങ്ങനെ എത്രയോ പേർ ഒരു കുടുംബം പോലെ ആത്മബന്ധം പുലർത്തിയവർ സ്ഥലവും വീടും വിറ്റ് മറ്റിടങ്ങളിലേക്ക് കുടിയേറി, ചിലർകാലയവനികക്കുള്ളിൽ മറഞ്ഞു, വീടിന് മുന്നിലുണ്ടായിരുന്ന കശുമാവും പുളിയുമിന്നില്ല. മുന്നിലെ പറമ്പിലുണ്ടായിരുന്ന ഞാവലും, മുളങ്കാടുകളുമിന്നില്ല, എത്ര പെട്ടെന്നാണ് മാറ്റങ്ങൾ സംഭവിച്ചത്.

ഈ ഓർമ്മകൾ എന്തുകൊണ്ട് മായാതെ ഇപ്പോഴും എന്റെ മനസ്സിൽ കിടക്കുന്നു? ഒരു പക്ഷേ ആ കാലഘട്ടത്തിന്റെ മനുഷ്യരുടെ നല്ല ഇടപെടലുകളാവാം, തുറന്ന മനസ്ഥിതിയാകാം. എന്തായാലും നഷ്ടങ്ങൾ നഷ്ടങ്ങൾ തന്നെയാണ്. തിരിച്ചു കിട്ടാത്ത നഷ്ടങ്ങൾ. കാലങ്ങൾ മാറുകയാണ്. മനുഷ്യരും.നമ്മളെയൊക്കെ ഭാവിയിൽ ആരെങ്കിലുമോർക്കുമോ? ഓർക്കുന്നെങ്കിൽ എന്തിന്റെ പേരിലായിരിക്കുമത്?

ഒരു ഈരടികളോടെ ഈ കുറിപ്പവസാനിപ്പിക്കുന്നു ...

"മരണം വരുമൊരുനാൾ
ഓർക്കുക മർത്യാ നീ ..
കൂടെ പോരും നിൻ ...
ജീവിത ചെയ്തികളും ...
സൽകൃത്യങ്ങൾ ചെയ്യുക നീ ... അലസത കൂടാതെ ..

അമ്മിയെ മൂടിയിരിക്കുന്ന ചാക്കെടുത്ത് മാറ്റി അമ്മിയൊന്നു വൃത്തിയാക്കിയെടുക്കട്ടെ. ആ അമ്മിയിലൊരു ചമ്മന്തിയരച്ച് ഇന്ന് ചോറുണ്ണണം. കുറേ ഓർമ്മകൾ വീണ്ടെടുത്ത് തന്ന അമ്മിയോട് അതെങ്കിലും ചെയ്യുന്നതല്ലേ കാവ്യനീതി ...  :)

നുണയും ധാർമ്മികതയും ...

ഘടനാവാദാനന്തര മനോവിശ്ലേഷണത്തിന്റെ വക്താവായ ഷാക് ലക്കാൻ കർതൃത്വത്തെ സംബന്ധിച്ച തത്വം വിശദീകരിക്കാനായി ഒരു വാക്യം ഉദാഹരിക്കുന്നുണ്ട്. ‘ഇപ്പോൾ ഞാൻ കള്ളം പറയുകയാണ്’ എന്നതാണ് ആ വാക്യം. ഈ വാക്യത്തിന്റെ സത്യാത്മകത സംബന്ധിച്ച ചാക്രികയുക്തി നമ്മെ ഏറെ കുഴക്കുന്നതാണ്. ഈ പ്രസ്താവന സത്യമാണെങ്കിൽ, സത്യം പറയുമ്പോൾ കള്ളം പറയുകയാണ് എന്നു പറഞ്ഞാൽ അതു കള്ളമാകുമല്ലോ, അതിനാൽത്തന്നെ അത് സത്യവുമാകുന്നു. പ്രസ്താവന അസത്യമാണെങ്കിൽ  അപ്പറഞ്ഞത് സത്യമാവുകയും അതുകൊണ്ടുതന്നെ അതു നുണയായിത്തീരുകയും ചെയ്യുന്നു.

പറഞ്ഞു വരുന്നത് നുണയെ സംബന്ധിച്ചു തന്നെയാണ്.ഒരാൾ മറ്റൊരാളോടു ബോധപൂർവ്വം പറയുന്ന അസത്യപ്രസ്താവനയാണ് നുണ, കള്ളം, വ്യാജം, പൊളി, കളവ് എന്നൊക്കെ പറയപ്പെടുന്നത്. ബോധപൂർവ്വമാണ് ഈ പ്രയോഗം എന്നത് ശ്രദ്ധേയമാണ്. പറയുന്നയാൾക്ക് അറിയാം അതൊരു നുണയാണെന്ന്. മറ്റയാളെ വിശ്വസിപ്പിക്കാൻ നുണയൻ പല തന്ത്രങ്ങളും പയറ്റിയെന്നിരിക്കും. ഭാഷാപരവും ചേഷ്ടാപരവും വൈകാരികവുമായ അത്തരം പ്രകടനങ്ങളുടെ ആകത്തുകയാണ് മറ്റയാളെ ആ നുണ വിശ്വസിക്കത്തക്കതാക്കുന്നത്. സദുദ്ദേശം മുതൽ ഏറ്റവും ക്രൂരമായ ചതിപ്രയോഗം വരെ പലതരം ഉദ്ദേശങ്ങൾ ഈ നുണപറച്ചിലിനുപിന്നിലുണ്ടാകാം. 

ഞാൻ പറഞ്ഞു പോയ നുണ ശരിയായിരുന്നോ എന്ന് ഇപ്പോഴുമെനിക്കറിയില്ല. എന്തായാലും ആ സംഭവമെഴുതണമെന്നു തോന്നി. എഴുതാനെന്തും വിഷയമാക്കാമല്ലോ ..  :)

വർഷങ്ങൾക്കു മുമ്പ് ഞാൻ ഒമാനിൽ ജോലി ചെയ്തിരുന്ന സമയത്താണ് സംഭവം. എന്റെ പ്രവാസ ജീവിതത്തിന്റെ ആദ്യവർഷങ്ങൾ കൂടിയായിരുന്നു അത്. ക്യാമ്പിലെ ഡാൽ കറിയും ചപ്പാത്തിയും കഴിച്ചു മടുത്തു. അടുത്തെങ്ങും ഒരു മലയാളി ഹോട്ടലുകളുമില്ല. മാസത്തിലൊരിക്കൽ ശമ്പളമെടുക്കാനും അയക്കാനും ഒരു ദിവസം പോകുന്നതു മാത്രമാണ് പുറം ലോകവുമായുള്ള ഏക ബന്ധം. അങ്ങനെയിരിക്കെ ഭക്ഷണ കാര്യത്തിലെ എന്റെ ബുദ്ധിമുട്ടുകളൊക്കെ മനസ്സിലാക്കി കുറച്ചു ദിവസമെങ്കിലും ഇരിങ്ങാലക്കുടയിലെ എന്റെ വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം കഴിക്കട്ടെ എന്ന ഉദ്ദേശ്യത്തിൽ നാരങ്ങാച്ചാറും, മാങ്ങച്ചാറും, ചെമ്മീൻ, മീനച്ചാർ, ബീഫ് ഫ്രൈ, ചിപ്സ് എന്നിവ എന്റെ സഹോദരി വശം വീട്ടിൽ നിന്നും കൊടുത്തയച്ചു.

ശമ്പളമെടുത്തയക്കാൻ മസ്ക്കറ്റിൽ പോയ കൂട്ടത്തിൽ ഏറെ കൊതിച്ച് ഞാൻ കാത്തിരുന്നു കിട്ടിയ എന്റെ വീട്ടിൽ തയ്യാറാക്കിയ ഭക്ഷണ പൊതി കൈപറ്റി റൂവി ടാക്സി സ്റ്റാന്റിൽ നിന്നും ടാക്സിയിൽ കയറി. ഞാൻ മാത്രമല്ല എന്റെ റൂമിലുള്ളവരും ഏറെ ആഗ്രഹത്തോടെ കാത്തിരിക്കുകയായിരുന്നു. വായക്ക് ചൊടിയുള്ള എന്തെങ്കിലും കഴിക്കാമെന്നോർത്ത്. ടാക്സിയിൽ മുൻവശത്ത് കവറും ബാഗുമൊക്കെയായി കയറിയപ്പോൾ ഡ്രൈവർ പറഞ്ഞു കവർ പിന്നിൽ ഡിക്കിയിൽ വെച്ചോളൂവെന്ന്.

രണ്ട് മണിക്കൂർ യാത്രയുണ്ട് ക്യാമ്പിലേക്ക്. നന്നായൊന്ന് മയങ്ങി.ലിസൂക്ക് എന്ന എനിക്കിറങ്ങേണ്ട ചെറുപട്ടണമെത്തിയപ്പോൾ ഡ്രൈ വർ വിളിച്ചുണർത്തി. ടാക്സി കൂലിയും കൊടുത്ത് ഒരു 10 മീറ്റർ നടന്നപ്പോഴാണ് ഡിക്കിയിൽ നിന്നും ഭക്ഷണത്തിന്റെ കവർ എടുത്തില്ലല്ലോ എന്ന കാര്യമോർമ വന്നത്. ടാക്സിക്കു പിന്നാലെ കുറേ ഓടിയെങ്കിലും ടാക്സി ദൂരേക്ക് ദൂരേക്ക് പോയ്ക്കൊണ്ടിരുന്നു.കണ്ണിൽ നിറഞ്ഞ കണ്ണുനീരിൽ ആ ദൃശ്യം ഒരു എണ്ണ ഛായ ചിത്രം പോലെ അവ്യക്തമെങ്കിലും തെളിമയോടെ ഇന്നും മനസ്സിലുണ്ട്.

വൈകീട്ട് പതിവുപോലെ ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് ഹുണ്ടിവിളിച്ചപ്പോൾ മറുതലക്കൽ നിന്ന് അമ്മയുടെ ചോദ്യം. എങ്ങനെയുണ്ടായിരുന്നു ബീഫ്? അച്ചാറുകളെല്ലാം പൊട്ടിച്ചോ? എല്ലാം സേഫായി എത്തിയില്ലേ? ഭക്ഷണം കഴിച്ച് റൂമിലുള്ളവർ എന്തഭിപ്രായം പറഞ്ഞു?ഏത് കറിയാണ് നിനക്ക് കൂടുതലിഷ്ടപ്പെട്ടത്? എരിവും ഉപ്പുമൊക്കെ പാകമായിരുന്നോ .......

എല്ലാറ്റിനും വളരെ ഭംഗിയായി ഞാൻ നുണ പറഞ്ഞു. അന്ന് വീഡിയോ കോൾ സൗകര്യമുണ്ടായിരുന്നെങ്കിൽ എന്റെ മുഖഭാവത്തിൽ നിന്നും അമ്മ ഞാൻ പറയുന്നത് നുണയാണെന്ന് മനസ്സിലാക്കുമായിരുന്നു.എന്തായാലും ഈ പോസ്റ്റ് വായിച്ച് ആരെങ്കിലും ഈ നുണ കഥ അമ്മയുടെ ചെവിയിലെത്തിക്കുമെന്നെനിക്കറിയാം.എന്തായാലും ഞാനന്ന് ചെയ്തത് ശരിയോ തെറ്റോ എന്ന് നിങ്ങൾ തന്നെ തീരുമാനിക്കൂ ...  :)

പിണ്ടി പെരുന്നാളും ശീതയുദ്ധ സ്ഫോടനങ്ങളും ...

ഞാനും എന്റെ അനിയനുമായി അമേരിക്കയും റഷ്യയും പോലെ ഒരു ശീതയുദ്ധമുണ്ടായിരുന്നു ഒരു ടൈമിൽ.അങ്ങനെയിരിക്കെയാണ് ഇരിങ്ങാലക്കുട പിണ്ടിപെരുന്നാൾ വന്നത്.തിങ്കളാഴ്ചയാണ് ഞങ്ങളുടെ യൂണിറ്റിലെ അമ്പു പ്രദക്ഷിണം.രാവിലെയാണ് അമ്പു വരിക.അമ്പു വരുമ്പോൾ എല്ലാ വീടുകളിലും പുന്ന്യാളനെ തടഞ്ഞു വെച്ച് ഒരു പടക്കം പൊട്ടിക്കലുണ്ട്.പടക്കം പൊട്ടി തീരുവോളം അമ്പു അവടെ തന്നെ നിൽക്കും.പിന്നെ കാശിന്റെ ശക്തി നാലാളെ കാണിക്കാൻ അത് പോലെ കാശ് പൊട്ടിക്കുന്ന നസ്രാണികളും കുറവല്ല.

എന്തിരുന്നാലും എന്റെ വീട്ടിലെ വെടികെട്ടു കമ്മറ്റി ഞാനാണ്.രാവിലെ ഉറക്കമെണീട്ട് കയറും എളാങ്കും കൊന്ന പത്തലുമൊക്കെയായി മ്മള് പണി തുടങ്ങി.2000 ഓലപടക്കവും 10 ഗുണ്ടും ..
പടക്കം കെട്ടുന്നതിനിടയിൽ കൊഴിഞ്ഞ ഓലപടക്കങ്ങൾ ഞാൻ പെറുക്കിയെടുത്തു സൂക്ഷിച്ചു.പിന്നീട് പൊട്ടിക്കാമല്ലോ എന്ന് കരുതി.

അമ്പിന്റെ കൂടെ പള്ളിയിൽ പോകാനായി വീട്ടുകാരെല്ലാം തിരക്കിട്ട് ഒരുങ്ങുന്നു.ഒരു ടീമു എഴുന്നള്ളിച്ചു വെച്ച അമ്പിന്റെ മുന്നില് പ്രാർത്ഥന ചൊല്ലുന്നു.വല്യപ്പൻ ആൻഡ്‌ അദർ കാർന്നോരു ഗ്രൂപ്സ് ഇരുന്നു ചായയും പെരുന്നാൾ പലഹാരങ്ങളുമായി ഒരു വെടി വട്ടം ..

ഇതിലൊന്നും പെടാണ്ട് വീടിന്റെ മുന്നില് നിന്നിരുന്ന എന്റെ മുന്നിലേക്ക്‌ അവനെത്തി.എന്റെ അനിയൻ.പടക്കം ആൾക്കൊരു വീക്നെസ്സാണ്.അതറിയാവുന്ന ഞാൻ ഒരു പണി ഇരിക്കട്ടെ എന്ന് കരുതി കയ്യിലുണ്ടായിരുന്ന ഒറ്റ പടക്കം കത്തിച്ചു ആൾടെ പിന്നിലെക്കിട്ടിട്ടു അറിയാത്ത ഭാവത്തിൽ നിന്നു ..
ട്ടോ .. 4 ചാട്ടം ചാടണതു കണ്ടു.രൂക്ഷ ഭാവത്തിൽ എന്നെ നോക്കി അനങ്ങാണ്ടിരുന്നോ എന്ന് ഭീഗരമായി ഒരു ഭീഷണി മുഴക്കി.എനിക്ക് ചിരി അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.കുറച്ചു കഴിഞ്ഞപ്പോ ഒരെണ്ണം കൂടി കത്തിച്ചു.തിരി കത്തി പൊട്ടാൻ നേരം നൈസപ്പനായിട്ടു അവന്റെ അടുത്തെക്കിട്ടു.

പെട്ടെന്നാണ് കളി കാര്യമായത്.പടക്കത്തിന്റെ ചെറിയ ഒരാളി ചെന്ന് വീണത്‌ മ്മടെ 2000 ഓലേട്യും,10 ഗുണ്ടിന്റെയും മേത്ത്.ചെമ്പന്ടവടന്നു വേടിക്കുന്ന പടക്കത്തിന് പിന്നെയൊരു പ്രത്യേകതയുണ്ട്.എല്ലാം നന്നായി പൊട്ടും.പോട്ടാണ്ട് ബാക്കിയുണ്ടാവില്ല ..
പടക്കം പൊട്ടണ ശബ്ദം കേട്ട് പ്രാർത്ഥന എത്തിച്ചിരുന്നവർ അതൊന്നു സ്പീടപ്പാക്കി.മേക്കപ്പിട്ടു കൊണ്ടിരുന്നവരും പലഹാരം തിന്നോണ്ടിരുന്നവരും എല്ലാം കൂടി അമ്പും കൊണ്ട് പുറത്തേക്ക് വന്നു.വന്നവർ വന്നവർ ചുറ്റും നോക്കി അമ്പെവടെ ..?

രണ്ടു കയ്യും തലയിൽ വെച്ച് എന്തോ പോയ അണ്ണാന്റെ പോലെ നിന്നിരുന്ന ഞാൻ ദയനീയമായി എന്റപ്പനെ ഒന്ന് നോക്കി.പരസ്പരം നോക്കുന്ന നാല് കണ്ണുകൾ.എന്തും സംഭവിക്കാവുന്ന നിമിഷങ്ങൾ.എങ്ങും നിശബ്ധത.ആ നിശബ്ദതയെ ഭേതിച്ചു കൊണ്ട് ഒരു അട്ടഹാസം.വേറാരുമായിരുന്നില്ല അത് മ്മടെ സാക്ഷാൽ അനിയൻ കുട്ടി.എന്റെ നിസ്സഹായത അവൻ മൊതലെടുത്തതാവണം.

അപ്പനോട് ഞാൻ പറഞ്ഞു പടക്കം നല്ല ബെസ്റ്റ് പടക്കാ.ഒരെണ്ണല്ല്യ ഇനി പൊട്ടാത്തതായി.പണി എരന്നു മേടിച്ച ഞാൻ പ്രതീക്ഷിച്ച ട്വിസ്റ്റല്ല അപ്പൊ അവടെ സംഭവിച്ചത്.അന്നാണ് ഫ്രെണ്ട്സ് പടത്തിലെ ശ്രീനിവാസൻ ചിരിച്ച പോലെ എന്റപ്പൻ മതി മറന്നു ചിരിച്ചത്.അതോടെ ഈ ഞാനടക്കം അവടെ കൂടിയ എല്ലാ ബന്ധു ജനങ്ങളും,പടക്കം പൊട്ടണതു കേട്ട് പ്ലിങ്ങിയ എല്ലാവരും കൂടി അത് ഒരു കൂട്ടച്ചിരിയായി മാറി ..

ഗുണപാഠം - കഷ്ട്ട കാലേ പണി സർപ്പാലു ..
അതായത് വരാനുള്ള പണി ഓട്ടോറിക്ഷ പിടിച്ചായാലും വരുംന്ന് .. :) :) :)

ഇരിങ്ങാലക്കൊട പള്ളിയും ജോൺസനച്ചനും ...

വിശ്രമ വേളകൾ ആനന്ദകരമാക്കാൻ എന്തെങ്കിലും കുത്തിക്കുറിക്കുക എന്നതാണ് എന്റെ ശീലം.വലിയ തരക്കേടില്ലാത്ത പണിയൊക്കെ ആ വഴിക്ക് വന്നിട്ടുണ്ട് എന്നും പറയട്ടെ.കുറച്ചു നാളായി ചിതൽ പിടിക്കാത്ത ഓർമകളെ കുറിച്ചെഴുതിയിട്ട്.ഇന്നിത്തിരി സമയം ഒത്തുവന്നപ്പോൾ ഒരു ബാല്യകാലസ്മരണ ഫ്‌ളാഷ്ബാക്കിലൊന്നു മിന്നി.എന്നാ അതാവട്ടെ ഇന്നത്തെ പോസ്റ്റും എന്ന് കരുതി ..  :)

ഇന്ന് വരെയുള്ള എന്റെ കൂലങ്കഷമായ നിരീക്ഷണത്തിൽ "J" എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്ന പള്ളീലച്ചന്മാരൊക്കെ ഇച്ചിരി പെശകാ. പറയാൻ കാരണം പണ്ട് ഇരിങ്ങാലക്കുട പള്ളിയിലെ അൾത്താര സംഗത്തിലുണ്ടായിരുന്നപ്പോൾ എനിക്ക് ചീത്ത കേട്ടിരിക്കുന്നത് മുഴുവനും ഈ "ജെ" നാമധാരികളായിട്ടുള്ള അച്ചന്മാരുടെ കയ്യിൽ നിന്നും മാത്രമായിരുന്നു ..  :(. പിന്നേ താത്വികമായി എന്റെ അന്നത്തെ കയ്യിലിരുപ്പുകൾ അനലൈസ് ചെയ്‌തു നോക്കുമ്പോൾ അവർ ചീത്ത മാത്രമേ പറഞ്ഞുള്ളൂ എന്നത് ഇന്നും ഉത്തരം കിട്ടാത്ത ഒരു പ്രഹേളികയായി എന്നെ അത്ഭുതപെടുത്താറുണ്ട് ..  :)

ഇനി കഥയിലേക്ക് വരാം.അന്ന് ആദ്യ കുർബാന സ്വീകരണത്തിനൊരുങ്ങുന്ന സമയം.ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്‌കൂളിലാണ് അതിന്റെ ക്ലാസ്.അവധിക്കാലത്തെ ഏറ്റവും കൂടുതൽ അലോസരപ്പെടുത്തിയിരുന്നതും ഈ ക്ലാസ്സു തന്നെ.അന്ന് കൊട്ടിലിങ്ങ പാടത്ത് മിക്കവാറും രാവിലെ 10 മണിക്ക് ക്രിക്കെറ്റ് മാച്ചുണ്ടാവും.ആ ദിവസങ്ങളിൽ ആദ്യകുർബാന ക്ലാസ് ഞാനെന്റെ സൗകര്യത്തിന് കൊട്ടിലിങ്ങ പാടത്തോട്ടു മാറ്റും ..  :)

ആദ്യകുർബാന പരിശീലന ക്ലാസ്സിലെ എന്റെ സ്ഥിരമായ മുങ്ങൽ അന്നത്തെ സഹ.വികാരിയായിരുന്ന ജോൺസനച്ചന്റെ തൃക്കണ്ണിൽ പതിഞ്ഞു.പിറ്റേന്ന് കണ്ടപ്പോൾ ക്ലാസ്സിൽ വെച്ച് എന്നോട് ചോദിച്ചു, ഇന്നലെ എന്ത് പറ്റിയെന്ന് ?

കഠിനമായ വയറിളക്കം മൂലം വരാതിരുന്നതാണ് അച്ചോ എന്ന് അതീവ വിനയത്തോടെ ഞാനുണർത്തിച്ചു അച്ചനോട്. സാരമില്ല നാളെ അപ്പന്റെ ഒപ്പിട്ട് ലീവ് ലെറ്റർ കാണിച്ചിട്ട് ഇരുന്നാൽ മതിയെന്ന താത്വിക ഉപദേശം കേട്ട് ഞാൻ ഞെട്ടി.

ഇന്നൊക്കെയായിരുന്നെങ്കിൽ ദൃശ്യം സിനിമയുടെ തിരക്കഥ പോലെ അന്തസ്സ് ലീവ് ലെറ്റർ എഴുതികൊടുക്കാമായിരുന്നു.പക്ഷെ അന്ന് മ്മളത്രേം റേഞ്ചുണ്ടായിരുന്നില്ല.ഇംഗ്ളീഷ് മീഡിയം പഠിക്കുന്ന പെങ്ങളേ ചാക്കിട്ട് ഞാനൊരു ലീവ് ലെറ്റർ എഴുതിയുണ്ടാക്കി.ഇഗ്ളീഷ് ഭാഷയിലുള്ള പെങ്ങളുടെ പ്രാവീണ്യം സ്പഷ്ടമാക്കാൻ ആത്മാർത്ഥമായി പെങ്ങൾ ശ്രമിച്ചിരുന്നു.പിന്നൊള്ള കടമ്പ അപ്പന്റെ ഒപ്പാണ്.ഇടുക എളുപ്പമല്ല ആകെയൊരു കരകുര വരച്ചിട്ടുള്ള ഒരു സെറ്റപ്പാണ്.പിന്നേ ജോൺസനച്ചൻ ഇഗ്ളീഷില് വീണോളും, ഒപ്പു കാര്യമാക്കില്ല എന്ന വിശ്വാസത്തിൽ ദർബാർ രാഗത്തിൽ നുമ്മളങ്ങട് പെടച്ചു അപ്പന്റെ ഒപ്പ് ..  :)

പിറ്റേന്ന് എന്നെ സ്വീകരിക്കാൻ ജോൺസനച്ചൻ ക്ലാസ്സിന്റെ വാതിലിൽ തന്നെ നിന്നിരുന്നു.ലീവ് ലെറ്റർ കൊണ്ടന്നോടാ ?ഉവ്വച്ചോ ..  എന്നാലിങ്ങെട് ..  ഭവ്യതയോടെ കവർ തുറന്ന് ഞാൻ ലെറ്ററങ്ങോട്ട് നീട്ടി.മുഴുവൻ വായിച്ചു നോക്കി അച്ചൻ ക്ലാസ്സിലോട്ട് പോയി എന്നോട് കയറിയിരിക്കാനും പറഞ്ഞു .. 

എന്റെ മനസ്സിൽ സന്തോഷം തിര തല്ലുകയായിരുന്നു സൂർത്തുക്കളെ തിര തല്ലുകയായിരുന്നു.ഇത്രേം വല്ല്യ അച്ചനെ പുഷ്പ്പം പോലെ പറ്റിക്കാനായതിന്റെ ആത്മവിശ്വാസം പക്ഷെ അധികം നീണ്ടില്ല.ക്ലാസിലെ സകലമാന കുട്ടികളുടെയും മുന്നിൽ വെച്ച് മോനെ നീയിങ്ങടൊന്നു വന്നേ എന്നച്ചൻ വിളിക്കുമ്പോഴും എനിക്കപകടം മണത്തില്ല. അച്ചനെന്നെ ചേർത്ത് നിർത്തി ചോദിച്ചു.വയറിന് ഇപ്പോൾ എങ്ങനെയുണ്ട്, മരുന്നൊക്കെ കഴിക്കുന്നില്ലേ ? ഉവ്വച്ചോ ..  വയറിളക്കമല്ലാതെ പനിയോ തലവേദനയോ മറ്റോ ഉണ്ടായിരുന്നോ ?ഇല്ലച്ചോ ..  ഇതാരാ നിനക്ക് ഈ ലെറ്റർ എഴുതി തന്നത് ? പെങ്ങളാണച്ചോ ..  നിന്റെ രോഗവിവരങ്ങൾ പെങ്ങൾക്ക് ശരിക്കും അറിയാമായിരുന്നോ ? ഉവ്വച്ചോ, പെങ്ങളാണ് മരുന്നൊക്കെ എടുത്ത് തന്നത് ഒരോറപ്പിന് ഞാനിത്തിരിയൊന്നു കൂട്ടിയിട്ടു .. എന്നിട്ട് പെങ്ങൾ എഴുതിയിരിക്കുന്നത് കഠിനമായ പനിയും, തലവേദനയുമായിരുന്നു എന്നാണല്ലോ .. 

ഹല്ലേലൂയാ സ്തോസ്ത്രം.സ്ഥൈര്യലേപനം കിട്ടുന്നതിന് മുൻപ് ആത്മാവെഴുന്നള്ളി വന്നതാണോ അതോ ഉള്ളിലുള്ള കിളി പറന്നു പോയതാണോ എന്ന് തിരിച്ചറിയുമ്പോഴേക്കും എന്റെ ചെവി തിരിച്ചു പൊന്നാക്കിയിരുന്നു ജോൺസനച്ചൻ..  :( :( :(