Friday, 9 October 2020

ചേർത്തുപിടിക്കാം തനിയാവർത്തനങ്ങളായവരെ ...

ഇന്ന് ലോക മാനസികാരോഗ്യ ദിനം.

ഒരാശുപത്രി ജീവിതത്തിനിടയിൽ ഞാൻ കണ്ടുമുട്ടിയ ഏതാനും മാനസിക രോഗികളുമായുള്ള വിശേഷങ്ങൾ പങ്കുവെക്കുയാണ്. കുറച്ചധികം അനുഭവങ്ങളുള്ളത് കൊണ്ട് ഓരോ ദിവസവും ഓരോന്നായി പങ്കുവെക്കാം ....

വായിച്ചു തുടങ്ങുക ...

ഫാർമസിയിൽ നിന്നും ഒരു കുന്നാരം മരുന്നും വാങ്ങി വരുകയാണ് ഞാൻ. ഗുളിക പൊതികൾ കുറേ കയ്യിലുണ്ട്. ബില്ല് വായിൽ ചുണ്ടുകൊണ്ട് അമർത്തി പിടിച്ചിരിക്കുന്നു.ഒരു കയ്യിൽ ബാലൻസ് പണം, ഇങ്ങനെ നടന്നു വരുമ്പോഴായിരുന്നു ആ അമ്മച്ചി എന്നെ വിളിച്ചത്.

ടാ കുറേ നാളായല്ലോ നിന്നെ കണ്ടിട്ട്.ഞാൻ തിരിഞ്ഞു നോക്കി എന്നോട് തന്നെയാണോ? അതോ ആള് മാറിയോ? പുറകിലാരുമില്ല.അതുകൊണ്ട് എന്നോട് തന്നെയാണെന്ന്‌ മനസ്സിലായി.ആ നിന്നെ തന്നെ ഇങ്ങട് വാടാ ചോദിക്കട്ടെ അമ്മച്ചി പറഞ്ഞു. ഞാൻ കാശും ബില്ലുമൊക്കെ പോക്കറ്റിൽ വെച്ച് അമ്മച്ചിയുടെയടുത്തേക്ക് ചെന്നു. അന്നും നമ്മള് ആരെയുമറിയില്ലെങ്കിലും മ്മളെ അറിയുന്ന കുറേ പേരുണ്ടായിരുന്നു.അതു കൊണ്ട് അങ്ങനെ ഞാനറിയാത്ത, എന്നെയറിയുന്ന ഏതോ അമ്മച്ചിയാണെന്നാണ് ഞാൻ കരുതിയത്, ഞാൻ ചിരിച്ച് ഹസ്തദാനം നൽകി കൊണ്ട് പറഞ്ഞു. കുറച്ചു നാൾ നാട്ടിലുണ്ടായിരുന്നില്ല. ഇപ്പോൾ അമ്മൂമക്ക് സുഖമില്ലാത്തതു കൊണ്ട് നോക്കാൻ നിൽക്കാ, 

അമ്മച്ചി എന്റെ മുഖത്തൊക്കെ ഉഴിഞ്ഞു കൊണ്ട് ഭയങ്കര ക്ഷേമാന്വേഷണങ്ങൾ. നീ ക്ഷീണിച്ചു, നിറം കുറഞ്ഞു. അപ്പോഴും ഇതേതാ കക്ഷി എന്ന് ഞാനാലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു.അമ്മച്ചിയുടെ കൂടെയുള്ള ചേച്ചി സുകൃതജപം പോലെ സുഖമില്ലാത്ത ആളാണേ സുഖമില്ലാത്ത ആളാണേ എന്ന് പറയുന്നുണ്ട്. എന്താണെന്ന് അപ്പോ മനസ്സിലായില്ലെങ്കിലും അമ്മച്ചിയുടെ പിന്നീടുള്ള പെരുമാറ്റത്തിൽ നിന്ന് എനിക്ക് മനസ്സിലായി എന്താണ് അസുഖമെന്ന്. ഗുളിക പൊതി നോക്കി അമ്മച്ചി ചോദിക്കുകയാണ് ഈ എഴുത്തൊക്കെ ആർക്ക് പോസ്റ്റ് ചെയ്യാനാണെന്ന്.ഹസ്തദാനം നൽകിയ കൈ എടുക്കാൻ ശ്രമിച്ചപ്പോൾ അമ്മച്ചിയുടെ ഭാവംമാറി.കൂടെയുള്ള ചേച്ചി അമ്മച്ചിയെ ബലമായി പിടിച്ചു മാറ്റാൻ ശ്രമിക്കും തോറും അമ്മച്ചി യെന്നെ മുറുകെ പിടിച്ചു കൊണ്ടിരുന്നു.

പെട്ടെന്ന് തോന്നിയ ഒരു ബുദ്ധിയിൽ ഞാൻ പറഞ്ഞു. പോസ്റ്റാഫീസ് അടക്കാറായി അമ്മച്ചി. ഈ കത്തൊക്കെ പോസ്റ്റ് ചെയ്ത് ഞാൻ ദിപ്പോ വരാമെന്ന് പറഞ്ഞപ്പോൾ കൈവിട്ടു.സൂക്ഷിച്ചു പോണേ മോനേ എന്ന് പറഞ്ഞു അമ്മച്ചി, ആദ്യമായാണ് ജീവിതത്തിലിത്തരമൊരനുഭവം, രക്ഷപ്പെട്ട ആശ്വാസത്തിൽ ഞാൻ വാർഡിലേക്ക് പോയി,

ചായ വാങ്ങാൻ ക്യാന്റീനിലേക്ക് പോകുമ്പോഴാണ് അമ്മച്ചിയുടെ കൂടെയുണ്ടായിരുന്ന ചേച്ചിയെ കണ്ടത്, ചേച്ചിയൊന്ന് നിസ്സഹായയായി ചിരിച്ചു.ഞാനും ചിരിച്ചു. ചേച്ചി പറഞ്ഞു ഒന്നും വിചാരിക്കരുത് അമ്മച്ചിക്ക് മെന്റൽ പ്രോബ്ളത്തിന് ചികിത്സയിലാണ്.ഞാൻ ചോദിച്ചു എന്താണ് ഇങ്ങനെ വരാൻ ?

നല്ല രീതിയിൽ ജീവിച്ചിരുന്ന കുടുംബമായിരുന്നു അവരുടേത്. അവരുടെ ജീവിതത്തിൽ സംഭവിച്ച ഒരു വാഹനാപകട ദുരന്തത്തിൽ അവരുടെയെല്ലാമെല്ലാമായ ഭർത്താവിനേയും ഏകമകനേയും അവർക്കു നഷ്ടപ്പെട്ടു.ആ വേർപാടിനെ അവരുടെ മനസ്സ് അംഗീകരിച്ചില്ല, അന്ന് മുതൽ അവരുടെ മനസ്സിന്റെ താളം തെറ്റുകയായിരുന്നു, ശരീരത്തിലുണ്ടായിരുന്ന പരുക്കുകൾ മാറി. പക്ഷേ മനസ്സിനേറ്റ മുറിവ് മാറിയില്ല.

ആശുപത്രി വിടും വരെ അമ്മച്ചിയെ സന്ദർശിക്കുമായിരുന്നു.പിന്നീട് ഞാനാ അമ്മച്ചിയെ കണ്ടിട്ടില്ല. ഇപ്പോൾ ജീവിച്ചിരുപ്പുണ്ടോ? രോഗാവസ്ഥയിൽ നിന്നും മുക്തയായോ ഒന്നുമറിയില്ല. പക്ഷേ പതിനഞ്ച് വർഷങ്ങൾക്കിപ്പുറവും ആ മുഖം മനസ്സിലുണ്ട്.

🖋️പ്രിജോ റോബർട്ട്

Wednesday, 20 November 2019

അടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കും ..

എത്രയോ തവണ വിവിധ വ്യക്തികളുടെ  ഘനഗാംഭീര്യ ശബ്ദത്തിൽ കൊല്ലാട്ടിയമ്പലത്തിൽ കേട്ടിരിക്കുന്ന വാചകമാണ് അടുത്ത ബെല്ലോടു കൂടി ... എന്ന നാടക മത്സരവേദിയിൽ നിന്നുള്ള ആ വാചകം. ഇന്നിതോർക്കാനുണ്ടായ കാര്യം ഠാണാവിൽ കണ്ട പുല്ലൂർ നാടക രാവിന്റെ ബാനറാണ്. കൺമുമ്പിൽ കുട്ടികൾ വളർന്നു വലുതാകുന്നു എന്ന് പറഞ്ഞ പോലെ പുല്ലൂർ ചമയം നാടക വേദിയുടെ ഈ സപര്യ 24 -ാം വർഷത്തിലേക്കെത്തിയിരിക്കുന്നു.

മിമിക്രിയും, ഗാനമേളകളും, സിനിമാറ്റിക് ഡാൻസും, സീരിയലുകളും, സിനിമകളും എന്തിന് ഇന്നത്തെ സോഷ്യൽ മീഡിയ ലോകത്തെ വെബ്ബ് സീരീസുകളെയുമൊക്കെ അതിജീവിച്ച് നാടകം എന്ന കലാരൂപത്തിന് ഇന്നും ഇരിങ്ങാലക്കുടയിൽ ആളുകൾ തടിച്ചുകൂടുന്നുണ്ടെങ്കിൽ അത്രത്തോളം ഈ കല ഇവിടുത്തെ ജനജീവിതത്തെ സ്വാധീനിച്ചിരുന്നു അല്ലെങ്കിൽ സ്വാധീനിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം.

വിശ്വനാഥപുരം ഷഷ്ഠിയോടനുബന്ധിച്ച് എല്ലാ വർഷവും നടക്കാറുള്ള അഖില കേരള പ്രൊഫഷണൽ നാടക മത്സരം, എച്ച്.ഡി.പി സമാജത്തിൽ പൂയാഘോഷങ്ങളുടെ ഭാഗമായുള്ള നാടക മത്സരം എന്നിവയുടെ കൂട്ടത്തിൽ കഴിഞ്ഞ 24 വർഷമായി പുല്ലൂർ ചമയം നാടക വേദിയും ഇരിങ്ങാലക്കുടയിലെ നാടക കമ്പക്കാർക്ക് വേദിയൊരുക്കുന്നു.

ഒരു കെട്ട് ന്യൂസ് പേപ്പറും, തലയിലൊരു കെട്ടും ടോർച്ചും  കുട്ട്യോളും കെട്ട്യോളുമായി സന്ധ്യ മാഞ്ഞ് തുടങ്ങുമ്പോൾ നാടകം കാണാൻ പോകുന്ന കുടുംബങ്ങൾ സ്ഥിരം കാഴ്ചയായിരുന്നു ചെറുപ്പത്തിൽ.നേരത്തേ പോയാൽ മുന്നിൽ സ്ഥാനം പിടിക്കാം എന്നതുകൊണ്ടുതന്നെ നാടകം തുടങ്ങുമ്പോഴേക്കും കൊല്ലാട്ടിയിലെ അമ്പലപറമ്പ് മുഴുവൻ ജനനിബിഡമായി കഴിഞ്ഞിരിക്കും. ന്യൂസ് പേപ്പറുകളായിരുന്നു അന്നത്തെ ഇരിപ്പിടങ്ങൾ. പിന്നീടത് ടാർപോളിൻ ഷീറ്റിലേക്കും കസേരകളിലേക്കും വഴിമാറി.

ഇന്നുമോർക്കുന്നു നാടകം കത്തികയറി കൊണ്ടിരിക്കേ പെട്ടെന്ന് വന്ന പെരും മഴ. ആളുകൾ മഴ നനയുന്നത് കണ്ട് നാടകം നിർത്തിവെച്ചപ്പോൾ മഴ ഞങ്ങൾ കൊണ്ടോളാം നാടകം തുടരട്ടെ എന്ന് പറഞ്ഞ കാണികളെ.ഇന്നത്തെ തലമുറക്ക് അത്ഭുതമായി തോന്നാം. എങ്കിലും പറയട്ടെ ആക്ഷനും കട്ടും എഡിറ്റിങ്ങും വി.എഫ്.എക്സും ഗ്രാഫിക്സുമൊന്നുമില്ലാതെ ആയിരകണക്കിനു വരുന്ന കാണികളുടെ മുന്നിൽ പച്ചയായ ജീവിതം അരങ്ങിലൂടെ ജീവിച്ച കേരളം കണ്ട പല മഹാന്മാരുടെയും അഭിനയ പാടവം ആസ്വദിക്കാനുള്ള മഹാഭാഗ്യം ഇരിങ്ങാലക്കുടക്കാർക്കുണ്ടായിട്ടുണ്ട്. ഇന്നുമുണ്ട്.

സെബാസ്റ്റ്യൻ ജോസഫ് ഭാഗവതർ, അദ്ദേഹത്തിന്റെ സഹോദരൻ സെബാസ്റ്റ്യൻ വർഗ്ഗീസ്, എം.എസ് നമ്പൂതിരി, ജോണൽ, ജോസ് പായമ്മൽ, കലാലയം രാധ, കാട്ടൂർ ബാലൻ, കുട്ട്യേടത്തി വിലാസിനി, ചന്ദ്രമോഹൻ, കോട്ടോളി ഡേവീസ് മാസ്റ്റർ, മണി എം മേനോൻ എന്ന് തുടങ്ങി നാടക രംഗത്തെ എണ്ണിയാലൊടുങ്ങാത്ത പ്രതിഭകൾക്ക് ജന്മം നൽകിയ നാടു കൂടിയാണ് ഇരിങ്ങാലക്കുട. ഇന്നും ചലച്ചിത്ര വേദികളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഇരിങ്ങാലക്കുടക്കാരും വന്ന വഴി നാടകം തന്നെ.

ദേശീയ പ്രക്ഷോഭവും അയിത്തോച്ചാടന സമരങ്ങളും സജീവമായി കത്തി നിന്നിരുന്ന സമയത്ത് ശക്തമായി സാമൂഹിക ചിന്താഗതികളെ സ്വാധീനിക്കുന്ന കലാരൂപമെന്ന നിലയിലാണ് മറ്റെവിടത്തെയും പോലെ നാടകവും നമ്മുടെ നാട്ടിൽ വേരുപിടിച്ചത്. കേരളം കണ്ട എല്ലാ നാടകങ്ങളും ഇരിങ്ങാലക്കുടയും കണ്ടിട്ടുണ്ട്. അത് കെ.പി.എ.സി യുടേതാണെങ്കിലും കലാനിലയത്തിന്റേതാണെങ്കിലും.ഇരിങ്ങാലക്കുടയുടെ നാടക വിശേഷങ്ങൾ ഇവിടംകൊണ്ടൊന്നും പറഞ്ഞാൽ തീരില്ല.അതിന് ആഴ്ചകളും മാസങ്ങളുമെടുത്തേക്കും അതിലുമധികം സമയം മൺമറഞ്ഞു പോയ പ്രതിഭകളെ കുറിച്ചറിയാനും വേണ്ടിവരും. എന്തായാലും നാടക വിശേഷങ്ങൾ തുടർന്നും പ്രതീക്ഷിക്കാം. 

24 വർഷമല്ല ആജീവനാന്തം ഇവിടെ നാടകം എന്ന കലാരൂപം നിലനിർത്തണമെന്ന ആത്മാർത്ഥമായ ആഗ്രഹത്തോടെ പ്രവർത്തിക്കുന്ന പുല്ലൂർ  ചമയം കലാവേദിക്കും ഒപ്പം തന്നെ അതേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എസ്.എൻ.വൈ.എസി നും എച്ച്.ഡി.പി സമാജത്തിനും ഒരു നാടക പ്രേമി എന്ന നിലയിൽ എല്ലാ വിധ ഭാവുകങ്ങളും വിജയാശംസകളും നേരുകയാണ്.

സംഘാടകർ ദയവായി വേദിക്കു പുറത്തുള്ള ലൈറ്റുകളണച്ച് ഞങ്ങളോട് സഹകരിക്കുക. അടുത്ത ബെല്ലോടു കൂടി .....

Tuesday, 19 November 2019

ഈ നിശബ്ദ വിപ്ളവം ലക്ഷ്യം കാണും ... ഉറപ്പ്

ശിശുദിനത്തിന്റെയന്ന് അതായത് വെറും നാല് ദിവസങ്ങൾക്കു മുമ്പാണ് വിദ്യാലയം പ്രതിഭകളിലേക്ക് എന്നൊരു വേറിട്ടതും നൂതനവുമായ ആശയം കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കിയത്. അതിന്റെ അനുരണനങ്ങൾ നമ്മുടെ ഇരിങ്ങാലക്കുടയിലും നല്ല മികച്ച രീതിയിൽ തന്നെ പ്രകടമാകുന്നുണ്ട്.ഒരു മനുഷ്യന്റെ വിദ്യാഭ്യാസ കാലഘട്ടത്തിനു ശേഷം എന്താണോ അയാളിൽ അവശേഷിച്ചിട്ടുള്ളത് അതാണ് അയാൾക്കു ലഭിച്ചിട്ടുള്ള ശരിയായ വിദ്യാഭ്യാസം എന്നാണ് മഹാനായ സോക്രട്ടീസ് പറഞ്ഞ് വെച്ചിട്ടുള്ളത്.ഇന്നത്തെ കുട്ടികൾ ഉറപ്പായും അവരുടെ വിദ്യാഭ്യാസ കാലഘട്ടത്തിനു ശേഷം നാട്ടിലെ പ്രതിഭകളെ കണ്ടതും അവരുടെ അനുഭവങ്ങൾ നേരിട്ടു കേട്ടതും അവർ പകർന്നു കൊടുത്ത മൂല്യങ്ങളും മറക്കില്ല എന്നതു തന്നെയാണ് ഈ പരിപാടിയുടെ വിജയവും നന്മയും.

എന്തായാലും ഈ പരിപാടിയുടെ വെളിച്ചത്തിൽ കേരളത്തിലേയും സർവ്വോപരി ഇരിങ്ങാലക്കുടക്കാരന്റെ തട്ടകമായ ഇരിങ്ങാലക്കുടയിലേയും വിദ്യാഭ്യാസ രംഗത്തെ പറ്റി ഒരു അപഗ്രഥനം നടത്തുകയാണ് ഈ ബ്ളോഗിലൂടെ. ബ്ളോഗ് നിങ്ങൾ മുഴുവനും വായിക്കണം, യോജിപ്പുകളും വിയോജിപ്പുകളും തുറന്നു പറയുകയും വേണം. ആശയപരവും ആരോഗ്യപരവുമായ സംവാദങ്ങൾ സമൂപത്തിൽ നല്ല ചലനങ്ങളും മാറ്റങ്ങളും ഉൾകാഴ്ചയും സൃഷ്ടിക്കാൻ അതുപകരിക്കും എന്നാണ് ഇരിങ്ങാലക്കുടക്കാരന്റെ പക്ഷം.

കഴിഞ്ഞ നൂറ്റാണ്ടിനു മുന്നേ തന്നെ നമ്മുടെ നാട്ടിൽ പേരുകേട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ പിറവിയെടുത്തിരുന്നു.സർക്കാർ തലത്തിലും, സ്വകാര്യ മാനേജ്മെന്റുകളുടെ നേതൃത്വത്തിലും ഇരിങ്ങാലക്കുടയിലെ തലമുറകൾക്ക് വിദ്യാഭ്യാസത്തിന്റെയും, മൂല്യങ്ങളുടെയും കാര്യത്തിൽ ഒട്ടേറെ ഉന്നതിയിലേക്കെത്താനായിട്ടുണ്ട് എന്നത് വസ്തുതയാണ് യാഥാർത്ഥ്യവുമാണ്. എന്നാൽ ഇന്നിന്റെ ചരിത്രം പറഞ്ഞു തുടങ്ങേണ്ടതിന് ഒരു 25 വർഷം പുറകിലോട്ട് നമുക്ക് സഞ്ചരിക്കേണ്ടതുണ്ട്. എങ്കിലേ ഇന്നത്തെ മാറ്റം പ്രകടമായ രീതിയിൽ നമുക്കുൾകൊള്ളാനാകൂ.

ഒരു വീട്ടിൽ അഞ്ചും പത്തും മക്കളുള്ള അവസ്ഥയിലും ഇരിങ്ങാലക്കുടയിലെ സർക്കാർ വിദ്യാലയങ്ങൾ അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമായിരുന്നു.എന്നാൽ ഒന്നും രണ്ടും കുട്ടികളടങ്ങിയ അണുകുടുംബങ്ങളുടെ ഇക്കാലത്ത് കഴിഞ്ഞ 25 വർഷങ്ങൾക്കിടയിൽ അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തിയില്ലാത്ത വിധം സർക്കാർ വിദ്യാലയങ്ങൾ അധപതിച്ചതെങ്ങനെ? കൂണുപോലെ ന്യൂ ജെൻ സ്കൂളുകൾ ഇവിടെ മുളച്ചുപൊന്തിയതെങ്ങനെ?

കേരള മോഡൽ എന്നൊരു വാക്കിന് ദേശീയ തലത്തിലും അന്തർ ദേശീയ തലത്തിലും പ്രചാരം ലഭിക്കുമ്പോൾ അതിൽ മുൻപന്തിയിലുണ്ടായിരുന്ന നേട്ടങ്ങളിലൊന്നായിരുന്നു കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗം.പ്രൈമറി വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നോർവ്വെ, സ്വീഡൻ പോലുള്ള ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങൾക്ക് സമാനമായ സൂചികകൾ കേരളം അന്ന് കൈവരിച്ചിരുന്നു.ഇങ്ങനെയുള്ള ഒരവസ്ഥയിലാണ് 1994 ൽ ഡി.പി.ഇ.പി ( ജില്ലാ പ്രൈമറി വിദ്യാഭ്യാസ പരിപാടി ) എന്നൊരു പരീക്ഷണത്തിന് കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗം കുളം തോണ്ടാനായി തുറന്നു കൊടുത്തത്.

ഡി.പി.ഇ.പി ഏഴു വർഷ പ്രൊജക്റ്റായിരുന്നു. അതിനു ശേഷം വീണ്ടും അതിന്റെ പലവകഭേദങ്ങൾ വന്നു. എന്തായാലും ഡി.പി.ഇ.പി നടപ്പാക്കി ഇരുപത് വർഷങ്ങൾക്കു ശേഷം അതേ പറ്റി നടത്തിയ വിവിധ സർവ്വേ റിപ്പോർട്ടുകൾ പറയും ഡി.പി.ഇ.പി എങ്ങനെയാണ് നമ്മുടെ പൊതു വിദ്യാഭ്യാസത്തിന്റെ നിലവാരം തകർത്തതെന്ന്.

2014 ൽ എസ്.എസ്.എ യും( സർവ്വ ശിക്ഷാ അഭിയാൻ) എൻ.സി.ഇ.ആർ.ടി( National Council of Educational Research and Training)യും ചേർന്ന് നടത്തിയ നാഷണൽ അച്ചീവ്മെന്റ് സർവ്വെയിൽ കേരളം മൂന്നാം ക്ളാസിലെ ഗുണനത്തിന്റെ കാര്യത്തിൽ 25-ാം സ്ഥാനത്തായിരുന്നു. ‘ഗുണനപ്പട്ടിക പഠിക്കേണ്ടതില്ല, ‘അത് ജീവിത സന്ദർഭങ്ങളിൽ നിന്ന് കുട്ടി പഠിക്കും” എന്ന് സിദ്ധാന്തിച്ചതിന്റെ ഫലം. ഹരണത്തിൽ കേരളത്തിന് 21-ാം സ്ഥാനം.

വ്യവകലനത്തിൽ( സബ്ട്രാക്ഷൻ) ഒന്നാംസ്ഥാനത്ത് കർണ്ണാടകം. കേരളം 17-ാം സ്ഥാനത്ത്.നാഷണൽ അച്ചീവ്മെന്റ് സർവ്വെ 2012 ൽ കേരളത്തിലെ അഞ്ചാം ക്ലാസിലെ കുട്ടികളുടെ സർവ്വെ ഫലവും വ്യത്യസ്തമല്ല .ഗണിതം,ഭാഷ, എൻവയൺമെന്റൽ സയൻസ് എന്നിവയിലാണ് സർവ്വെ നടത്തിയത്.

ഭാഷയുടെ കാര്യത്തിൽ വായനയിൽ ഒന്നാം സ്ഥാനം ഉത്തർപ്രദേശിനായിരുന്നു.500ൽ 282 സേ്കാർ ആണ് യു.പി നേടിയത്. കേരളം തമിഴ്നാടിനും പുറകിലായി. ഗണിതത്തിൽ 298 സേ്കാറുമായി യു പി തന്നെയായിരുന്നു മുന്നിൽ.279 സ്കോറുമായി തമിഴ്നാട് രണ്ടാം സ്ഥാനത്തും .കേരളത്തിന് കിട്ടിയത് 244.

ഇത്രയുമായപ്പോഴേക്കും കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗം തകർന്നു തരിപ്പണമായി കഴിഞ്ഞിരുന്നു.പല സർക്കാർ സ്കൂളുകളും പൂട്ടി. എല്ലാവരും പത്തും പന്ത്രണ്ടും ജയിക്കും. അവിടുന്നങ്ങോട്ടുള്ള മത്സര പരീക്ഷകളിലും അഖിലേന്ത്യാ എൻട്രൻസ് / സിവിൽ സർവ്വീസ് പരീക്ഷകളിലും നമ്മുടെ കുട്ടികൾ പുറന്തള്ളപ്പെടുന്ന അവസ്ഥ.ഈയവസ്ഥ മുന്നേ കൂട്ടി പ്രവചിച്ചവരുണ്ട്, ഡി.പി.ഇ.പി ക്കെതിരെ നിരന്തരം പ്രതിഷേധിച്ചവരുണ്ട്. പക്ഷേ പലർക്കും ഉൾകാഴ്ചവരാൻ ഇത്രയും വർഷങ്ങൾ വേണ്ടിവന്നു.

അക്കാദമിക്ക് ജൈവികതയും (Academic Vibrancy), വിശാലരാഷ്ട്രീയ വീക്ഷണവും (Political Vision) ബൌദ്ധിക സത്യസന്ധതയും (Intellectual Honesty) ഒത്തിണങ്ങിയ ഒരക്കാദമിക്ക് സമൂഹത്തിന് മാത്രമേ വിദ്യാഭ്യാസമേഖലയില്‍ കാലം ആവശ്യപ്പെടുന്ന പരിവര്‍ത്തനം വരുത്താന്‍ കഴിയൂ.ഭാഗ്യവശാൽ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന് മേൽപറഞ്ഞ ഗുണഗണങ്ങളുണ്ട് എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു നിശബ്ദ വിപ്ളവം തന്നെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് നടന്നുകൊണ്ടിരിക്കുയാണ്.

2017 ജനുവരി 27നാണ് നവകേരള മിഷനിലുൾപ്പെടുത്തി കൊണ്ട് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് തുടക്കമായത്.ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും ഓരോ ക്ലാസിലും കൈവരിക്കേണ്ട ശേഷികളും ധാരണകളും നേടി അന്തർദേശീയ നിലവാരത്തിൽ സ്കൂൾ പഠനം പൂർത്തിയാക്കുന്നതിനുള്ള സംവിധാനം വരുന്ന അഞ്ച് വർഷത്തിനകം പൊതുവിദ്യാലയങ്ങളിൽ ഉറപ്പു വരുത്തുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. തദ്ദേശസ്ഥാപനങ്ങൾ, പൂർവ്വവിദ്യാർത്ഥി സംഘടനകൾ, പി.ടി.എകൾ, പ്രവാസികൾ, കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടുകൾ എന്നിവയൊക്കെ സമന്വയിപ്പിച്ച് വിദ്യാഭ്യാസ നവീകരണ പ്രവർത്തനങ്ങൾക്ക് അധിക മൂലധനം സമാഹരിച്ചു.

പദ്ധതി മൂന്നാം വർഷത്തിലേക്കു കടക്കുമ്പോൾ മുഴുവൻ സ്കൂളുകളിലും ഹൈടെക് ക്ലാസ് റൂം എന്ന ചരിത്രനേട്ടത്തിനരികിലാണ് ഇന്ന് സംസ്ഥാനം.ഇത് കൂടാതെ കേരളത്തിലെ പ്രൈമറി സ്കൂളുകളിൽ ഹൈടെക് ലാബുകൾ നിർമ്മിക്കുന്ന പദ്ധതിക്കും തുടക്കം കുറിച്ചു. 9941 പ്രൈമറി - അപ്പർ പ്രൈമറി സ്കൂളുകളിലാണ് ഹൈടെക് ലാബുകൾ നിർമ്മിക്കുന്നത്. കിഫ് ബി ഫണ്ട് ഉപയോഗിച്ചാണ് ഹൈടെക് ക്ലാസ് റൂം പദ്ധതി നടപ്പിലാക്കുന്നത് . 292 കോടി രൂപ പദ്ധതിക്കായി കിഫ് ബിയിൽ നിന്നും ഇതിനായി മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്.

പൊതു വിദ്യാഭ്യാസ രംഗത്ത് ഉന്നത വിദ്യാഭ്യാസ രംഗത്തും പ്രകടമാണ്.ഈ വർഷം പതിനേഴോളം വിദ്യാർത്ഥികളാണ് ഐ.എ.എസ് നേടിയത്. അതിൽ ആദിവാസി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥിയും ഉണ്ടായിരുന്നു എന്നതാണ് പുതിയ മാറ്റത്തിന്റെ ഏറ്റവും വലിയ തെളിവ്.കൂടാതെ അഖിലേന്ത്യ തലത്തിൽ നടത്തപ്പെടുന്ന നീറ്റ് എൻട്രൻസ് പരീക്ഷയിൽ 72,000 ത്തിൽ പരം വിദ്യാർത്ഥികളാണ് കേരളത്തിൽ നിന്നും യോഗ്യത നേടിയത്. വരും വർഷങ്ങളിൽ ഇതിലും മികച്ച പുരോഗതി കരസ്ഥമാക്കാനുള്ള പദ്ധതികളും ആവിഷ്ക്കരിച്ചു നടപ്പാക്കി വരുന്നു.

ഇന്ന് നമ്മുടെ നാട്ടിലെ സർക്കാർ വിദ്യാലയങ്ങളെല്ലാം തന്നെ മികച്ച കെട്ടിടങ്ങളും, ഭൗതിക സാഹചര്യങ്ങളാലും സമ്പന്നമാണ്. അന്തർദേശീയ നിലവാരത്തിൽ നടവരമ്പ് സ്കൂൾ നിർമ്മാണം പുരോഗമിക്കുന്നു. മാടായികോണം ചാത്തൻ മാസ്റ്റർ സ്കൂളിലും പുതിയ കെട്ടിടം നിർമ്മാണം പുരോഗമിക്കുകയാണ്. പതിയെ പതിയെ സർക്കാർ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിലും പ്രകടമായ പുരോഗതി ദൃശ്യമാകുന്നുണ്ട്. സൗജന്യ പുസ്തകം, സൗജന്യ യൂണിഫോം, സൗജന്യ യാത്ര, സൗജന്യ ഭക്ഷണം, അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ, അധ്യയനം ഇത്രയും സർക്കാർ വിദ്യാർത്ഥികൾക്കു വേണ്ടി ചെയ്യുമ്പോൾ നമ്മളെന്തിന് ആ മാറ്റത്തോട് പുറംതിരിഞ്ഞു നിൽക്കണം? ആ നേട്ടങ്ങളെ അഭിനന്ദിക്കാൻ വിമുഖത കാണിക്കണം? ഈ കേരള മോഡൽ ക്ളിക്കായില്ലെങ്കിൽ പിന്നെയെന്ത് ക്ളിക്കാവാനാണ്. നല്ലതിനെ പ്രോത്സാഹിപ്പിക്കാം. നല്ലതിനൊപ്പം നിൽക്കാം.

സ്നേഹത്തോടെ,

ഇരിങ്ങാലക്കുടക്കാരൻ ...








Sunday, 17 November 2019

കബർ വിശാലമായില്ലെങ്കിലും സംസ്കരിക്കാനാകണം ...



മരിച്ചവരെ കുറിച്ചുള്ള വാർത്തകളിൽ സ്ഥിരം വരുന്ന ആവർത്തന കമന്റുകളാണ് RIP, ആദരാഞ്ജലികൾ, പ്രണാമം, പിന്നെ പാപങ്ങൾ പൊറുത്ത് കബർ വിശാലമാക്കണേ നാഥാ എന്ന് തുടങ്ങിയവ.

രണ്ട് ദിവസം മുമ്പ് ഇരിങ്ങാലക്കുട സെന്റ്.തോമാസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ നടന്ന മൃതദേഹ സംസ്കാരമാണ് ഈ ബ്ളോഗിനാധാരം. പൊതുവേ അമ്പലം, പള്ളി, മസ്ജിദ് എന്നിവടങ്ങളിൽ നിന്നുള്ള നെഗറ്റീവ്  വാർത്തകൾ മാധ്യമങ്ങൾ രണ്ട് വട്ടമാലോചിച്ചേ കൊടുക്കൂ.അതവരുടെയിഷ്ടം, അവരുടെ നിലപാട്.

എന്തായാലും കണ്ട കാര്യങ്ങൾ പറയുന്നതിൽ അതാരായാലും എവിടെയായാലും അത് പറയുന്നതിൽ ഇരിങ്ങാലക്കുടക്കാരനൊരു മടിയുമില്ല മാത്രവുമല്ല മടിയിൽ കനവുമില്ല.

ലക്ഷങ്ങൾ പണം കൊടുത്തു വാങ്ങിയ കല്ലറയിൽ മൃതദേഹം സംസ്ക്കരിക്കുന്നതിനുള്ള ശുശ്രൂഷകളെല്ലാം പൂർത്തിയാക്കി ശവമഞ്ചം കുഴിയിലേക്കിറക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ശവമഞ്ചം കുഴിയിലേക്കിറക്കാനാവശ്യമായ വീതി കല്ലറക്കില്ലായിരുന്നു.

തുടർന്ന് മണിക്കൂറുകളോളം കഷ്ടപ്പെട്ട് ഉളിയും, കമ്പി പാരയുമൊക്കെയുപയോഗിച്ച് കല്ലറയുടെ വശങ്ങൾ ഇടിച്ചു പൊളിച്ചാണ് ശവമഞ്ചം കുഴിയിലേക്കിറക്കാനായത്. ഇത്തരത്തിൽ ഈ സെമിത്തേരിയിൽ നടക്കുന്ന ആദ്യ സംഭവമല്ല ഇത്. ഈ പ്രശ്നങ്ങളെല്ലാം നടക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ട ഒരാൾ പോലും ഈ പ്രശ്നത്തിലിടപ്പെടാൻ വന്നില്ല എന്നതാണിതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്.

ആരാധനാലയമാണെങ്കിലും കല്ലറ പണം വാങ്ങിയാണ് വിൽക്കുന്നതെങ്കിൽ അത് വ്യാപാരമാണ്. വ്യാപാരമാകുമ്പോൾ അതിൽ പുലർത്തേണ്ട മാന്യത വിൽക്കുന്നവർ ഉറപ്പു നൽകേണ്ടതുണ്ട്. അല്ലാത്തിടത്തോളം അത്തരം പ്രവൃത്തികൾ സമൂഹത്തിൽ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.ഭക്തിയുമായും, വിശ്വാസവുമായും അതിനെ കൂട്ടികുഴക്കേണ്ടതില്ല. ഇനിയും ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സെന്റ്.തോമാസ് കത്തീഡ്രൽ അധികൃതർ നടപടികൾ തീർച്ചയായും സ്വീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് .....

ഇരിങ്ങാലക്കുടക്കാരൻ ...

Friday, 15 November 2019

ജീവിക്കാൻ 28000 രൂപ ഒരു ദിവസം ചെലവാക്കാൻ സാധിക്കാത്തവർ മാത്രം ഈ പോസ്റ്റ് വായിക്കുക ...

ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ  ടവോബാവോയില്‍ 2015ൽ ആ പരസ്യം പ്രത്യക്ഷപ്പെട്ടപ്പോൾ അതു കണ്ട് ചിരിച്ചവരുടെ കൂട്ടത്തിൽ ഇരിങ്ങാലക്കുടക്കാരനുമുണ്ടായിരുന്നു.എന്തായിരുന്നു പരസ്യം എന്നല്ലേ?വായു മലിനീകരണം കൊണ്ട് മനുഷ്യജീവിതം ദുരിതത്തിലായ ചൈനീസ് നഗരവാസികൾക്കായി 28 ഡോളറിന് ഒരു കുപ്പി ഓക്സിജൻ എന്ന നിരക്കിൽ വിൽപ്പനക്ക് വെച്ച പരസ്യമായിരുന്നുവത്.

കനേഡിയൻ കമ്പനിയായ വൈറ്റാലിറ്റി എയര്‍ കാനഡയിലെ ബാന്‍ഫ്, ലേക് ലൂയിസ് മേഖലകളിലെ മലനിരകളില്‍നിന്നും  ശേഖരിച്ചു കുപ്പിയിലാക്കിയ ശുദ്ധവായു കുപ്പികള്‍ വിപണിയിലെത്തിച്ച് ആദ്യ ദിവസം തന്നെ ഇറക്കിയ 500 കുപ്പികളും വിറ്റു തീർന്നതിനെ തുടർന്ന്  700 കുപ്പികള്‍ വീണ്ടുമിറക്കിയ വാർത്ത വായിച്ച് അത്ഭുതപ്പെട്ടിട്ടുമുണ്ട്.

ഇന്ന് എന്റെ രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം കൊണ്ട് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി ഓക്സിജൻ ബാറുകൾ ആരംഭിച്ചിരിക്കുന്നു.15 മിനുട്ട് ശ്വസിക്കാൻ 299 രൂപ.1 മണിക്കൂറിന്  1196 രൂപ.ഒരു ദിവസത്തേക്ക്  28704 രൂപ .... !!!

ചൈന ദൂരെയാണ്. ഡൽഹി ചൈനയുടെയത്രേം ദൂരം വരില്ല. നാളെ മുംബൈയാകാം, ചെന്നൈയാകാം പിന്നത് കൊച്ചിയും തൃശൂരുമൊന്നുമാകാൻ വലിയ സമയം ആവശ്യമില്ല. ബംഗാൾ ഉൾക്കടലിലൊക്കെ രൂപപ്പെടുന്ന ന്യൂനമർദ്ധം പറഞ്ഞ സമയം കൊണ്ട് കേരള തീരത്തെത്തുന്ന പോലെ. ഒരു ദിവസം ഒരാൾക്കു വേണ്ടി 28000 മുടക്കാൻ ശേഷിയില്ലാത്തവരാണ് ഞാനടക്കം ഇത് വായിക്കുന്ന നിങ്ങളും. പക്ഷേ എനിക്കും നിങ്ങൾക്കും സാധിക്കുന്ന ഒന്നുണ്ട്. ജീവിതകാലം മുഴുവനും കോടികണക്കിന് രൂപയുടെ ഓക്സിജൻ സൗജന്യമായി നമുക്കെത്തിച്ചു തരുന്ന ഓക്സിജൻ ഫാക്റ്ററികൾ തുടങ്ങാൻ. അതിന് യാതൊരു വിധ മുതൽ മുടക്കും നിങ്ങൾ നടത്തേണ്ടതില്ല. ഒരു മൺവെട്ടിയെടുത്ത് 10 മിനുട്ട് ചെലവഴിച്ച് ഒരു മരം നടാനും, ദിവസത്തിൽ 2 മിനുട്ട് ആ മരത്തെ പരിപാലിക്കാനുമുള്ള സമയം മാത്രം നിങ്ങൾ കണ്ടെത്തിയാൽ മതി.അതിന് സാധിക്കുന്നവർ മാത്രം ഈ പോസ്റ്റ് ഷെയർ ചെയ്യുക ...

നാട് വീണ്ടും നടുങ്ങാതിരിക്കാൻ സാങ്കേതികതയെ ചേർത്തു പിടിക്കാം ...

കൂനൻ പോൾസേട്ടനെ അറിയാത്ത ഇരിങ്ങാലക്കുടക്കാർ വിരളമായിരിക്കും. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഓർമ്മകളുമായി ഒറ്റക്ക് കഴിയുകയായിരുന്നു പോൾസൻ ചേട്ടന്റെ ഭാര്യ ആലീസ്. ഏക മകൻ വിദേശത്ത് പെൺമക്കളെല്ലാം വിവാഹിതർ.ഇന്നലെ ആലീസ് ചേച്ചിയുടെ മരണവാർത്തയറിഞ്ഞ് നാട് ഞെട്ടി. അതൊരു കൊലപാതകമാണെന്നറിഞ്ഞപ്പോൾ ഭീതിയും.

ആദ്യമായല്ല ഇരിങ്ങാലക്കുടയിൽ ഇതുപോലുള്ള ക്രൂരകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.2007 ലെ പൊറത്തിശ്ശേരി മറിയം കൊലക്കേസ്, 2011 ലെ തുമ്പൂർ കൊച്ചു പോൾ വധക്കേസ് എല്ലാം സമാന രീതിയിലുള്ളതായിരുന്നു എന്ന് പറയാം. ഈയെല്ലാ സംഭവത്തിലും കൊല്ലപ്പെട്ടത് വൃദ്ധജനങ്ങളാണ്. എല്ലാവരും മക്കൾ വിദേശങ്ങളിലോ വീട്ടിലില്ലാതെയോ ഒറ്റക്ക് താമസിച്ചിരുന്നവർ. എല്ലാം സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കുന്നതിന് വേണ്ടി നടത്തിയ ക്രൂരമായ കൊലപാതകങ്ങൾ.

മറിയം കൊല കേസിൽ പ്രതി റിപ്പർ സുരേന്ദ്രനേയും, കൊച്ചു പോൾ വധക്കേസിൽ അടുത്ത ബന്ധുവിനേയും പോലീസ് അറസ്റ്റ് ചെയ്തു. അവരിപ്പോൾ ശിക്ഷയനുഭവിച്ചു വരുന്നു, ഈ രണ്ടു കേസുകൾ നടക്കുമ്പോഴും നാട്ടിൽ സി.സി.ടി.വി എന്ന സാങ്കേതിക വിദ്യ പ്രചാരം നേടിയിരുന്നില്ല. എന്നാൽ ഇന്ന് സ്ഥാപനങ്ങളിലും അത്യാവശ്യം വീടുകളിലും സി.സി.ടി.വി കൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഈയടുത്ത് നടന്ന മാപ്രാണം വർണ കൊലപാതക കേസും സി.സി.ടി.വി യിൽ പതിഞ്ഞിരുന്നു. ഇപ്പോൾ നടന്ന ആലീസ് വധക്കേസിലും നിർണ്ണായകമായ തെളിവുകൾ ലഭിക്കാൻ സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി കളിൽ നിന്നും സാധിക്കട്ടെ എന്ന് ഇരിങ്ങാലക്കുടക്കാരൻ ആഗ്രഹിക്കുന്നു.

ഇന്നത്തെ കാലത്ത് എല്ലാ മാതാ പിതാക്കളും മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നു. ഉന്നത വിദ്യാഭ്യാസം നേടിയ എല്ലാവർക്കുമുള്ള തൊഴിലവസരങ്ങൾ നമ്മുടെ നാട്ടിൽ ലഭ്യമല്ലാത്തതു കൊണ്ടും, നാട്ടിലെ സാമ്പത്തിക അവസ്ഥ കണക്കിലെടുത്ത് മെച്ചപ്പെട്ട ജീവിതവും സാമ്പത്തിക ഭദ്രതയും കണക്കാക്കി വിദേശത്തേക്ക് പോകുന്ന മക്കൾ ഇന്ന് സാധാരണമാണ്. മിക്ക വീടുകളിലും അറുപത് പിന്നിട്ട ദമ്പതികൾ ഒറ്റക്കു തന്നെയാണിന്നു കഴിയുന്നത്.ടെക്നോളജി സാധാരണക്കാരനു പോലും പ്രാപ്യമായ ഈ കാലഘട്ടത്തിൽ എല്ലാവരോടും ഇരിങ്ങാലക്കുടക്കാരന് പറയാനുള്ളത് നിങ്ങളുടെ വീടുകളിൽ സി.സി.ടി.വി പോലുള്ള നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഇനിയും അമാന്തിക്കരുത്.

കൊല്ലാൻ തുനിഞ്ഞിറങ്ങി വരുന്നവനെ തടയാൻ അതു കൊണ്ടായി എന്ന് വരില്ല. പക്ഷേ അത്തരം നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒരു പക്ഷേ നിങ്ങൾക്ക് മുൻകരുതലുകൾ സ്വീകരിക്കാനും, കുറ്റവാളികളെ പിടികൂടുന്നതിന് നിയമപാലകരെ സഹായിക്കുന്നതിനും അതു പകരിക്കും.

അനുബന്ധമായി ഒരു സംഭവം കൂടി ഓർമ്മിപ്പിക്കുന്നു. കണ്ഠേശ്വരത്ത് സ്വർണ്ണം തട്ടിയെടുക്കുന്നതിന് വേണ്ടി നടന്ന കൊലപാതകം നടന്നത് 1 വർഷം മുമ്പാണ്. കൊല്ലപ്പെട്ടതും കൊലപാതകിയും അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. കേരളത്തിൽ നടന്ന പല സമാന സംഭവങ്ങളിലും പ്രതികൾ അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. തിരിച്ചറിയൽ രേഖ പോലീസിൽ ഏൽപ്പിക്കണമെന്നൊക്കെ നിയമമുണ്ടെങ്കിലും അത് പാലിക്കപ്പെടാറില്ല എന്നത് വസ്തുതയാണ്. നാട്ടുകാരെ കിട്ടാനില്ല, കിട്ടിയാൽ തന്നെ ഭയങ്കര കൂലിയും എന്നതാണ് അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുന്നവർ സ്ഥിരം പറയുന്ന വാചകം. ആയിക്കോട്ടെ നിങ്ങൾക്കിഷ്ടമുള്ളവരെ വെച്ച് നിങ്ങൾ പണിയെടുപ്പിച്ചോളൂ. പക്ഷേ ഉറപ്പു വരുത്തുക അന്യസംസ്ഥാന തൊഴിലാളി നിയമാനുസൃതം തിരിച്ചറിയൽ രേഖയുള്ളവനാണെന്നും, അത് ബോധ്യപ്പെടുത്തിയിട്ടുള്ളതാണെന്നും.

മേൽ പറഞ്ഞ കാര്യങ്ങളിൽ നിങ്ങൾ ഉദാസീനത പുലർത്തിയാൽ ഇനിയും വർഷങ്ങളുടെ ഇടവേളയിൽ നാട് നടുങ്ങും. ഒരു പക്ഷേ ആരും കാണാതെ പിടഞ്ഞ് തീരുന്നത് എനിക്കോ നിങ്ങൾക്കോ ജന്മം നൽകി കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ നമ്മുടെ മാതാപിതാക്കളായിരിക്കും. അങ്ങനെയൊരവസ്ഥ ആർക്കും സംഭവിക്കാതിരിക്കട്ടെ. പോൾസൻ ചേട്ടന്റെ കുടുംബത്തിന്റെ ദുഖത്തിൽ ആത്മാർത്ഥമായി പങ്കു ചേരുന്നു.ആലീസ് ചേച്ചിക്ക് ആദരരാഞ്ജലികളർപ്പിക്കുന്നു. കുറ്റവാളിയെ എത്രയും പെട്ടെന്ന് പിടികൂടാൻ ഇരിങ്ങാലക്കുട പോലീസിന് കഴിയട്ടെ എന്നുമാശംസിച്ചു കൊണ്ട് ...

ഇരിങ്ങാലക്കുടക്കാരൻ ...

Wednesday, 13 November 2019

തെരുവ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റ ഉടുമ്പിന് ഇരിങ്ങാലക്കുടക്കാരുടെ കാരുണ്യ സ്പർശം ...

തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ കോൺവെന്റ് സ്കൂളിന് പുറകിലെ കാനയിൽ അവശ നിലയിൽ കിടന്നിരുന്ന ഉടുമ്പിന് ഇരിങ്ങാലക്കുടക്കാരുടെ സ്നേഹസ്പർശം.
വിവരം ശ്രദ്ധയിൽ പെട്ട സ്കൂളിനു സമീപം സ്കൂൾ വാനുകൾ പാർക്ക് ചെയ്യുന്ന ഡ്രൈവർമാരുടെ നേതൃത്വത്തിൽ വന്യ ജീവി വകുപ്പിനേയും, വന്യ ജീവി സംരക്ഷകൻ ഫിലിപ്പ് കൊറ്റനല്ലൂരിനേയും വിവരമറിയിച്ചു. ഫിലിപ്പേട്ടൻ ഉടനെ തന്നെ സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തി ഉടുമ്പിനെ സുരക്ഷിതമായി പിടി കൂടി. അധികം താമസിയാതെ വന്യ ജീവി വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി ചേർന്നു.തുടർന്ന് വിദഗ്ദ ചികിത്സ നൽകുന്നതിന് വേണ്ടി ഉടുമ്പിനെ കൊണ്ടുപോയി.
സാധു ജീവികളെ കെട്ടി തൂക്കി കൊല്ലുന്ന വാർത്തകൾ മനസ്സിനെ വിഷമിപ്പിക്കുമ്പോൾ ഇരിങ്ങാലക്കുടക്കാരുടെ കാരുണ്യം നിറഞ്ഞ ഇത്തരം പ്രവൃത്തികളും ലോകമറിയേണ്ടതുണ്ട്.വായിച്ചവർ ഷെയർ ചെയ്യാൻ മറക്കല്ലേ എന്ന് ഇരിങ്ങാലക്കുടക്കാരൻ സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു ...